തൃശൂര്‍ : ലോക്ക് ടൗണിനെ തുടര്‍ന്ന് ബിവറേജ് ഷോപ്പുകളും ബാറുകളും അടച്ചതോടെ വ്യാജ വാറ്റുകാര്‍ക്ക് ചാകര കാലം. ജില്ലയില്‍ വ്യാപകമായി വ്യാജ ചാരായം വില്‍പ്പന നടക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ഇരട്ടി വിലയിലാണ് വില്‍പ്പന. മദ്യപാനം ശീലമാക്കിയവര്‍ ദിവസവും എത്തുന്നതിനാല്‍ കച്ചവടം വന്‍ ലാഭത്തിലാണ് നടക്കുന്നത്.
വാറ്റു ചാരായത്തിനു പുറമെ കള്ള് വില്പനയും തകൃതിയായി നടക്കുന്നുണ്ട്. നഗരത്തെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതലും വ്യാജ ചാരായ വില്പന തകൃതിയായി നടക്കുന്നത്. നിരോധനത്തെ തുടര്‍ന്ന് കള്ള് ചെത്തു ഇപ്പോള്‍ നടക്കുന്നില്ല. അഥവാ ചെത്തുന്ന കള്ള് തെങ്ങിന്റെ കടയ്ക്ക് തന്നെ ഒഴിച്ച് കളയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍ പലരും നിര്‍ദേശം പാലിക്കാതെ കള്ള് വില്‍ക്കുകയാണ്. ദിവസവും ചെത്താതെ ഇരുന്നാല്‍ തെങ്ങിന് കുലയ്ക്ക് കേട് വരുമെന്നതിനാല്‍ ജില്ലയിലെ തൊഴിലാളികളെല്ലാം തന്നെ കള്ള് ചെത്തുന്നുണ്ട്.
വ്യാജ വാറ്റും വില്പനയും നടക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിക്കുന്നുണ്ടെങ്കിലും തടയാന്‍ കഴിയുന്നില്ല. ചാരായ വില്‍പ്പനയേ കുറിച് ദിവസവും നിരവധി ഫോണ്‍ കോളാണ് എക്സൈസിന് വരുന്നത്. ഇതനുസരിച് എക്സൈസ് സംഘം വാഹനവുമായി റെയ്ഡിന് പോകുന്നുണ്ടെങ്കിലും ആരെയും പിടികൂടാന്‍ പറ്റുന്നില്ല.
പലപ്പോഴും ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ തെറ്റാണെന്നു എക്സൈസ് അധികൃതര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപന സാഹചര്യത്തിലും ഊര്‍ജിതമായി എക്സൈസ് പരിശോധന നടത്തുന്നുണ്ട്. വീടുകളിലും പരിശോധന ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ ഫോണ്‍ വിളിയും വരുമ്പോള്‍ ഉടനെ റെയ്ഡിന് പോയി വലഞ്ഞിരിക്കുകയാണ് എക്സൈസ് സംഘം. എന്നാല്‍ കിട്ടിയ സാഹചര്യം മുതലെടുത്തു വ്യാജ ചാരായവും കള്ളും വ്യാപകമായി വില്പന നടത്തി ജില്ലയില്‍ ഒരു വിഭാഗം വന്‍ ലാഭം നേടുകയാണ് ലോക് ഡൗണ്‍ കാലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: