പഴയന്നൂര്‍:മനുഷ്യാവകാശ കമ്മീഷന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളില്‍ നിന്ന് സാധനങ്ങള്‍ തട്ടാന്‍ ശ്രമിച്ച പുരുഷനേയും സ്ത്രീയേയും പഴയന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി സ്വദേശിയും ചേലക്കോട് താമസിക്കുകയും ചെയ്യുന്ന മുസ്തഫ, ഇയാളുടെ ഭാര്യയെന്ന് പറയുന്ന നസീമ എന്നിവരാണ് അറസ്റ്റിലായത്. വെള്ള ബൊലേറൊ ജീപ്പിന്റെ മുന്‍വശത്ത് പ്രസിഡന്റ് ഹുമാന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് എന്നും എഴുതിയിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രം വയ്ക്കാന്‍ അനുമതിയുള്ള ബോര്‍ഡുകളാണ് മുസ്തഫയുടെ വാഹനത്തില്‍ ഉണ്ടായിരുന്നത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പഴയന്നൂരിലെ റംല സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 2 ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയ ശേഷം പണം കൊടുക്കാതെ ഹുമാന്‍ റൈറ്റ്സ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമക്ക് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് വാഹനം സഹിതം പിടികൂടുകയായിരുന്നു. പഴയന്നൂര്‍ സി.ഐ. പി.സി. ചാക്കോയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഇയാള്‍ സമാന രീതിയില്‍ മറ്റുപലയിടത്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വാഹനം ഓടിച്ച ചേലക്കോട് സ്വദേശിയായ രാഷ്ട്രീയ പ്രവര്‍ത്തകനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി.
ചേലക്കര പഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് മുസ്തഫ അരി നല്‍കാമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: