കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നിര്‍ബന്ധമായി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ സംഘം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ശേഷിക്കനുസരിച്ച് തുക കൊറോണ പ്രതിരോധത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നല്കാന് അവസരം നല്‍കുകയാണ് വേണ്ടത്. തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു നിശ്ചിത ശതമാനം തുക കുറവുവരുത്തിയ ശേഷമാണ് ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അത് തന്നെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്ന മുറക്ക് തിരികെ നല്‍കാം എന്ന ഉറപ്പും സര്‍ക്കാര്‍ ഉത്തരവില്‍ കൂടി രേഖപ്പെടുത്തിയിരിക്കുന്നു. ഇതുപോലെ ഒരു നിശ്ചിത ശതമാനം തുക ട്രഷറിയില്‍ തന്നെ നിലനിര്‍ത്തുകയും സാമ്പത്തികാവസ്ഥ മെച്ചമാകുന്ന മുറയ്ക്ക് ഈ തുക ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും തിരിച്ചു നല്‍കുകയുമാണ് സംസ്ഥാനത്തും ചെയ്യേണ്ടത്.
കൊറോണ പോലുള്ള മഹാമാരികള്‍ അതിജീവിക്കേണ്ടത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം ആയിരിക്കെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ കുറവ് വരുത്തുന്നത് അനുചിതമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം നിരന്തരം ജീവനക്കാരിലും അധ്യാപകരിലും അടിച്ചേല്‍പ്പിക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
സംസ്ഥാനത്തെ കോളേജുകളില്‍ അധ്യാപക നിയമനത്തിന് ഓരോ തസ്തികയ്ക്കും 16 മണിക്കൂര്‍ തന്നെ വേണം എന്നുള്ള ഉത്തരവ് യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂരിപക്ഷം കോളേജുകളിലും കോംപ്ലിമെന്ററി വിഷയങ്ങള്‍ക്ക് പതിനാറില്‍ താഴേ മാത്രം മണിക്കൂറുകളാണ് ഉള്ളത്. പുതിയ ഉത്തരവ് മൂലം ഇത്തരം തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കും. അത് സമയബന്ധിതമായ മൂല്യനിര്‍ണയത്തെയും ഫലപ്രഖ്യാപനത്തയും സാരമായി ബാധിക്കും. അതിനാല്‍ കോംപ്ലിമെന്ററി വിഷയങ്ങളിലും ഏകാധ്യാപക വിഷയങ്ങളിലും മുമ്പുണ്ടായിരുന്നതുപോലെ ഒന്‍പത് മണിക്കൂറില്‍ ഒരു തസ്തിക അനുവദിക്കണം. സേവനവിരുദ്ധമായ ഇത്തരം എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും മരവിപ്പിക്കണമെന്നും ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ഡോ. സി.പി. സതീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: