ഏതൊരു ഭാരതീയന്റെയും സ്വപ്നഭൂമിയാണ് കാശി. ഒരു ജന്മത്തില്‍കൂടി കടന്നുപോകുമ്പോള്‍ ആരും സ്വപ്നം കാണുന്ന മോക്ഷ നഗരം.. മനുഷ്യന്റെ അന്വേഷണം എപ്പോഴും അങ്ങനെയാണ്. നാം എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു… ജനനമരണങ്ങളില്‍ നിന്നും എന്നത്തേക്കും വിട, മോക്ഷം! മോക്ഷത്തിനായി ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് കാശി.
മുംബൈ വഴി വാരണാസിയില്‍ എത്തിയപ്പോള്‍ രാത്രിയായി. കാശിനാഥന്റെ മണ്ണിലേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സൈക്കിള്‍ റിക്ഷകളും ഓട്ടോറിക്ഷകളുമായിരുന്നു ആശ്രയം. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആത്മീയാന്വേഷകര്‍ വന്നുനിറയുന്ന കാശിയുടെ പുണ്യമായ മണ്ണില്‍ എപ്പോഴും തിരക്കാണ്.
ആദിശങ്കരന്റെയും ശ്രീരാകൃഷ്ണപരമഹംസന്റെയും വിവേകാനന്ദന്റേയും പാദസ്പര്‍ശമേറ്റ ആ പുണ്യഭൂമിയില്‍ ചെന്നിറങ്ങിയത് പ്രകൃതിയുടെ അനുഗ്രഹവര്‍ഷമായി മഴ പെയ്തിറങ്ങുന്ന വേളയിലായിരുന്നു. ആശ്രമതുല്യമായ സത്രങ്ങളില്‍ താമസിച്ച്, പുലര്‍കാലെ മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു വിശ്വനാഥന്റെ സാമീപ്യമറിയാന്‍. ഉത്തര്‍പ്രദേശ് ക്ഷേത്രങ്ങളുടെ നാടാണ്. കാശി വിശ്വനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന വാരണാസിയില്‍ അനേകം ക്ഷേത്രങ്ങളുണ്ട്. രാവിലെതന്നെ ക്ഷേത്രത്തിലെത്തി. നിരന്തരമായ ആക്രമണങ്ങളെക്കൊണ്ട് നശിച്ച ഒട്ടനവധി ക്ഷേത്രങ്ങളുണ്ട് വടക്കേ ഇന്ത്യയില്‍. നാം പഠിക്കുന്ന സാമൂഹ്യപാഠങ്ങള്‍ അതൊന്നും നമ്മെ അറിയിക്കാറില്ല. മുഗളന്മാര് ആക്രമിച്ച് നശിപ്പിച്ച ക്ഷേത്രത്തിലെ വിഗ്രഹം പൂജാരിമാര്‍ സൂക്ഷിച്ച് ഒരു കിണറില്‍ നിക്ഷേപിച്ചു. അവിടെയാണ് ക്ഷേത്രം. തകര്‍ന്ന ക്ഷേത്രത്തിന്റെ മുകളിലാണ് പള്ളി. കനത്ത പോലീസ് ബന്തവസ്സിലാണ് ക്ഷേത്രം. തൊട്ടുചേര്‍ന്നുള്ള പള്ളിയില്‍ ആരാധന ഒന്നും കാണാനില്ല.
അര്‍പ്പിക്കാനുള്ള പൂജാപുഷ്പങ്ങളുമായി പോകുമ്പോള്‍ കൂട്ടിന് വാനരപ്പടയും. അകത്ത് തിരക്കിനിടയിലും പരിപാവനമായ ശാന്തത. 12 ജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാനപ്പെട്ട അവിടം ശങ്കരന്റെ ശക്തികേന്ദ്രം തന്നെയാണ്.
ഗംഗാനദിയുടെ തീരത്താണ് ക്ഷേത്രം. പരിപാവനത്വം നേടിയവര്‍ക്ക് ഗംഗ മോക്ഷ നദിയാണ്. ഒട്ടനവധി തീര്‍ത്ഥഘട്ടങ്ങളാണ് ഗംഗയുടെ തീരത്ത്. ചുടലപ്പറമ്പുകള്‍, മോക്ഷാന്വേഷകര്‍, ജഡയും താടിയും നീട്ടിയവര്‍, പലതരം കച്ചവടക്കാര്‍ അങ്ങിനെപോകുന്നു ഈ പുണ്യഭൂമിയിലെ കാഴ്ചകള്‍. കത്തിത്തീരാത്ത ജഡങ്ങള്‍ ഒഴുകിയിരുന്ന നദിയല്ല ഇന്ന് ഗംഗ, എല്ലാ അര്‍ത്ഥത്തിലും പവിത്രനദിയാണ്. അസ്സിഘട്ടില്‍ നിന്ന് മണികര്‍ണിക വരെ നീണ്ടുപോകുന്ന ബോട്ടുയാത്രകള്‍ മറക്കാനാവാത്ത അനുഭൂതിയാണ് പകര്‍ന്നുതന്നത്.
കാശിനാഥനെ കണ്ടുവണങ്ങി ഗംഗയില്‍ മുങ്ങിനിവരുമ്പോള്‍ മോക്ഷയാത്രകള്‍ക്കിടെ നമ്മുടെ ഒരഗ്രഹമെങ്കിലും അവിടെ ഉപേക്ഷിച്ചുപോരണമത്രെ. അതാകുന്നു മോക്ഷത്തിലേക്കുള്ള ആദ്യപടി. ജ്വലിക്കുന്ന കണ്ണുകളുള്ള, കാവി ധരിക്കാത്ത ഒരു സ്വാമി ഞങ്ങളോട് പറഞ്ഞു, നിങ്ങള്‍ രാമേശ്വരത്തും പോകണം.
കാശിവിശ്വനാഥന്റെ തൃപ്പാദത്തില്‍ നിന്ന് ഏതാണ്ട് 13 കിലോമീറ്റര്‍ മാത്രമാണ് സാരാനാഥിലേക്കുള്ളത്. ശ്രീബുദ്ധന് ബോധോദയം വന്നതിനുശേഷം ആദ്യമായി പാദസ്പര്‍ശമറിഞ്ഞ മണ്ണാണ് ഇത്. അശോകചക്രവും, വൈദേശിക ആക്രമണങ്ങള്‍ കൊണ്ട് വികൃതമായ പല പ്രതിമകളും അവിടത്തെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. റോഡിന്റെ എതിര്‍വശത്തായി ബുദ്ധക്ഷേത്രവും ചെറിയ പൂന്തോട്ടവും, ബുദ്ധന്റെ ഒരു പടുകൂറ്റന്‍ പ്രതിമയും കണ്ടുകഴിഞ്ഞപ്പോള്‍ ഏതാണ്ട് വൈകുന്നേരമായി.
ബെറിവാല അതിഥിഭവനില്‍ നിന്ന് ഏറെയകലെയല്ല ഗംഗാനദി. ഹിമാലയത്തിന്റെ ഉത്തുംഗങ്ങളില്‍ നിന്നും ഉത്ഭവിച്ച് ഗംഭീരമായി ഒഴുകുകയാണ് ഈ ശിവനദി. വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും ജനങ്ങളുടെ ഒഴുക്ക് പവിത്രമായ ഈ ഗംഗയിലേക്കാണ്. ആരതിയുടെ സമയമായി. പതിനായിരങ്ങള്‍ ഗംഗാ മാതാവിന്റെ പുണ്യതീരത്താണ്. നാമസങ്കീര്‍ത്തനങ്ങളോടെ ആരതി ആരംഭിക്കുന്നതിന് മുന്‍പേ ഞങ്ങള്‍ പലരും ഒന്ന് മുങ്ങി നിവര്‍ന്നു. എല്ലാ പാപങ്ങളും ശുദ്ധീകരിക്കുന്ന, ഹിമവന്മലയില് പിറന്ന പുണ്യനദി. നാമമന്ത്രങ്ങളോടെ, അനേക ദീപങ്ങളുടെ അകമ്പടിയോടെ മണിനാദങ്ങള്‍ക്കിടയില്‍, ദീപാരാധന പൂര്‍ത്തിയായി. ജീവിതത്തിലെ അനിര്‍വചനീയമായ മറ്റൊരു സായുജ്യം.
1916 ല്‍ മദന്മോഹന് മാളവ്യയും ആനിബസന്റും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഏവര്‍ക്കും അഭിമാനിക്കാവുന്ന ഈ സര്‍വ്വകലാശാല. വിവിധങ്ങളായ കോഴ്സുകളില്‍ ഏതാണ്ട് 30,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ പറ്റിയ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സരസ്വതീക്ഷേത്രം. അവിടെയാണ് ശ്രീവിശ്വനാഥ് മന്ദിര്‍. വിവിധങ്ങളായ ഒന്‍പതോളം പ്രതിഷ്ഠകളുള്ള സമുച്ചയത്തിന് 253 അടി ഉയരമുണ്ട്. തൊട്ടുമുന്പിലാണ് മദന്മോഹന് മാളവ്യയുടെ പ്രതിമയും.
പിന്നീട് ഞങ്ങളുടെ യാത്ര ഗയയിലേക്കായിരുന്നു. 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ബീഹാറിലെ ഫല്ഗു നദിയുടെ കരയിലാണ് ഗയ. ഗയാസുരനെ വിഷ്ണുഭഗവാന് തൃപ്പാദത്താല്‍ ബന്ധനസ്ഥനാക്കിയ സ്ഥലം. ആ ക്ഷേത്രമാണ് വിഷ്ണുപാദക്ഷേത്രം. പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി പിണ്ഡസമര്‍പ്പണം നടത്തുന്നത് ഈ ക്ഷേത്രത്തിലാണ്. ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും ദശരഥ മഹാരാജാവിന് തര്‍പ്പണം നടത്തി മോക്ഷം കൊടുത്ത സ്ഥലം. അറിഞ്ഞതും അറിയാത്തതുമായ എല്ലാ പിതൃക്കള്‍ക്കും തര്‍പ്പണം നടത്തി. വിഷ്ണുപാദത്തില്‍ പിണ്ഡം സമര്‍പ്പിച്ച് ആലിനെ പ്രദക്ഷിണം വച്ച് നദിയില്‍ മുങ്ങിനിവര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി.
സഞ്ചാരികളുടെ എക്കാലത്തേയും ആകര്‍ഷണകേന്ദ്രമാണ് ഗയ. സിദ്ധാര്ത്ഥന് ബോധോദയം ലഭിച്ച് ബുദ്ധനായി മാറിയ സ്ഥലത്താണ് ഇന്ന് മഹാബോധി ക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നത്. ചൈനയുടേയും തായ്ലന്റിന്റെയും ജപ്പാന്റെയും ബുദ്ധക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോഴും ക്ഷേത്രത്തില്‍ ബോധിവൃക്ഷമുണ്ട്. സദാ ചലിക്കുന്ന ആലിലകള്‍, ബോധിവൃക്ഷത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന സന്യാസിമാര്‍.. പെട്ടെന്ന് പെയ്ത മഴയില്‍ നനയുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. ശരീരമാകെ ചൂടുകൊണ്ട് വലഞ്ഞപ്പോള്‍ പെയ്ത കുളിര്‍മഴ. ബോധിവൃക്ഷത്തില്‍ നിന്ന് വീഴുന്ന ഇലകള്‍ പെറുക്കിയെടുക്കാന്‍ ഓടിനടക്കുന്ന വിദേശീയരേയും അവിടെ കണ്ടു. 85 അടി ഉയരമുള്ള ബുദ്ധ പ്രതിമയും കണ്ട് രാത്രിയോടെ മടങ്ങി.
ഭാരത വര്‍ഷത്തിന്റെ മര്യാദാപുരുഷോത്തമന്റെ ജന്മസ്ഥലമായിരുന്നു അടുത്തലക്ഷ്യം. ഏറെ ആഗ്രഹിച്ചിരുന്ന ശ്രീരാമജന്മഭൂമി സന്ദര്‍ശനം. ഫൈസാബാദ് ജില്ല. ഒരു സ്ഥലത്തിനിപ്പോള്‍ കര്‍സേവപുരിയെന്നാണ് പേര്. ക്ഷേത്രനിര്‍മാണത്തിനുള്ള ഇഷ്ടികകള്‍, തൂണുകള്‍, പലതരം സാമഗ്രികള്‍ എന്നിവ സംഭരിച്ചിരിക്കുന്നത് കാണാം. അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് യാത്ര. കര്‍സേവപുരിയില്‍ കുറേ ക്ഷേത്രങ്ങളുണ്ട്. ദശരഥ മഹാരാജാവിന്റെ രാജസദസ്സും സീതാദേവിയുടെ അടുക്കളയും ഇന്നും പ്രൗഢിയോടെ തന്നെ നില്ക്കുന്നു.
അത്രവലിയ നഗരമൊന്നുമല്ല രാമജന്മഭൂമി. കനത്ത പോലീസ് ബന്തവസ്സിലായിരുന്നു. ക്യാമറകളും ഫോണും എല്ലാം പോലീസ് വിലക്കി. ഒരു ഹോമിയോ ഗുളികയുടെ കുപ്പിപോലും കയറ്റിവിടില്ല. രണ്ടുസൈഡിലും കമ്പിവേലികളിട്ട ഇടുങ്ങിയ പാതകളില്‍ കൂടി ഏതാണ്ട് ഒരു കി.മീറ്റര്‍ നടന്നുകാണും. അഞ്ച് സ്ഥലങ്ങളില്‍ കനത്ത പോലീസ് പരിശോധന. ബാബറി മസ്ജിദ് എന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാനില്ല. ഏതാണ്ട് 50 മീറ്റര്‍ അകലെ നിന്നാണ് ശ്രീരാമ പ്രതിഷ്ഠ തൊഴുന്നത്.
രാമജന്മഭൂമി ഞങ്ങള്‍ക്ക് ഒരു വികാരമായിരുന്നു. തിരിച്ചുപോരുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെ തിരിച്ചുവരുമ്പോള്‍ സരയൂനദിക്കരയില്‍ എത്തി. അന്ന് കര്‍സേവയ്ക്കുപോയ ഒരമ്മ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. കര്‍സേവക്കടയില്‍ സരയൂ നദിയില്‍ ജീവന് വെടിഞ്ഞവര്‍ ഏതാണ്ട് 2000 മായിരുന്നുവത്രേ. അവര്‍ക്കായി ആ നദിക്കരയില്‍ പ്രണാമം അര്‍പ്പിച്ചു. ഒടുവില്‍ പുണ്യയാത്ര പൂര്‍ത്തിയാക്കി ജന്മനാട്ടില് തിരിച്ചെത്തുമ്പോള്‍ കാതോര്‍ത്തിരുന്ന പരമോന്നത നീതിപീഠത്തിന്റെ ആ വിധിയും സ്വീകരിക്കാനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: