കണ്മുന്നില് നിറയെ അസ്വസ്ഥമായ കാഴ്ചകള്‍ മാത്രം. നിശ്ചലരാക്കപ്പെട്ട് നിരത്തി വച്ചിരിക്കുന്ന ശരീരങ്ങള്‍. ശ്വാസഗതിയുടെ ഉയര്‍ച്ചതാഴ്ചകളില്‍ മരണവും ജീവിതവും തമ്മിലുള്ള ദൂരം കണ്മുന്നില് കാണുന്നവര്‍. ശരീരമാസകലം മൂടി ദൈവത്തിന്റെ ദൂതന്മാരായി പ്രതീക്ഷയോടെ എത്തുന്നവര്‍. അക്ഷമയുടെ അതിര്‍വരമ്പുകളെ മെരുക്കിയെടുക്കാന്‍ പ്രയാസപ്പെടുന്ന പോലീസുകാര്‍. ലോകമിപ്പോള്‍ അരക്ഷിതാവസ്ഥയുടെ താഴിട്ട് പൂട്ടിയ ഒരു വലിയ വീടാണ്.
ഹരികൃഷ്ണന് കണ്ണുകളെ ചേര്‍ത്തടച്ചു. ഇനിയും എത്ര നാള്…മനസിനെ കുത്തിനോവിക്കുന്ന ആശങ്കയെ കുടഞ്ഞെറിയാന്‍ അയാള്‍ ആകുന്നതും നോക്കി. പക്ഷേ കാല്‍വിരല്‍ തൊട്ട് പടര്‍ന്ന് കയറുന്ന മരവിപ്പ് അയാളെ പിന്നേയും തളര്‍ത്തി.
നാട്ടില്‍ അവര്‍ എന്തു ചെയ്യുകയായിരിക്കും. മകളെ ചേര്‍ത്ത് പിടിച്ച് അവള് ഒച്ചയില്ലാതെ കരയുകയായിരിക്കും. അമ്മയുടെ വേവലാതികളെ അവര്‍ എന്തു പറഞ്ഞായിരിക്കും ആശ്വസിപ്പിക്കുന്നുണ്ടാവുക. എങ്കിലും നാട്ടില്‍ നിന്ന് വരുന്ന കരുതലിന്റെ വാര്‍ത്തകള്‍ അയാള്‍ക്ക് ആശ്വാസം പകര്‍ന്നു.
ലോക് ഡൗണ്‍ മൂന്നാഴ്ച പിന്നിട്ട് കഴിഞ്ഞു. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആഴ്ചയിലൊരുക്കാന്‍ പുറത്തിറങ്ങാന്‍ മാത്രമാണ് അനുമതി. ചുറ്റും നിര്‍വ്വികാരതയുടെ ലോകം രൂപപ്പെട്ട് കഴിഞ്ഞു. ജീവിതത്തെ നിസംഗതയോടെ കാണാന്‍ എല്ലാവരും ശീലിക്കുന്നതുപോലെ. കടല്‍ കടന്നെത്തി സ്വപ്നം നെയ്തെടുക്കുന്ന എത്രയെത്ര ജീവിതങ്ങള്‍. അവരുടെ സ്വപ്
നങ്ങളുടേയും പ്രതീക്ഷയുടേയും ഭാവിയെന്ത്… എന്തിന് ഒരു തിരിച്ച് പോക്കിന് പോ
ലും എന്തുറപ്പ് എന്ന് നാട്ടിലേക്ക് എന്ന അവളുടെ ചോദ്യത്തിന്…, ഒന്നും വേണ്ട നീ നാട്ടിലേക്കൊന്നു വാടാ… എന്ന അമ്മയുടെ ശാസനയ്ക്ക് എന്തു മറുപടി നല്‍കും എന്ന മുന്നൊരുക്കത്തോടെയാണ് ഓരോ തവണയും മൊബൈല്‍ കയ്യിലെടുക്കുന്നത്. വാക്കുകള്‍ ഇടറാതിരിക്കാന്‍ എത്ര നാള് ഇങ്ങനെ പിടിച്ചു നില്ക്കാനാകും.
ചുമരുകള്‍ക്ക് കനം വയ്ക്കുന്നതു പോ
ലെ. ഫാനിന്റെ കറക്കത്തില്‍ ചിതറി വീഴുന്നത് തീക്കനലുകള്‍ പോലെ. പതിഞ്ഞ കാല്‍വെപ്പുകളോടെ അയാള്‍ ജനാലയ്ക്കരികിലേക്ക് നടന്നു. പാതി തുറന്ന ജനാലയിലൂടെ അയാള്‍ നഗരത്തിന്റെ നിശ്ചലതയെ നോക്കി.വിജനമായ റോഡുകളില്‍ അങ്ങിങ്ങായി ആംബുലന്‍സുകളും പോലീസ് ജീപ്പുകളും മാത്രം.
ദീര്‍ഘമായി നിശ്വസിച്ച് അയാള്‍ മേശക്കരികിലേക്ക് നടന്നു. കവറില്‍ ബാക്കിയുണ്ടായിരുന്ന ബ്രഡില്‍ ജാം പുരട്ടി ആര്‍ത്തിയോടെ തിന്നു. ഗ്ലാസില്‍ നിന്നും തണുത്ത വെള്ളം തൊണ്ടയിലൂടെ മരവിപ്പായി ഒഴുകിയിറങ്ങി
അയാള്‍ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. കുറച്ച് സമയം എന്തൊക്കെയോ ഓര്‍ത്തെടുത്ത ശേഷം മൊബൈല്‍ ചെവിയോട് ചേര്‍ത്തു വച്ചു.
കഴിച്ചോ…
പ്രതീക്ഷിച്ച പോലെ അവളുടെ ആദ്യത്തെ ചോദ്യം
കഴിച്ചു… നീയോ
തെല്ലൊരു നിശബ്ദത… നിശ്വാസത്തില്‍ നനവ് പൊടിയുന്നത് അയാള്‍ തിരിച്ചറിഞ്ഞു. പിന്നെ ചിരിക്കാന്‍ ശ്രമിച്ചു.
ഇവിടെ കുഴപ്പമൊന്നുമില്ല… ഞങ്ങള്‍ സേഫാ ….
അയാള്‍ പറഞ്ഞൊപ്പിച്ചു. മകളേ കുറിച്ചും അമ്മയെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും തിരക്കി. ആശ്വാസത്തിന്റെ വാക്കുകള്‍ പലവുരു ഉരുവിട്ട് നാളെ വിളിക്കാം എന്ന് സമാധാനപ്പെടുത്തി.
എത്ര പെട്ടെന്നാണ് ലോകം ചെറുതായത്. ലോകം കാല്ക്കീഴില് എന്നഹങ്കരിച്ചിരുന്ന വമ്പന്മാര് കുഞ്ഞന്‍ രോഗാണുവിന് മുന്നില്‍ തല താഴ്ത്തി പകച്ചു നില്ക്കുന്നു. ചുറ്റും അഗ്നിപോലെ പടരുമ്പോഴും അവരെ നയിക്കേണ്ടവര്‍ ചുറ്റിലും കൈത്താങ്ങിനായി വെപ്രാളപ്പെടുന്നു.ദൂരെ നാടിന്റെ കരുതലും സ്നേഹവും അപ്പോഴും അയാള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.
അയാള്‍ക്ക് ഉറക്കം വന്നില്ല. കണ്പോളകളെ എന്തൊക്കെയോ വലിച്ച് മുറുക്കുകയാണ്. പ്രിയ്യപ്പെട്ടവരുടെ സങ്കടക്കടല്‍ അയാളിലേക്ക് ഇരമ്പി ആര്‍ത്തു കൊണ്ടിരുന്നു. റിമോര്‍ട്ട് തപ്പിയെടുത്ത് ടിവി ഓണ്‍ ചെയ്തു. കാഴ്ചകള്‍ക്ക് മാറ്റമില്ല. ഓരോമണിക്കൂറിലും തളര്‍ന്നു വീഴുന്ന ജീവിതങ്ങള്‍…. ഒടുവില്‍ നാടിന്റ കാഴ്ചകളിലേക്ക് അയാള്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു. വിജനമായ നഗരങ്ങള്‍. അങ്ങിങ്ങായ് പോലീസ് വാഹനങ്ങള്‍ .. .. ചരക്ക് കയറ്റി പോകുന്ന ട്രക്കുകള്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും തിളങ്ങുന്ന ആത്മവിശ്വാസത്തിന്റെകണ്ണുകള്‍.
അയാള്‍ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. കണ്ണുകള്‍ ചേര്‍ത്തടച്ചു. വിയര്‍പ്പില്‍ കുതിര്‍ന്ന അയാളുടെ മുടിയിഴകളിലൂടെ ഒരു കൈ വിരലുകള്‍ അപ്പോള്‍ ഇളം കാറ്റായി തഴുകുകയായായിരുന്നു. വെളുത്ത മുടിയും താടിയും പാല് പുഞ്ചിരിയുമുള്ള മനുഷ്യന് കണ്‍പോളകളേയും ഒരു തൂവല്‍ പോലെ സ്പര്‍ശിച്ചു. കോടിക്കണക്കിന് ജനതയുടെ അഭിമാനവും ആതമവിശ്വാസവും അയാള്‍ തൊട്ടറിയുകയായിരുന്നു. ആശ്വാസത്തിന്റെ നീണ്ട നിശ്വാസത്തെ പാതി തുറന്ന ജനലിലൂടെ പറത്തി വിട്ട് ഹരികൃഷ്ണന് ഒന്നു പുഞ്ചിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: