തിരുവനന്തപുരം: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ശരിയായ നടപടി അല്ലെന്ന് അസോസിയേഷന് ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് (അസെറ്റ്). സംസ്ഥാനത്തുണ്ടാകുന്ന എല്ലാ ധന പ്രതിസന്ധികളെയും ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണവുമായി ബന്ധിപ്പിക്കുന്ന വിചിത്രവാദം സര്‍ക്കാര്‍ ഉയര്‍ത്തരുതെന്നും അസെറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചുമായി സഹകരിക്കും. ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ശരിയായ നടപടിയല്ല. ഗ്രൂപ്പ് ഡി ജീവനക്കാര്‍ അടക്കമുള്ള കുറഞ്ഞ വരുമാനമുള്ളവരുടെ കാര്യത്തിലും രോഗികളായ ജീവനക്കാരുടെ കാര്യത്തിലും നിര്‍ബന്ധിത പിടിച്ചെടുക്കല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.
ഏത് സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം അധ്യാപകരുടെയും ജീവനക്കാരുടെയും സാലറി ചലഞ്ചാണ് എന്ന ലളിത യുക്തിയുള്ള വിഭവ സമാഹരണ രീതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും ഉന്നത തലത്തില്‍ സാമ്പത്തിക നിയന്ത്രണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയ പുനരധിവാസത്തിനായി നടത്തിയ അനാവശ്യമായ രാഷ്ട്രീയ നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കണം. അനാവശ്യ കമ്മീഷനുകള്‍ പിരിച്ചു വിടണം. ധൂര്‍ത്തും അമിത ചിലവും ഒഴിവാക്കണം.
മുഴുവന്‍ അധ്യാപക സര്‍വ്വീസ് സംഘനകളോടും കൂടിയാലോചിച്ച ശേഷമാണ് സാലറി ചലഞ്ചില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സാലറി ചലഞ്ചിനൊപ്പം വിഭവ സമാഹരണത്തിനായി ബദല്‍ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടേണ്ടതുണ്ട്.
ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടി വന്ന സംസ്ഥാന ജീവനക്കാരേയും അധ്യാപകരേയും പ്രാദേശികമായി ഉപയോഗപ്പെടുത്താനുള്ള മാനേജ്മെന്റ് സര്‍ക്കാര്‍ ഇനിയും ആവിഷ്കരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ഉയര്‍ന്ന ഗുരുതര ആക്ഷേപങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിന് സുതാര്യതയുള്ളതും നിയമപരവുമായ നിര്‍വഹണരീതി സൃഷ്ടിക്കണമെന്നും അസെറ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: