ജീവിതവും മരണവും ഉള്‍പ്പെട്ട പ്രതിസന്ധിഘട്ടമാണ് ഒരു വ്യക്തിയുടെ ഉദ്ദേശ്യം വിലയിരുത്താന്‍ ഏറ്റവും അനുയോജ്യമായ സമയം. കാരണം, ഈ സമയത്താണ് നമ്മുടെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുന്നത്. എന്റെ കണ്ടെത്തലുകള്‍ ഇപ്രകാരമാണ്, ഇന്ത്യക്കാരില്‍ ഒരു കൂട്ടര്‍ ബുദ്ധിശൂന്യരായ ട്രോളുകാരും ഗുണ്ടകളും ഭക്തരുമാണ്. അവര്‍ക്ക് മതപരവും തീവ്രവാദപരവുമായ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവരുടേതായ കാരണങ്ങളുമുണ്ട്. അതേസമയം, മോദിക്കെതിരെ ബുദ്ധിശൂന്യവും അന്ധവുമായ വിദ്വേഷം വച്ച് പുലര്‍ത്തുന്ന ‘ബുദ്ധിശാലികളായ’, ‘ഉണര്‍ന്നിരിക്കുന്ന’ മറ്റൊരു വിഭാഗവുമുണ്ട്. അവരും മെച്ചമല്ല. ഇങ്ങനെ രണ്ടറ്റങ്ങളിലുള്ള വിഭിന്ന പ്രത്യയശാസ്ത്രങ്ങളിലൂടെ നിങ്ങള്‍ക്ക് എങ്ങനെ കടന്നു പോകാനാകും? എങ്ങനെ സത്യം തിരിച്ചറിയാനാകും.
ഒരു സര്‍ക്കാരിനെ എങ്ങനെ തകര്‍ക്കാമെന്നതിനെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റാണ് ജീന്‍ ഷാര്‍പ്. അഹിംസയിലൂടെ ജനാധിപത്യപരമായി ഒരു സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കഴിയുന്ന 198 മാര്‍ഗങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. ജനാധിപത്യത്തെയും സമാധാനത്തെയും കുറിച്ച് സംസാരിക്കുന്നതായിരിക്കണം അതിനുള്ള നീക്കങ്ങള്‍. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. ഒരു ഘട്ടത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി തളര്‍ത്തണം. അങ്ങനെ ഒടുവില്‍, സര്‍ക്കാരിന് കരുത്ത് പകരുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലാതാകും അവ തകര്‍ന്നടിയും. ഇത്തരം ചില മാര്‍ഗങ്ങളാണ് ഈജിപ്തിലെ തഹരീര്‍ ചത്വരത്തില്‍ ഹോസ്‌നി മുബാറക്കിനെതിരെ പ്രയോഗിച്ചത്. ഇതുതന്നെയാണ് റഷ്യക്കെതിരെ ഉക്രെയ്‌നിലും സംഭവിച്ചത്. 76 ദിവസം ഹോങ്കോങ്ങില്‍ സംഭവിച്ചതും ഇതുതന്നെ.
മറ്റു ചില മാര്‍ഗങ്ങളുമുണ്ട്. പോലീസിനും സ്വന്തം സുരക്ഷാ സേനയ്‌ക്കും നേരെ കല്ലെറിയുക, വഴികള്‍ നശിപ്പിക്കുക, റോഡുകള്‍ തടയുക, അഗ്നിശമനയന്ത്രങ്ങള്‍ അഗ്നിക്കിരയാക്കുക (തീയണയ്‌ക്കാനുപയോഗിക്കുന്നവ ആദ്യം കത്തിക്കണം എങ്കിലേ മറ്റുള്ള എല്ലാം കത്തിച്ചാമ്പലാകൂ) മുന്‍ നിരയില്‍ സ്ത്രീകളെയും കുട്ടികളെയും നിര്‍ത്തി പ്രതിഷേധിക്കുക, ആസിഡ് പാക്കറ്റുകളും പെട്രോള്‍ ബോംബുകളും എറിയുക, മാധ്യമങ്ങളെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുക, വ്യാജ വാര്‍ത്തകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. സ്വന്തം ജനതയെ സര്‍ക്കാരിനെതിരെ തിരിക്കുക. വര്‍ഗീയ കലാപത്തിന്റെ വേഷത്തില്‍ ദല്‍ഹിയില്‍ സംഭവിക്കുന്നതിനെയെല്ലാം ഇതുമായി ചേര്‍ത്തു വച്ചാല്‍ സര്‍ക്കാരിനെ തകര്‍ക്കാനുള്ള തന്ത്രങ്ങളാണവയെന്ന് വ്യക്തമാകും; ബുദ്ധിശാലികളും വിദ്യാസമ്പന്നരുമായ ചിലര്‍ ആലോചിച്ച് മുന്‍കൂട്ടി തീരുമാനിച്ച നീക്കം. ജീന്‍ ഷാര്‍പ് പറഞ്ഞ 70-80 രീതികളുടെ നേര്‍ പ്രതിഫലനമാണ് ദല്‍ഹിയില്‍ സംഭവിച്ചതത്രയും. സിഎഎയ്‌ക്ക് ഇതുമായി ഒരു ബന്ധവുമില്ല, മുസ്ലീങ്ങള്‍ക്കും.
ഇത്രയും വിസ്താരവും ജനസംഖ്യയും ഉള്ള ഈ രാജ്യത്ത് മതേതരത്വം ചോദ്യം ചെയ്യപ്പെടുകയില്ല എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതാണ്. ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ്, മുഗള്‍ അധിനിവേശങ്ങളെയെല്ലാം അതിജീവിച്ച രാജ്യമാണ് ഇന്ത്യ. മതേതരത്വത്തിന്റെ നൂലിഴകള്‍ ഇന്നും ദൃഢമായി തുടരുന്നു. അവിടെ നിങ്ങള്‍ പറയുന്ന ഹന്ദുത്വ ഗുണ്ടകള്‍ക്ക് എന്ത് ചെയ്യാനാകും? എന്നാല്‍, ഈ രാജ്യം തുടര്‍ച്ചയായി കൊള്ളയടിക്കപ്പെടുകയും പതിറ്റാണ്ടുകളായി മൂന്നാം ലോകരാജ്യമായി നിലനിര്‍ത്തപ്പെടുകയും ചെയ്തു എന്നതാണ് നമ്മളില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്.
അഴിമതിയും രാജവംശ രാഷ്‌ട്രീയവും കൊണ്ട് അത് പതിറ്റാണ്ടുകളായി സമ്പന്നമാണ്. എന്നാല്‍, വിദ്യാസമ്പന്നരും ബുദ്ധിശാലികളുമായ ആളുകള്‍ തെറ്റായ വിവരങ്ങളിലേക്ക് ആകൃഷ്ടരായി ജനങ്ങളില്‍ രാഷ്‌ട്രീയ സ്വാധീനം ചെലുത്തുന്നു എന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. മോദിയെ താഴെയിറക്കാനുള്ള മറ്റു ചിലരുടെ രാഷ്‌ട്രീയക്കളികള്‍ രാഷ്‌ട്രത്തിന്റെ ജനാധിപത്യത്തിനും മതേതര കെട്ടുറപ്പിനും അപകടകരമാണ്. എന്തിനാണ് മോദിയെ ചിലര്‍ ഇത്ര വെറുക്കുന്നത്. രാജവംശ രാഷ്‌ട്രീയവും അഴിമതിയും ഇന്ത്യ പതിറ്റാണ്ടുകള്‍ സഹിച്ചതല്ലേ? ഇന്ത്യയിലെ പ്രശ്‌നമെന്തെന്നാല്‍, 90 ശതമാനം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു നേതാവ് ഇവിടെ ഒരിക്കലും ഉണ്ടായിരുന്നില്ല. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നുള്ള, സാധാരണ ജനങ്ങളെ മനസ്സിലാക്കുന്ന, ചായക്കടക്കാരനായ നേതാവ് ഇവിടെ ഉണ്ടായിട്ടില്ല. നമുക്ക് വേണ്ടത് മോദി കൊണ്ടുവന്നതു പോലുള്ള നിയമങ്ങളല്ല. വളരെപ്പെട്ടെന്നുള്ള മാറ്റങ്ങളല്ല, പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളുമാണ്. പല സാഹചര്യങ്ങളെയും ജനങ്ങളെയും അദ്ദേഹം സമീപിച്ച രീതി പ്രശംസനീയമാണ്. ഈ ഘട്ടത്തില്‍ ഒരാള്‍ക്ക് വിമര്‍ശനം ഉന്നയിക്കാനുള്ള ഏക കാര്യം സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍, ഇത് പരിഹരിക്കാന്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇവ യഥാര്‍ഥത്തില്‍ ഫലപ്രദമാണോ എന്ന് ഇനിയുള്ള സമയത്ത് മനസ്സിലാകും. വാസ്തവത്തില്‍, എന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായമനുസരിച്ച് കൊവിഡിന് ശേഷം ഏതെങ്കിലും സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയില്‍ വേഗം കൈവരിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാകും, കാരണം അത് 90 ശതമാനവും സ്വയംപര്യാപ്തമാണ്.
ലോക്ക്ഡൗണില്‍ ചൈനയിലെ ഹുബയ് പ്രവിശ്യയില്‍ അക്രമാസക്തരായി പ്രതിഷേധിക്കുന്നവരുടെ വീഡിയോകളും ട്വീറ്റുകളും ചൈനീസ് സര്‍ക്കാര്‍ പിന്‍വലിക്കുമ്പോള്‍, ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളുടെ വീഡിയോകള്‍ ആയിരക്കണക്കിന് പേര്‍ പങ്കുവയ്‌ക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ അഭൂതപൂര്‍വമായ അളവില്‍ ഇന്റര്‍നെറ്റില്‍ നിറയുകയും ചെയ്യുന്നു. നിങ്ങള്‍ പറയും പോലൊരു ഫാസിസ്റ്റ് സര്‍ക്കാരായിരുന്നു ഇന്ത്യയിലേതെങ്കില്‍ ഇവിടെ ഇതൊന്നും നടക്കുമായിരുന്നില്ല. അധികാരത്തില്‍ വന്നിട്ട് ഏഴു വര്‍ഷമായി. യഥാര്‍ഥ ഉദ്ദേശ്യം മറ്റെന്തെങ്കിലുമായിരുന്നെങ്കില്‍ ഈ സര്‍ക്കാരിന് എന്നേ അത് ആകാമായിരുന്നു.
വിദേശത്തുള്ള സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു, എല്ലായിടത്തും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പതിവാണ്. എന്നാല്‍ ഇന്ത്യയില്‍ മാത്രം അതിത്രത്തോളം രൂക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന്. ട്വിറ്ററിലെ വിദ്വേഷം ഭ്രാന്തമാണ്. ഒരിക്കലും ഇല്ലാത്ത തരത്തിലാണ് ഇപ്പോഴത് പ്രചരിക്കുന്നത്. 4.5 ബില്ല്യണ്‍ ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അവരെ തെറ്റിദ്ധരിപ്പിക്കുക അത്ര എളുപ്പമല്ല. ജീന്‍ ഷാര്‍പ് പറയുന്നുണ്ട് സര്‍ക്കാരിന് ശക്തി പകരുന്ന ഏതാനും സംവിധാനങ്ങളുണ്ട് അവ തകര്‍ക്കാന്‍ നിങ്ങള്‍ മാധ്യമങ്ങളെ ഉപയോഗിക്കണമെന്ന്. ട്വീറ്റുകള്‍ വായിച്ചു പോലും നോക്കാതെ യന്ത്രങ്ങളെ പോലെ അവ പങ്കുവയ്‌ക്കുന്നവരുമുണ്ട്. അവര്‍ക്ക് സെന്‍സേഷണലായ തലക്കെട്ടുകള്‍ മാത്രമാണ് വേണ്ടത്. സ്വാധീനം ചെലുത്താന്‍ പ്രാപ്തരായ 25 പേര്‍ മതി ഒരു ട്വീറ്റിനെ ട്രെന്‍ഡിങ് ആക്കാന്‍. ഇത്തരക്കാര്‍ രാത്രി കാലങ്ങളിലാണ് പലപ്പോഴും വിദ്വേഷ ട്വീറ്റുകള്‍ പ്രചരിപ്പിക്കുക. പാശ്ചത്യര്‍ ഉണര്‍ന്നിരിക്കുന്നതും ഈ സമയത്താകും. അതുകൊണ്ട് തന്നെ ഈ നാടിനെ കുറിച്ച് അവര്‍ക്ക് ലഭിക്കുന്ന രൂപവും സര്‍ക്കാരിനോടുള്ള വിദ്വേഷം നിറഞ്ഞ ട്വീറ്റുകളിലൂടെയാകും.
ഈ ലോക്ക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ദേശീയപാതകളിലൂടെ സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. പലരെയും ഡിടിസി ബസ്സുകളില്‍ അതിര്‍ത്തി വരെ എത്തിച്ച് ഉപേക്ഷിച്ചിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ അതിജീവിക്കാനും കൊവിഡിനെ പ്രതിരോധിക്കാനുമുള്ള ശ്രമത്തിനിടെ സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നക്കാരിവരാണ്്- 1. വിദ്യാസമ്പന്നരായ നിരക്ഷരര്‍, യഥാര്‍ഥ നിരക്ഷരര്‍, വ്യാജ വാട്‌സ് ആപ്പ് വാര്‍ത്തകള്‍, പക്ഷപാതക്കാരായ ബുദ്ധിജീവികള്‍, ദുഷ്ട രാഷ്‌ട്രീയക്കാര്‍.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തൊഴില്‍ദാതാക്കളോട് കൈകൂപ്പിക്കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തുടരണമെന്നും പ്രയാസകരമായ സമയങ്ങളില്‍ ജീവനക്കാരെ പരിപാലിക്കാനും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, അര്‍ഥശൂന്യമായ വീഡിയോകളിലൂടെ വീട്ടു ജോലിക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും മറ്റുമുള്ള പ്രചാരണമാണ് പലരും നടത്തുന്നത്.
ഇപ്പോഴെവിടെയാണോ അവിടെത്തന്നെ തുടരാന്‍ പ്രധാനമന്ത്രി കൈകൂപ്പി അപേക്ഷിച്ചിട്ടും അനേകം പേരാണ് ദല്‍ഹി, യുപി അതിര്‍ത്തിയില്‍ ഒത്തുചേര്‍ന്നത്. എവിടെയാണ് പിഴച്ചത്?
ലോക്ക്ഡൗണിന് മുന്‍പ് സര്‍ക്കാര്‍ ഇതേക്കുറിച്ചെല്ലാം ആലോചിക്കേണ്ടിയിരുന്നു എന്ന് വേണമെങ്കില്‍ കുറ്റപ്പെടുത്താം. പക്ഷെ നമുക്ക് സമയം തീരെ കുറവായിരുന്നു. ആ സമയത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. പകര്‍ച്ചവ്യാധിയുടെ ജീവിതചക്രത്തില്‍ ഏറ്റവും അനുയോജ്യമായ സമയത്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അത് നേരത്തെയായിപ്പോയെന്നോ വൈകി പോയെന്നോ പറയാനാകില്ല. ഈ കുടിയേറ്റ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മിക്കുക ഒരു നല്ല ആശയമാകുമായിരുന്നു, പക്ഷേ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ഇത്തരത്തിലുള്ള കുഴപ്പങ്ങള്‍ ആരും പ്രതീക്ഷിച്ചില്ല എന്ന് വേണം കരുതാന്‍. ലോക്ക്ഡൗണ്‍ മുതല്‍ മിന്നല്‍ വേഗത്തില്‍ സാമ്പത്തിക പാക്കേജുകളും വൈദ്യസഹായവും ഉപകരണങ്ങളും സജ്ജമാക്കുന്നതു വരെയുള്ള മോദി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പ്രശംസനീയമാണ്. 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാന്‍ 10 ദിവസമാണ് ചൈനയ്‌ക്ക് വേണ്ടിവന്നത്. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയെ ഒറ്റ രാത്രി കൊണ്ട് 6730 കിടക്കള്‍ ഉള്ള സംവിധാനമാക്കി മാറ്റി ഇന്ത്യന്‍ സര്‍ക്കാര്‍. അഭൂതപൂര്‍വമായ ഒരുക്കങ്ങളാണ് രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യമെടുത്താലാകട്ടെ നാട്ടിലേക്കുള്ള യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന വ്യാജ വാര്‍ത്തകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും ലഭിച്ചത് മൂലമാണ് പലയിടത്തും അവര്‍ ഒത്തു കൂടിയത്. ജീന്‍ ഷാര്‍പ്പിന്റെ 101-ാമത്തെ കണ്ടെത്തല്‍ പറയുന്നതും ഇതുതന്നെയാണ്, കിവതംന്തികള്‍ പ്രചരിപ്പിച്ച്, ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക.
പ്രശ്‌നപരിഹാരത്തിനാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടാലും മോദി സര്‍ക്കാര്‍ താഴെ വീണാല്‍ മതിയെന്ന തരത്തിലാണ് ദല്‍ഹിയിലെ ചില രാഷ്‌ട്രീയ മുതലെടുപ്പുകാരുടെ സമീപനം. ഇത് മനുഷ്യത്വത്തിന്റെ തോല്‍വിയാണ്. പല അപര്യാപ്തതകള്‍ക്കുമിടയില്‍ രോഗവ്യാപനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തി ജി-ട്വന്റി അന്താരാഷ്‌ട്ര വേദിയില്‍ പോലും നേതാക്കളുടെ പ്രശംസയ്‌ക്ക് പാത്രമായ പ്രധാനമന്ത്രിക്കെതിരെ മോദി മെയ്ഡ് ഡിസാസ്റ്റര്‍ ഹാഷ് ടാഗില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ചിലര്‍.
ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന, ജീവനും മരണത്തിനുമിടയിലുള്ള, രാജ്യത്തിനായി നിലകൊള്ളേണ്ട സമയത്ത് ഏറ്റവും ദുര്‍ബ്ബലരായ മനുഷ്യരെ ഉപയോഗിച്ച് മോദിയെ താഴെയിറക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. കുറച്ച് കാലം മുന്‍പ് വരെ നാം വോട്ടു ചെയ്തത് ഇത്തരം രാക്ഷസന്മാര്‍ക്കായിരുന്നു എന്ന് മനസ്സിലാക്കണം. ഇന്നെനിക്കറിയാം എന്താണ് ദേശീയത എന്ന്. എന്താണ് ദേശവിരുദ്ധത എന്ന്്. ഇന്ന് നമ്മുടെ നേതാവിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഇത്തരം ദുഷ്ടതകള്‍ക്കെതിരെ ഉറച്ച് നില്‍ക്കാനും വിജയിക്കാനും വലിയ കരുത്ത് വേണം. മഹാമാരിയെ നേരിടാന്‍ അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങളില്‍ എനിക്ക് അഭിമാനമുണ്ട്. ഇടതുപക്ഷക്കാരായ എന്റെ ബുദ്ധിജീവി കൂട്ടുകാര്‍ എന്ത് കരുതുമെന്നോര്‍ത്ത് ഇത്രകാലവും ഇതൊന്നും തുറന്നു പറയാതിരുന്നതില്‍ ഇന്നെനിക്ക് ദുഖമുണ്ട്. പരസ്യമായി മോദിജിക്ക് എന്റെ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.
(ചലച്ചിത്രകാരിയും സാമൂഹിക സംരഭകയുമായ നടാഷ്ജാ റാത്തോഡ് ഫേസ്ബുക്കില്‍ പങ്കുവച്ച ലേഖനത്തിന്റെ പരിഭാഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: