ന്യൂദല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പ് മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഫിഫയുടെ നടപടി. പാനാമയും കോസ്റ്ററിക്കയും സംയുക്തമായി ആതിഥേത്വം വഹിക്കുന്ന ഈ വര്‍ഷത്തെ അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഫിഫ അറിയിച്ചു.
നവംബര്‍ രണ്ടു മുതല്‍ ഇരുപത്തിയൊന്ന് വരെ ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടത്താനിരുന്നത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതാദ്യമാണ് ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന് വേദിയൊരുക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചത് ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത ലഭിച്ചു. മൊത്തം പതിനാറ് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക. ഇന്ത്യക്ക് പുറമെ ജപ്പാനും ഉത്തര കൊറിയയും ഏഷ്യയില്‍ നിന്ന് ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.
ആഫ്രിക്ക, യൂറാപ്പ്, ഓഷ്യാനിയ, ദക്ഷിണ അമേരിക്ക, നോര്‍ത്ത്് അമേരിക്ക, കരീബിയന്‍ മേഖലാ യോഗ്യതാ മത്സരങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. കൊറോണ പടരുന്നതാണ് യോഗ്യതാ മത്സരങ്ങള്‍ക്ക് തിരിച്ചടിയായത്.
ലോകകപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ അണ്ടര്‍-17 ലോകകപ്പ് സംഘാടക സമിതി സ്വാഗതം ചെയ്തു. ലോകകപ്പ് നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. പൊതുജനാരോഗ്യം പരിഗണിച്ച് ലോകകപ്പ് മാറ്റിയതിനോട് യോജിക്കുന്നതായി സംഘാടക സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: