ഭാരതീയ തത്വചിന്തയുടെ ഗിരിശൃംഗമാണ് അദ്വൈതവേദാന്തം. ശ്രീശങ്കരന്‍ ഇളക്കി വച്ചുറപ്പിച്ച അദ്വൈതപ്രതിഷ്ഠ അനശ്വരമാണ്. ദ്വൈതവേദാന്തത്തിന്റെ പ്രവാചക ഹൃദയങ്ങളും കാലാന്തരങ്ങളില്‍ ചിന്താപഥത്തില്‍ നക്ഷത്രവെളിച്ചം കൊളുത്തി. കര്‍ണാടകയിലെ ബൊല്ലഗ്രാമത്തില്‍ പിറവികൊണ്ട മാധ്വാചാര്യന്‍ പതിമൂന്നാം നൂറ്റാണ്ടിനെ ദ്വൈതചിന്തയുടെ പ്രകാശത്തിലെത്തിക്കുകയായിരുന്നു. വീട്ടില്‍ വിളിച്ചത് വസുദേവന്‍ എന്നാണ്. ഗുരുകുലത്തില്‍ ചേരും മുമ്പുതന്നെ സദ്‌സംഗങ്ങളില്‍ നിന്ന് ആത്മീയ സംസ്‌കാരമാര്‍ജിച്ചിരുന്നു. പതിനൊന്നാം വയസ്സില്‍ ഉഡുപ്പിയില്‍ അച്യുത പ്രജ്ഞര്‍ എന്ന യോഗിയെ ഗുരുവായി സ്വീകരിച്ചു, ‘പൂര്‍ണപ്രജ്ഞന്‍’ എന്ന സംന്യാസി നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.
ശാസ്ത്രവാദത്തിലും തര്‍ക്കശാസ്ത്രത്തിലും പല പണ്ഡിതന്മാരെയും പിന്നിലാക്കിയുള്ള ധൈഷണിക ജീവിതം പിന്നീട് വേദാന്ത പ്രചരണത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. ഇങ്ങനെ ആനന്ദതീര്‍ഥനായി മാറിയപ്പോള്‍ സ്വീകരിച്ച വൈദികദീക്ഷാനാമമാണ് ‘വാസുദേവന്‍ മധ്വന്‍’. ചിന്തയുടെ മധുര വചസ്സില്‍ ഗുരു മാധ്വാചാര്യനായി. കേരളപര്യടനത്തിടയില്‍ അദ്വൈതാചാര്യനായ ത്രിവിക്രമ പണ്ഡിതനെയും വിദ്യാശങ്കരസ്വാമികളെയുമാണ് മാധ്വാചാര്യര്‍ സംവാദത്തില്‍ ജയിച്ചത്. ഇത്തരം വിജയഗാഥകളുടെ കഥ ‘ശ്രീമധ്വ വിജയത്തില്‍’ രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭാരതപര്യടനം ശ്രീപത്മനാഭം, കന്യാകുമാരി, രാമേശ്വരം, ശ്രീരംഗം തുടങ്ങിയ തീര്‍ഥപഥങ്ങളിലൂടെയായിരുന്നു.
ഋഗ്ഭാഷ്യം, ഭഗവദ്ഗീതാ ഭാഷ്യം, ഭാഗവത താത്പര്യം, തിഥി നിര്‍ണയം, തുടങ്ങിയ മാധ്വഗ്രന്ഥങ്ങളില്‍ സനാതനധര്‍മത്തിന്റെ വിശ്വാദര്‍ശങ്ങള്‍ പ്രകടമാകുന്നു. പ്രഭാഷണ സമാഹാരമായ ‘കര്‍മനിര്‍ണയ’വും ‘കൃഷ്ണാമൃത മഹാര്‍ണവ’വും വേദവിത്തായ മാധ്വാചാര്യന്റെ വചനപ്രഘോണമാണ്. കന്നടഭാഷയില്‍ രചിച്ച കീര്‍ത്തനങ്ങള്‍ മാധ്വാചാര്യനിലെ വാഗ്ഗേയകാരനെ അടയാളപ്പെടുത്തുന്നു.
പുരന്ദരദാസന്‍, കനകദാസന്‍, വിജയദാസന്‍ തുടങ്ങിയവരാണ് സംഗീതപരമ്പരയിലെ വിശ്രുതശിഷ്യന്മാര്‍. അധിനിവേശമതങ്ങളുടെ കടുംപിടുത്തത്തില്‍ നിന്ന് വൈദികമതത്തെ പുനരുജ്ജീവിപ്പിച്ച മാധ്വഗുരു സ്ഥാപിച്ച എട്ടുമഠങ്ങളും ഇന്നും വൈദികവേദിയുടെ അഗ്നിജ്വാല പടര്‍ത്തുന്നു. മലപ്പുടവ മണ്ഡേശ്വരത്ത് ബലരാമവിഗ്രഹവും ഉഡുപ്പിയില്‍ ശ്രീകൃഷ്ണവിഗ്രഹവും പ്രതിഷ്ഠിച്ചത് ആചാര്യനാണ്.
അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിര്‍ത്ത് പുതിയൊരു സമൂഹസംവിധാനം ക്രമപ്പെടുത്തുകയായിരുന്നു മാധ്വാചാര്യന്റെ പരമലക്ഷ്യം. അറിവിന്റെ മാമരങ്ങളായ ശോഭനഭട്ടന്‍, പദ്മതീര്‍ഥര്‍, വിശ്വപതി തീര്‍ഥര്‍, രഘുവര്യതീര്‍ഥര്‍ എന്നിവര്‍ ഗുരുവിന്റെ ശിഷ്യപ്രമുഖരാണ്. ഒരു കാലഘട്ടത്തെ മുഴുക്കെ ധൈഷണികവും ചിന്താപരവുമായ കര്‍മയോഗത്താല്‍ മാധ്വാചാര്യന്‍ ചൈതന്യധന്യമാക്കി. ദ്വൈതദര്‍ശനത്തിന്റെ പ്രായോഗിക സരണി എന്നും പ്രസാദാത്മകമായ ആശയസമുച്ചയത്താല്‍ പ്രചോദിതമാണ്. പ്രായോഗിക വേദാന്തത്തിന്റെ നിത്യസപ്ര്‍ശമായി ഗുരു ചരിത്രത്തില്‍ അടയാളപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: