ഇത്ര നേരത്തേ ഹഡപ്സറില്‍ സൂര്യനുദിക്കുമോ എന്നു തോന്നി, മുഖത്ത് വെളിച്ചം തട്ടിയപ്പോള്‍. അത് മൊബൈല്‍ വെളിച്ചമായിരുന്നുവെന്ന് മോട്ടുവിന്റെ ശബ്ദം തുടര്‍ന്നു കേട്ടതും മനസ്സിലായി. നേരം ഏതാണ്ട് നാലു മണിയായിരിക്കുമെന്ന് ഞാനനുമാനിച്ചു. രാത്രിക്കിടത്തം മദ്യക്കുപ്പികള്‍ ഇട്ടുവെക്കുന്ന കാര്‍ബോര്‍ഡ് കാര്‍ട്ടണുകള്‍ അടുക്കിവെച്ച് അതിന്മേലായിരുന്നു. കിടക്കയും തലയണയും കാര്‍ട്ടണുകള്‍ തന്നെ. നിമിഷ നേരത്തിനുള്ളില്‍ പെറ്റു പെരുകി ആയിരങ്ങളാകാനുള്ള കഴിവ് മൂട്ടകള്ക്കുണ്ടാവുമോ?
നഡ്കര്‍ണിയുടെ ആളുകള്‍ എന്റെ ബോര്‍ഡും ഒറ്റമുറിയും അടിച്ചു തകര്‍ത്തുവെന്ന് മോട്ടു പറഞ്ഞു. എന്നിട്ടവര്‍ പോലീസില്‍ പരാതി കൊടുക്കുകയും പോലീസ് എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തുവത്രെ. പോലീസിന് പിടികൊടുക്കാതെ മുങ്ങിയതുകൊണ്ടാണ് സംഗതി കോടതിയിലെത്തിയത്. തെറ്റായ വാഗ്ദാനങ്ങള്‍ നല്കി പറ്റിച്ചതിനും ഒളിച്ചോട്ടത്തിനും വെവ്വേറെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതി വാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഏതു നിമിഷവും വലയിലാകും.
മോട്ടു പറഞ്ഞവസാനിപ്പിച്ചതും എനിക്ക് മുള്ളാന്‍ മുട്ടി.
”ആട്ടെ, ഈ നേരത്ത് ഇവിടെ?”
അടിയന്തരമായി ഒരു ജാതകച്ചേര്‍ച്ച നോക്കാനുണ്ടെന്ന് മോട്ടു മകളുടെ ജാതകമെടുത്ത് ഗോഡൗണ്‍ വിടവിലൂടെ എനിക്ക് കൈമാറി. ഗ്രഹസ്ഥിതിയിലേക്ക് മൊബൈല്‍ വെളിച്ചം മിന്നിച്ചു. അതിലേക്ക് നോട്ടമയയ്ക്കുന്നതിന് മുമ്പ് അയാള്‍ പറഞ്ഞ കാര്യം എന്നെ അമ്പരപ്പിച്ചു. സാധാരണ തൊഴില്‍, ശമ്പളം, ജാതി, ഉയരം, നിറം എന്നീ വിഷയങ്ങളിലുള്ള അന്തരമാണ് വിവാഹം വരുമ്പോള്‍ ആളുകളെ കുഴക്കാറ്. മോട്ടുവിന്റെ മകള്‍ മുന്നോട്ടുവച്ച സംഗതി വിചിത്രമായിരുന്നു. വരന് അവളേക്കാള്‍ രണ്ടു വയസ്സെങ്കിലും ഇളപ്പമുള്ളതാവണം എന്നതായിരുന്നു ആ വ്യവസ്ഥ.
”എങ്കില്‍പ്പിന്നെ ജാതകച്ചേര്‍ച്ച നോക്കുന്നതെന്തിന്?”
”എന്റെ സമാധാനത്തിന്…”
”നിങ്ങളുടെ സമാധാനം മോള്‍ക്ക് സമാധാനക്കേടുണ്ടാക്കും….”
”ഞാനെന്തു ചെയ്യണം?”
”ഒന്നും ചെയ്യേണ്ട,” ഞാന്‍ ജാതകം മടക്കിക്കൊടുത്തു. ”മോളുടെ വ്യവസ്ഥപ്രകാരം പയ്യന് ഇളപ്പമാണെങ്കില് നടത്തിക്കൊടുക്കൂ…”
മോട്ടു പാതി മനസ്സോടെ പോയി.
മൂട്ടകളുടെ ശല്യം ഭയന്ന് ഗോഡൗണില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഞാന്‍ നേരം വെളുപ്പിച്ചു. പുറത്ത് ശരണം വിളി കേട്ടപ്പോള്‍ ഇത് വൃശ്ചികമാസമാണെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്തെവിടേയോ ഉള്ള അയ്യപ്പ ക്ഷേത്രത്തിലേക്ക് ആളുകള്‍ ഭക്തിയോടെ നീങ്ങുകയാണ്. പാല് വണ്ടികള്‍, പത്രവണ്ടികള്‍ എന്നിവയുടെ മുഴക്കങ്ങള്‍ കൂടി കേട്ടപ്പോള്‍ ഇത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണെങ്കിലും അടുത്തൊക്കെ ആള്‍ത്താമസമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
നേരം ഒമ്പത് ഒമ്പതരയായപ്പോള്‍ ഗോഡൗണില്‍ പണിയെടുക്കുന്ന തൊഴിലാളികളാണെന്നു തോന്നുന്നു, കുറച്ചുപേര്‍ വാതിലിനു പുറത്തുനിന്ന് മറാത്തിയിലോ ഹിന്ദിയിലോ സംസാരിക്കുന്നതു കേട്ടു. എനിക്കൊന്നും മനസ്സിലായില്ല. അവര്‍ ആരോടോ മൊബൈലില്‍ സംസാരിക്കുന്നതും കേട്ടു. ഗോഡൗണ്‍ ഇന്ന് തുറക്കില്ലെന്ന് മനസ്സിലാക്കിയിട്ടോ എന്തോ ഓരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങി.
ഗോഡൗണില്‍ ഒരു ടിവിയുണ്ടായിരുന്നെങ്കില് എന്ന് ഞാനാശിച്ചു. കയ്യില്‍ മൊബൈലുമില്ല. രാത്രി ഉറക്കം കിട്ടാത്തതിനാല്‍ ഒന്നു തല ചായ്ക്കുകയേ വേണ്ടൂ. പക്ഷേ, മൂട്ടകള്‍! ഞാന്‍ ഗോഡൗണില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. നേരം ഏതാണ്ട് ഉച്ചയോടടുത്തപ്പോള്‍ പൂരിയും മസാലയുമായി വീണ്ടും ആ ചെക്കന് വന്നു.
മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ വേണ്ട ഏര്‍പ്പാടുകളുമായി മോട്ടു വക്കീലിനോടൊപ്പമായിരിക്കുമെന്ന് ഞാനനുമാനിച്ചു. ജാമ്യക്കടലാസുകള്‍ ശരിയായാല്‍ ഈ ഇരുട്ടില്‍നിന്ന് എനിക്ക് മോക്ഷം നേടാം. ഇനി ഒരു പ്രാക്ടീസ് സാധ്യമല്ലെങ്കിലും അഴികളെണ്ണാതെ കാലം കഴിക്കാം.
സന്ധ്യയായപ്പോള്‍ മോട്ടു വീണ്ടും വന്നു. മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് അയാള്‍ മുഖവുരയില്ലാതെ കൂട്ടിച്ചേര്‍ത്തു. ഇത് സാധാരണ ചതിയില്‍ പെടുന്ന കുറ്റമല്ലത്രെ. ദൈവികമായ ഒരു ശാസ്ത്രത്തിന്റെ മറവില്‍ അതും വ്യാജ ഡിഗ്രികള്‍ വെച്ചുകൊണ്ട് ഒരു ദൈവജ്ഞന് നടത്തിയ കൊടുംക്രൂരതയാണ്. വകുപ്പിന് കടുപ്പം കൂടും. ഭാവിയില്‍ ഇത്തരം കൊടുമകള് ആവര്‍ത്തിക്കാതിരിക്കാന്‍ നീതിപീഠം പ്രത്യേകം ശ്രദ്ധിക്കും. ഒരു മാസം മുമ്പ് രാജസ്ഥാനില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന് ബലി കൊടുക്കേണ്ടിവന്ന അച്ഛനമ്മമാരുടെ കേസില്‍ ആ മന്ത്രവാദിയുടെ മേല്‍ ചുമത്തിയ അതേ വകുപ്പാണ് ഇവിടെയും ചുമത്തിയിരിക്കുന്നത്. മന്ത്രവാദി ഇപ്പോള്‍ അകത്താണ്. ഇരുട്ടായിരുന്നിട്ടു പോലും മോട്ടു നിസ്സഹായതയില്‍ കൈ മലര്‍ത്തിയത് ഞാന്‍ ശ്രദ്ധിച്ചു.
യാത്ര പറഞ്ഞ് പോകുമ്പോള്‍ ചുക്കാ റൊട്ടിയും പനീര്‍ മസാലയുമടങ്ങിയ ഒരു പാക്കറ്റ് അയാള്‍ എന്റെ കയ്യില്‍ വെച്ചു തന്നു. നല്ല വിശപ്പുണ്ടായിരുന്നിട്ടും എനിക്കത് കഴിക്കാന്‍ പറ്റിയില്ല. ഉറക്കവും വന്നില്ല.
പാതിരാത്രിയായിക്കാണും, ഗോഡൗണില്‍ നനുത്ത കാലടി ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു.
രാമശേഷന് സാര്‍!
പൊടുന്നനെ ഗോഡൗണില്‍ വെളിച്ചം പരന്നു. ഗോഡൗണ്‍ ക്ലാസ്സ് മുറിയായതുപോലെ എനിക്കു തോന്നി. ബോര്‍ഡില്‍ ചോക്കു കൊണ്ടെഴുതിയ ഗ്രഹസ്ഫുടങ്ങള്‍, രാശിചക്രം, നവാംശക ചക്രം… തൊട്ടു തൊട്ടുള്ള ബെഞ്ചുകളില്‍ അമ്പിളി, രാജു, സഹസ്രം, രാധിക…
ക്ലാസ്സില്‍ രണ്ടു ചാല് നടന്ന രാമശേഷന് സാര്‍ കസാല വലിച്ചിട്ട് എന്റെ മുന്നില്‍ ഇരുന്നു.
എനിക്ക് ചുറ്റും ഗ്രഹങ്ങള്‍ കളിപ്പാട്ടങ്ങള്‍ പോലെ ചിതറിക്കിടക്കുന്നത് രാമശേഷന് സാര്‍ ശ്രദ്ധിച്ചു. ജ്യോതിഷ ഗ്രന്ഥങ്ങളുടെ താളുകള്‍ നൂല്ക്കെട്ട് വിട്ട് കാറ്റില്‍ അങ്ങോട്ടുമിങ്ങോട്ടും പാറി നടന്നു. അദ്ദേഹത്തിന്റെ മുഖഭാവം മാറി. ഇതിനു മുന്‍പൊരിക്കലും അദ്ദേഹത്തെ ഈ ഭാവത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അതെന്തു ഭാവമായിരുന്നുവെന്ന് എനിക്ക് കൃത്യമായി പറയാനുമറിയില്ല. അദ്ദേഹത്തിലൂടെ അദ്ദേഹത്തിന്റെ ഗുരുപരമ്പരകളേയും ഞാന്‍ കാണുകയായിരുന്നു.
അടിമൈ സെന്തില്‍ ദിനകരന് സാര്‍.
കുഴല്‍മന്ദം, തത്തമംഗലം, അമ്പലപ്പാറ.
അവരെല്ലാവരും എന്റെ മുന്നില്‍ അണിനിരന്നു.
അവരുടെ വസ്ത്രധാരണവും ശരീരഭാഷയും മുഖഭാവവുമെല്ലാം അറിവില്‍ നിന്നുണ്ടായ വിനയത്തിന്റേതായിരുന്നു.
അവര്‍ എന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ ഞാന്‍ കാതു വട്ടം പിടിച്ചു. സത്യത്തില്‍ അവര്‍ ഒന്നും പറയേണ്ടതുണ്ടായിരുന്നില്ല. വര്‍ത്തമാനം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള നിശ്ശബ്ദതക്ക് എന്തൊരു മുഴക്കമാണ്! ആഴവും കനവുമാണ്!
ആ നിശ്ശബ്ദത എത്രയോ നേരം അങ്ങനെ നീണ്ടുപോയി. നിശ്ശബ്ദതയെ ഭഞ്ജിച്ചത് ഗുരുപരമ്പരകളായിരുന്നില്ല.
ജീപ്പുകളുടേയും, അതെ ജീപ്പുകളുടേയും ജീപ്പില്‍നിന്ന് ഒച്ചയോടെ ചാടിയിറങ്ങുന്ന ബൂട്ടുകളുടേയും, കാതു പൊട്ടിച്ചു മുറിക്കുന്ന ശബ്ദമായിരുന്നു.
(നോവല്‍ അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: