തൃശൂര്‍ : വെജിറ്റബിള്‍ വേസ്റ്റ്, ഫ്രൂട്സ് വേസ്റ്റ്, ഹോട്ടല്‍ വേസ്റ്റ് എന്നിവ ഭക്ഷിക്കുന്ന നഗരത്തിലെ 50-ഓളം കന്നുകാലികള്‍ മുഴു പട്ടിണിയില്‍. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച കോര്പറേഷന് ആദ്യ ദിവസം വെള്ളം കൊടുത്തുവെങ്കിലും പിന്നീട് നിലച്ചു.
കോര്പറേഷന് ഭക്ഷണം നല്‍കുന്നില്ലെന്ന് മാത്രമല്ല ശക്തന് നഗറിലെ പച്ചക്കറി വേസ്റ്റ് സംഭരിച്ചു പന്നി ഫാമുകളിലേക്കു വിതരണം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഭക്ഷണം കിട്ടാതെ അലഞ്ഞു കന്നുകാലികള്‍ കൂര്‍ക്കഞ്ചേരി വരെ എത്തിയിരുന്നു. ഇതെ തുടര്‍ന്ന് മൃഗ സ്നേഹികള്‍ വടക്കേ സ്റ്റാന്‍ഡ്, ശക്തന് സ്റ്റാന്‍ഡ്, പബ്ലിക് ലൈബ്രറി, തെക്കേ ഗോപുരനട എന്നിവിടങ്ങളില്‍ കാലികള്‍ക്ക് കുടിവെള്ളം നല്കി. വൈക്കോല്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഇതു ശീലം ഇല്ലാത്തതിനാല്‍ കന്നുകാലികള്‍ കഴിക്കുന്നില്ല.
ഉത്തരവാദിത്തമുള്ള കോര്പറേഷന് കാലികള്‍ക്കു ഭക്ഷണം നല്കാന് നടപടി എടുക്കുന്നില്ലെന്നു ആക്ഷേപമുണ്ട് . കൊറോണയെ തുടര്‍ന്ന് പ്രത്യേക സാഹചര്യത്തില്‍ ശക്തന് നഗറിലെ പച്ചക്കറി വേസ്റ്റ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ചു മേയര്‍, കളക്ടര്‍ എന്നിവര്‍ക്ക് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സംഘടന പരാതി നല്കി. ശക്തന് നഗറില്‍ നിന്ന് കാലികള്‍ക്കു ലഭിക്കുന്ന ഭക്ഷണം മുടക്കരുതെന്നും വിഷയത്തില്‍ ഉടനെ ഇടപെട്ടു പരിഹാരം ഉണ്ടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: