എല്ലാ അവകാശവാദങ്ങള്‍ക്കുമപ്പുറം കേരളം ഇനിയും ഒരുപാട് മാറാനുണ്ട് എന്ന സന്ദേശമാണ് വയനാട്, പാലക്കാട് ജില്ലകളിലെ വനവാസി കോളനികള്‍ നല്‍കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഊരുകളിലെ നിരവധി കുടുംബങ്ങള്‍ രോഗഭീതിയിലും അവശ്യവസ്തുക്കള്‍ കിട്ടാനില്ലാതെയും കഴിയുകയാണെന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തെ ഭരണ സംവിധാനത്തിന് നേരെ വലിയൊരു ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. അട്ടപ്പാടിയിലെ വനവാസി ഊരുകള്‍ പട്ടിണിയുടെ വക്കിലാണ്. വാഹന സൗകര്യമില്ലാത്തതിനാല്‍ ടൗണില്‍ പോയി റേഷനരി വാങ്ങണമെങ്കില്‍ പോലും പത്ത് കിലോമീറ്റര്‍ നടക്കണം. ഒരു പ്രത്യേകതരം പുല്ലുകൊണ്ട് ഉണ്ടാക്കുന്ന ചൂല് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വനവിഭവങ്ങള്‍ ശേഖരിച്ച് നാട്ടില്‍ക്കൊണ്ടുപോയി വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ കൊറോണ നിരീക്ഷണത്തിലുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവ് ഊരുകള്‍ സന്ദര്‍ശിച്ചത് ഈ പാവങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തിരിക്കുന്നു. കുടകിലേക്ക് തൊഴിലിനു പോകാന്‍ കഴിയാത്തതിനാല്‍ വയനാട്ടിലെ നിരവധി ആദിവാസി ഊരുകളിലുള്ളവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്.
കൊറോണ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയ മറുനാടന്‍ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിളിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നാണ്. ആഗ്രഹിക്കുന്ന ഭക്ഷണം പോലും അവര്‍ക്ക് ലഭ്യമാക്കുമത്രേ. ചില മതതീവ്രവാദ സംഘടനകളുടെ താല്‍പ്പര്യപ്രകാരമാണ് ഇക്കൂട്ടര്‍ നിയമവിരുദ്ധമായി സംഘടിച്ചതും തെരുവിലിറങ്ങിയതെന്നും പറയപ്പെടുന്നു. എന്നിട്ടും ഇക്കൂട്ടരെ വാരിപ്പുണരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് പിന്നില്‍ അവര്‍ സംഘടിതരാണെന്ന ഒറ്റക്കാരണമാണുള്ളത്. ഈ സംഘടിത ശക്തി ഭാവിയില്‍ വോട്ടാക്കി മാറ്റാമെന്ന ദുഷ്ടലാക്കും മറുനാടന്‍ തൊഴിലാളികള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. നാട്ടുകാരായ അസംഘടിത തൊഴിലാളി സമൂഹത്തിന്റ കാര്യത്തിലും ഇതേ ആശങ്കയും ജാഗ്രതയും സര്‍ക്കാര്‍ കാണിക്കേണ്ടതല്ലേ?
ഇതിനിടെയാണ് പതിറ്റാണ്ടുകളായി രോഗദാരിദ്ര്യ പീഡകളില്‍ കഴിഞ്ഞുകൂടുന്ന വനവാസികള്‍ക്ക് അങ്ങേയറ്റം പ്രതികൂലമായ ഒരു സാഹചര്യത്തില്‍ ജീവന് നിലനിര്‍ത്താനുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്പോലും സര്‍ക്കാര്‍ സംവിധാനം കനത്ത വീഴ്ച വരുത്തിയിരിക്കുന്നത്. അവഗണന എന്നതിനെക്കാള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണിതെന്ന് പറയേണ്ടിയിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ അട്ടപ്പാടി എന്ന പേരില്‍ ഒരു എത്യോപ്യ ഉണ്ടെന്ന കാര്യം ഇവിടുത്തെ ഭരണമുന്നണികള്‍ കഴിയാവുന്നത്ര മറച്ചുപിടിക്കുകയാണ് പതിവ്. വനവാസികളുടെ വികസനത്തിനുവേണ്ടി നീക്കിവയ്ക്കപ്പെടുന്ന കോടിക്കണക്കിന് രൂപ ശരിയായി വിനിയോഗിക്കാറില്ല എന്നത് പകല്‍പോലെ വ്യക്തമായിട്ടുള്ള കാര്യമാണ്. അട്ടപ്പാടിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികള്‍ അധരവ്യായാമം മാത്രമാണ് നടത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും ജീവനോപാധികള്‍ നശിച്ച്, മതിയായ ആഹാരമില്ലാതെ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി, ആരോഗ്യം ക്ഷയിച്ച്, രോഗത്തിന്റെ പിടിയിലമര്‍ന്ന് മരണത്തിലും ആത്മഹത്യയിലും അഭയം തേടുന്ന കാടിന്റെ മക്കളുടെ കണ്ണീരിന് ആരും ഒരു വിലയും കല്പ്പിക്കാറില്ല. വിശപ്പടക്കാന്‍ ഒരു പിടി അരിയെടുത്തതിന് മോഷണക്കുറ്റം ആരോപിച്ച് അരുംകൊല ചെയ്യപ്പെട്ട മധുവിന്റെ ദയനീയമായ മുഖം എത്രവേഗമാണ് നാം മറന്നു കളഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ലോകത്തെ വിഴുങ്ങാന്‍ വാപിളര്‍ന്നു നില്ക്കുന്ന കൊറോണ എന്ന മഹാമാരിക്ക് വനവാസി ഊരുകളിലെ സാധു മനുഷ്യരെ എറിഞ്ഞു കൊടുക്കുന്നത്. ഇത് അനുവദിച്ചു കൂടാ. ഈ കഠിനകാലത്ത് നിസ്വരായ ഈ മനുഷ്യര്‍ക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: