Categories: World

ഒരാഴ്ചയ്‌ക്കിടെ പൊലിഞ്ഞത് മുപ്പതിനായിരത്തിലേറെ പേരുടെ ജീവന്‍; 36,169 പേരുടെ നില അതീവ ഗുരുതരം; ഭീതി പരത്തി കൊവിഡ്

ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം പൂര്‍ണമായും ഭേദമായിട്ടുണ്ട്.

Published by

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ആശങ്ക വിതച്ച് കൊറോണ മരണം അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മുപ്പത്തിമൂവായിരത്തോളം പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നവംബര്‍ പകുതിയോടെയാണ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. മാര്‍ച്ച് അവസാന വാരത്തിന്റെ ആദ്യം വരെ പതിനേഴായിരം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നീടുള്ള ഏഴ് ദിവസങ്ങളിലാണ് അതിന്റെ ഇരട്ടിയലധികം മരണം റിപ്പോര്‍ട്ട് ചെയതത്.

ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം പൂര്‍ണമായും ഭേദമായിട്ടുണ്ട്. 36,224 പേരുടെ നില അതീവ ഗുരുതരം. ഇറ്റലി, സ്‌പെയിന്‍, അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കു പുറമേ നെതര്‍ലന്‍ഡ്‌സിലും രോഗം പടര്‍ന്നു കയറുകയാണ്. ഇതുവരെ 1,339 പേര്‍ മരിച്ചു. 14,697 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 250 പേര്‍ക്കാണ് ഭേദമായത്.

ന്യൂയോര്‍ക്കും ന്യൂജഴ്‌സിയും  റെഡ് സോണില്‍ തന്നെ

അമേരിക്കയില്‍ ഇന്നലെ പുതിയ നാനൂറോളം കേസുകളാണ് ഉടലെടുത്തത്. ഇതോടെ വൈറസ് ബാധിതര്‍ 2,15,395 ആയി. മരണം 5,113 ആയി. ഇന്നലെ മാത്രം പന്ത്രണ്ടിലധികം പേര്‍ മരിച്ചു. 8,892 പേര്‍ക്ക് രോഗം ഭേദമായി. 2,219 പേര്‍ മരിച്ച ന്യൂയോര്‍ക്കാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇവിടെ 83,901 പേര്‍ക്ക് രോഗബാധയുണ്ട്. 355 പേര്‍ മരിച്ച ന്യൂജഴ്‌സിയും (രോഗബാധ 22,255) 337 പേര്‍ മരിച്ച മിഷിഗണും (രോബാധ 9,334) 215 പേര്‍ മരിച്ച കാലിഫോര്‍ണിയയും 273 പേര്‍ മരിച്ച ലൂസിയാനയും 254 പേരുടെ ജീവന്‍ നഷ്ടപ്പെട്ട വാഷിങ്ടണും റെഡ് സോണില്‍ തന്നെ.

നിര്‍വികാരമായി ഇറ്റലി

തണുത്തുറഞ്ഞ മരണങ്ങള്‍ നിത്യസംഭവമായതോടെ ഇറ്റലിയെന്ന കൊച്ചുരാജ്യം മരവിപ്പിന്റെ ആഴങ്ങളിലാണ്. 1,10,574 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ 13,155 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 16,847 പേര്‍ക്ക് ഭേദമായി. ചൈനയില്‍ ഒരിടവേള കഴിഞ്ഞ് രോഗം നിയന്ത്രണാധീതമായെങ്കിലും ഇറ്റലിയില്‍ നിന്ന് അത്തരമൊരു ആശ്വാസ വാര്‍ത്തയില്ല.

സ്‌പെയിന്‍

കാളപ്പോരിന്റെ ഈറ്റില്ലത്തില്‍ മരണത്തിന്റെ മല്‍സരം. പതിനായിരത്തിലധികം പേരുടെ ജീവനാണ് കൊറോണയെടുത്തത്. 1,10,238 പേര്‍ക്ക് രോഗം ബാധിച്ചു. 26,743 പേര്‍ക്ക് ഭേദമായി.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ രോഗബാധ 56,989. മരണം 4032. ദേഭമായത് 10935. ഫ്രഞ്ച് ഭരണകൂടം കടുത്ത നടപടികള്‍ എടുത്തിട്ടും സമൂഹ വ്യാപനം ഫലപ്രദമായി തടയാന്‍ സാധിച്ചിട്ടില്ല.

ബ്രിട്ടനും യുഎസ് വഴിയില്‍

അമേരിക്കയുടെ വഴിയിലാണ് ബ്രിട്ടനുമെന്നാണ് റിപ്പോര്‍ട്ട്. 33,718 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ മൂവായിരത്തോളം പേര്‍ മരിച്ചു. 135 പേര്‍ക്കു മാത്രമാണ് രോഗം പൂര്‍ണമായി ഭേദമായത്.

ഇറാന്‍

മരണം 3,160. വൈറസ് ബാധിതര്‍ 50,468. ഭേദമായവരുടെ എണ്ണം ആശ്വാസത്തിന് വകനല്‍കുന്നുണ്ട്, 16,711.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by