റായ്പൂര്‍: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യവും പല ലോകരാഷ്ട്രങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രതിരോധം ശക്തമാക്കിയിരിക്കുയാണ്. ലോക്ക്ഡണിന്റെ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങളെ നന്നായി വലയ്ക്കുന്നുമുണ്ട്. എന്നാല്‍, മഹാമാരിക്കെതിരേ ജനത ഒന്നടങ്കം പൊരുതാന്‍ മനസുകൊണ്ടു സജ്ജമായിരിക്കുകയാണ്. ഇതിനിടെയാണ് ഛത്തിസ്ഗഡിലെ റായ്പൂരില്‍ നിന്നു വ്യത്യസ്തമായൊരു വാര്‍ത്ത. ലോക്ക്ഡൗണിന്റെ പ്രതിസന്ധികളെ തരണം ചെയ്തു ഭൂമിയിലെത്തിയ ഇരട്ടക്കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഈ കാലഘട്ടത്തെ ഓര്‍മിപ്പിക്കാന്‍ പേരിട്ടു, കൊറോണയും കോവിഡും. മാര്‍ച്ച് 27ന് റായ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇരട്ടക്കുട്ടികളായി ഒരാണ്കുട്ടിലും പെണ്‍കുട്ടിയും റായ്പൂരിലെ ദമ്പതികള്‍ക്ക് പിറന്നത്.
ഈ പ്രതിസന്ധി കാലത്തില്‍ ഞങ്ങള്‍ക്ക് സന്തോഷവുമായി എത്തിയവരാണ് ഈ ഇരട്ടക്കുട്ടികള്‍. അതുകൊണ്ടു തന്നെ ഏറെ പ്രയാസമുള്ള ഈ കാലത്തെ ഓര്‍മയില്‍ സൂക്ഷിക്കണമെന്നു തോന്നി. അതിനാല്‍ ആണ്‍കുട്ടിക്ക് കോവിഡ് എന്നും പെണ്‍കുട്ടിക്ക് കൊറോണ എന്നും പേരിട്ടെന്നു മാതാവ് പ്രീത വര്‍മ പറഞ്ഞു. ഭര്‍ത്താവും ഈ തീരുമാനത്തിന് പൂര്‍ണപിന്തുണ നല്‍കിയെന്നും പ്രീതി.
ഇരട്ടക്കുട്ടികള്‍ ജനിച്ചപ്പോള്‍ ആശുപത്രിയിലെ ജീവനക്കാരാണ് കുട്ടികളും കോവിഡ് എന്നും കൊറോണ എന്നും വിളിച്ചു തുടങ്ങിയത്. അതിനാല്‍, ഈ പേര് തന്നെ കുട്ടികള്‍ക്ക് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 26നാണ് പ്രസവവേദന ആരംഭിച്ചത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ വാഹനം ലഭിച്ചില്ല. തുടര്‍ന്ന് എറെ പ്രയാസപ്പെട്ടാണ് ഒരു ആംബുലന്‍സ് എത്തിക്കാന്‍ ഭര്‍ത്താവിന് ആയത്. ആശുപത്രിയിലേക്ക് പോകും വഴി നിരവധി സ്ഥലങ്ങളില്‍ പോലീസ് ആംബുലന്‍സ് തടഞ്ഞിരുന്നു. എന്നാല്‍, തന്റെ അവസ്ഥ കണ്ടു വളരെവേഗം പോലീസ് വഴിയൊരുക്കിയെന്നും പ്രീതി. ഡോ.ബി.ആര്. അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരും നഴ്സുമാരും തന്നെ നന്നായി പരിചരിച്ചെന്നും പ്രീതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: