മാഡ്രിഡ്: യൂറോപ്പിനെ ദുരിതത്തിലാഴ്ത്തി കൊറോണ. മുപ്പതിനായിരം ജീവനാണ് മഹാമാരിയില്‍ യൂറോപ്പിന് നഷ്ടമായത്. ഇറ്റലിക്ക് പിന്നാലെ സ്പെയ്നെയും വൈറസ് ബാധ വരിഞ്ഞു മുറുക്കിക്കഴിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴായിരത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ഒരുലക്ഷത്തിലധികം വൈറസ് ബാധിതരാണുള്ളത്. 864 പേര് കൂടി മരിച്ചു. ഒരു ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ആകെ മരണം 9,053 കടന്നു. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ചിരിക്കുന്നതും സ്പെയ്നിലാണ്. 22,647 പേര്‍ക്ക് സ്പെയ്നില്‍ ഇതുവരെ രോഗം ഭേദമായെങ്കിലും 5,872 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ആഗോള തലത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇരുനൂറോളം രാജ്യങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ കണ്ടെത്തി. നാല്‍പ്പത്തയ്യായിരത്തോളം പേര് മരിച്ചു. 1,90,000 പേര് വൈറസില്‍ നിന്ന് മുക്തി നേടി.
ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ മരണം 4,100 കവിഞ്ഞു. ആകെ വൈറസ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ രണ്ടു ലക്ഷത്തിലേക്കടുത്തു. 7,267 പേരാണ് ഇതുവരെ വൈറസ് മുക്തരായത്. 4,576 പേരുടെ നില ഗുരുതരമാണ്. സ്ഥിതി ഓരോ ദിവസവും വഷളാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സാമഗ്രികളുമായുള്ള റഷ്യന്‍ സൈനിക വിമാനം അമേരിക്കയിലേക്ക് തിരിച്ചു.
മഹാമാരിയെ ചെറുക്കാന്‍ ഒരുമിച്ച് നില്‍ക്കാനുള്ള ട്രംപിന്റെയും പുടിന്റെയും തീരുമാനത്തെ തുടര്‍ന്നാണ് നിത്യ ശത്രുക്കളായിരുന്നിട്ടും റഷ്യ സഹായഹസ്തവുമായി എത്തിയത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വൈറസ് ബാധിതര്‍ ഒരുലക്ഷത്തിലധികം ആയി. 13,000ത്തിലേറെ പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. 15,729 പേര് വൈറസില്‍ നിന്ന് മുക്തി നേടി. 4,023 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
ജര്‍മനിയില്‍ ഒറ്റ ദിവസം കൊണ്ട് വെന്റിലേറ്ററിലുള്ള വൈറസ് ബാധിതരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന. 1,189 പേരാണ് നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്നത്. ആകെ 2,675 പേര് അപകട നിലയിലുണ്ട്. വൈറസ് ബാധിതരുടെ എണ്ണം 75,000ത്തോട് അടുത്തെങ്കിലും 788 പേര് മാത്രമാണ് ജര്‍മനിയില്‍ മരിച്ചത്. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് രോഗം മൂര്‍ച്ഛിച്ചത് ആശങ്കയ്ക്കിടയാക്കി. 16,100 പേരാണ് ഇതുവരെ വൈറസില്‍ നിന്ന് മുക്തി നേടിയത്.
ഇറാനിലും വൈറസ് ബാധിതരുടെ എണ്ണം അടുത്തിടെ വീണ്ടും ക്രമാതീതമായി ഉയര്‍ന്നു. 49,000ത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും മൂവായിരത്തിലേറെ പേര്‍ക്ക് ജീവന് നഷ്ടടപ്പെടുകയും ചെയ്തു. 15,473 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 3,871 പേര് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദിവസം 25,000 പേരെ വീതം കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രിട്ടനില്‍ 381 പേര് ഇന്നലെ മരിക്കുകയും ആകെ മരണസംഖ്യ 2,400 കടക്കുകയും ചെയ്തതോടെയാണ് തീരുമാനം. മാര്‍ച്ച് 17 മുതല്‍ ലോക്ക്ഡൗണിലുള്ള ഫ്രാന്‍സില്‍ മരണം 3,500 കടന്നു. 53,000ല്‍ പരം രോഗികളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: