അന്നമയകോശവിചാരം തുടരുന്നു.
ശ്ലോകം 159
ത്വങ് മാംസമേദോളസ്ഥിപുരീഷ രാശൗ
അഹംമതിം മൂഢജനഃ കരോതി
വിലക്ഷണം വേത്തി വിചാരശീലോ
നിജസ്വരൂപം പരമാര്ത്ഥഭൂതം
തൊലി, മാംസം, കൊഴുപ്പ്, എല്ല്, മലം എന്നിവ ചേര്‍ന്ന ശരീരമാണ് ഞാന്‍ എന്ന് മൂഢര്‍ കരുതും. എന്നാല്‍ വിചാരശീലന്‍ യഥാര്‍ത്ഥത്തില്‍ തന്റെ സ്വരൂപം പരമാര്ത്ഥമായതെന്നും ശരീരത്തില്‍ വേറിട്ടതെന്നും അറിയും.
അറിവില്ലാത്തവരും അറിവുള്ളവരും ഈ ദേഹത്തെയും ആത്മാവിനെയും നോക്കിക്കാണുന്നതെങ്ങനെയെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു. ശരീരവുമായി വളരെയധികം താദാത്മ്യം പ്രാപിച്ചവനാണ് മൂഢന്. അങ്ങനെയുള്ളവര്‍ക്ക് ശരീരമാണ് ഞാന്‍ എന്ന ഉറച്ച തോന്നലാകും ഉണ്ടാകുക. ദേഹസംരക്ഷണത്തിന് അമിത പ്രാധാന്യം നല്‍കും. സമൂഹത്തിലെ ഭൂരിഭാഗം പേരും ഇതില്‍പെടും.
അത് തൊലിയും മാംസവും കൊഴുപ്പും എല്ലും മലവും മൂത്രവുമൊക്കെ ചേര്‍ന്നതാണെന്ന ക്യാരം പോലും ഓര്‍മ്മയുണ്ടാവില്ല. ഇനി ഇതൊക്കെ അറിയാമെങ്കിലും അതിന്റെ പുറംമോടി ആകാര വടിവും കണ്ട് അതില്‍ മയങ്ങിപ്പോകും. സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ആസ്വദിക്കുകയാണ് ഓരോ വട്ടവും, കൊച്ചു കുട്ടി മുതല്‍ പ്രായമായവര്‍ വരെ ഇങ്ങനെയാണ്. വലിയ പഠിപ്പുണ്ടെന്ന് കരുതുന്നവര്‍ പോലും ഇത്തരത്തില്‍ ഒന്നാന്തരം മൂഢന്മാരാണ്.
വിചാരശീലരായവര്ക്ക് ആത്മസ്വരൂപത്തെ തിരിച്ചറിയാനാകും. താന്‍ പരമാത്മാവ് തന്നെയെന്ന് അനുഭവമാകുകയും ചെയ്യും. ആത്മാവ് ദേഹമല്ല എന്നും ദേഹത്തില്‍ വേറിട്ടതെന്നും ബോധ്യമാകും.
ശ്ലോകം 160
ദേഹേളഹമിത്യേവ ജഡസ്യ ബുദ്ധിഃ
ദേഹേ ച ജീവേ വിദുഷസ്ത്വഹംധീഃ
വിവേക വിജ്ഞാനവതോ മഹാത്മനോ
ബ്രഹ്മാഹമിത്യേവ മതിഃ സദാത്മനി
ഞാന്‍ ദേഹമാണെന്ന് മണ്ടന്മാര് കരുതുന്നു. പുസ്തക ജ്ഞാനം നേടിയവര്‍ ദേഹവും ജീവനും ചേര്‍ന്നതാണ് ഞാന്‍ എന്ന് അഭിമാനിക്കും. വിവേകവിജ്ഞാനമുള്ള മഹാത്മാവ് ഞാന്‍ ബ്രഹ്മമാണ് എന്ന ബുദ്ധിയോടെ എപ്പോഴും സ്വയം ആത്മ അനുഭവത്തിലിരിക്കുന്നു.
ദേഹാഭിമാനികളായവര് താന്‍ ഈ ദേഹമാണ് എന്ന തോന്നലായിരിക്കും എല്ലായ്പോഴും. താനും ഈശ്വരനും വേറെയാണ് എന്ന് അവര്‍ കരുതും.
എന്നാല്‍ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ചവര്‍ക്ക് താന്‍ ദേഹവും ജീവനുമാണെന്ന ചിന്തയാകും ഉണ്ടാകുക. എന്നാല്‍ വിവേകവിചാരം ചെയ്യുന്നവര്‍ക്ക് താന്‍ ആ പരമാത്മസ്വരൂപം തന്നെയാണെന്ന് ബോധ്യപ്പെടും.
ആഹാരം കഴിക്കാന്‍ സ്പൂണ്‍ ഉപയോഗിക്കാറുണ്ട്. അതു കഴിഞ്ഞാല്‍ വേണ്ട താനും. അതുപോലെ വിഷയം അനുഭവിക്കാനുള്ള ഉപാധി മാത്രമാണ് ശരീരം.
അറിവില്ലാത്തവര്‍ക്ക് ഇത് എത്ര പറഞ്ഞാലും ബോധ്യപ്പെടില്ല.
ഭാരതത്തിലെ വേദാന്ത തത്വചിന്തയിലെ മൂന്ന് പ്രധാന ചിന്തകളായ ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം എന്നീ തത്വചിന്തകളോട് ഈ ശ്ലോകത്തിന് ബന്ധമുണ്ട്.ഓരോ നിലവാരത്തിലുള്ള ആളുകള്‍ക്ക് വേണ്ടിയാണ് അവ പറയുന്നത്. ഇവ പരസ്പരം വിരുദ്ധമായവയല്ല വിവിധ തലങ്ങളില്‍ നിന്നുള്ള കാഴ്ചപ്പാടുകളാണ്. ആദ്യത്തെ കൂട്ടരായ ദേഹാഭിമാനികള്‍ക്ക് ദ്വൈതമാണ് പറ്റിയത്. താന്‍ ദേഹം മാത്രം, ഈശ്വരന് വേറെ.
രണ്ടാമത്തെ കൂട്ടര്‍ക്ക് താന്‍ ഈശ്വരന്റെ അംശമെന്ന വിശിഷ്ടാദ്വൈതവും. ജീവന് ഈശ്വരന്റെ അംശമെന്ന് കരുതുന്നവരാണ്. വിചാരം ചെയ്യുന്നവര്‍ക്ക് അദ്വൈത വേദാന്തവും.
ഉപാധികളില്‍ ഭ്രമിച്ച ജീവന് അവ വെടിഞ്ഞാല്‍ തന്റെ പരമാര്‍ത്ഥ സ്വരൂപത്തെ പ്രാപിക്കും. അപ്പോള്‍ മാത്രമേ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭവം ഉണ്ടാകൂ.
ഇവ മൂന്നും ഒരു സാധകന്റെ ആദ്ധ്യാത്മിക യാത്രയിലെ ക്രമത്തിലുള്ള പടികളായി പറയാം. ദേഹാഭിമാനിയില് നിന്ന് പരമാത്മാ അനുഭൂതിയില്‍ എത്തണമെങ്കില്‍ വിവേകവികാരം കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: