ചങ്ങനാശ്ശേരി: എയിഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലിയുണ്ടെങ്കിലേ അധ്യാപക തസ്തിക അനുവദിക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. നിലവില്‍ 9 മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരം ഉണ്ടെങ്കില്‍ തസ്തിക സൃഷ്ടിക്കാം. ഒരു പിജി കോഴ്സിന് കുറഞ്ഞത് 5 അധ്യാപകരെ നിയമിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഒരു പിജി കോഴ്സിന് അധ്യാപകരുടെ എണ്ണം അഞ്ചില്‍നിന്ന് മൂന്നാകും. മാനേജ്മെന്റുകളുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്താതെയാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഈ ഉത്തരവിന് 2018 മെയ് 9 മുതല്‍ മുന്‍കാലപ്രാബല്യവും നല്‍കിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസം നേടി തൊഴിലില്ലാതെ അലയുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ തൊഴിലസവരം നഷ്ടമാകാനും ഇത് കാരണമാകുമെന്നും പുനഃപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം യുക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: