തെയ്യം, തിറ എന്നീ ചടങ്ങുകളുടെ ഭാഗമായിട്ടുള്ള തുള്ളിപ്പറയലില് നിന്നും വ്യത്യസ്തമായി വാനശാസ്ത്രം (astronomy), സാധ്യതാസിദ്ധാന്തം (probability theory), തത്ക്കാലഗ്രഹസ്ഥിതി ഭൂത-വര്‍ത്തമാന-ഭാവിസംഭവങ്ങളെ സൂചിപ്പിക്കുന്നു എന്ന തത്വത്തിലൂന്നിയ യുക്തിചിന്താപദ്ധതി എന്നിവ ചേര്‍ത്തതാണീ വഴി. ഈ ജ്യോതിഷപദ്ധതിയെ ഇന്നു കൈകാര്യം ചെയ്യുന്ന രീതിയില്‍ ധാരാളം അപാകതകള്കാണാം. ഇതിലൊന്നാണ് അയനാംശം എന്ന സംഖ്യയിലുള്ള അഭിപ്രായഭിന്നത.
രാശിചക്രം (zodiac) രണ്ടു തരത്തിലുണ്ട്- ചലിക്കുന്നതും സ്ഥിരവും. രാശിവൃത്തത്തിന്റെ തുടക്കബിന്ദുവായി (zero point) ലോകമെമ്പാടും കരുതിവരുന്നത് അശ്വിനി നക്ഷത്രക്കൂട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ബിന്ദുവാണ്. ഇതാണു മേടം രാശിയുടെ തുടക്കവും. അതിനാല്‍ ഈ ബിന്ദുവിനെ മേഷബിന്ദു എന്നു പറയുന്നു. നക്ഷത്രങ്ങള്‍ സാവധാനം മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യ-ചന്ദ്രന്മാരുടെ ആകര്ഷണശക്തികൊണ്ടും മറ്റും ഈ മേഷബിന്ദു ആകട്ടെ പിറകോട്ടും ചലിക്കുന്നു (precession of the equinox). മേഷബിന്ദുവിന്റെ ഈ പിന്ചലനത്തെപ്പറ്റി വേദത്തില്‍ പരാമര്‍ശമുണ്ട്. ഏകദേശം 50.333 ചാപസെക്കന്റുകളാണ് ഇപ്പോള്‍ ഇതിന്റെ വാര്ഷികഗതി. ഏതാണ്ട് ആര്യഭടീയം എഴുതിയ കാലത്ത് ഈ ബിന്ദു അശ്വതിനക്ഷത്രത്തുടക്കത്തിലായിരുന്നുവത്രെ.
കാലം മുന്നോട്ടു പോയപ്പോള്‍ നക്ഷത്രങ്ങള്‍ മുന്നോട്ടും മേഷബിന്ദു പിന്നോട്ടും പോയി. ഇപ്പോള്‍ ആര്യഭടീയകാലത്തെ സ്ഥിതിയില്‍ നിന്നും ഏതാണ്ട് ഇരുപത്തിനാലു ഡിഗ്രി പിന്നിലാണ് ഈ മേഷബിന്ദു സ്ഥിതി ചെയ്യുന്നത്. വാനശാസ്ത്രഗണിതം ഈ മേഷബിന്ദുവിന്റെ തത്കാലസ്ഥിതിയെ ആസ്പദമാക്കിയാണ്. അശ്വതിനക്ഷത്രത്തിന്റെ തുടക്കത്തിലുള്ള മേഷബിന്ദുവിനെ ആധാരമാക്കിയ സ്ഥിരരാശിചക്രമാണ് ഭാരതീയഫലജ്യോതിഷത്തിനാധാരം. ചലിക്കുന്ന രാശിചക്രവും ഈ സ്ഥിരചക്രവും തമ്മിലുള്ള ഈ വ്യത്യാസത്തെയാണ് അയനാംശം എന്നു പറയുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ അയനാംശത്തുകയെപ്പറ്റി പണ്ഡിതന്മാരുടെ ഇടയില്‍ കാര്യമായ അഭിപ്രായഭേദമുണ്ട്. തന്മൂലം ലാഹിരി അയനാംശം (ഭാരതീയസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ഇതാണ്), രാമന് അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, ഉഷാ-ശശി അയനാംശം, ചന്ദ്രഹരി അയനാംശം എന്നിങ്ങനെ ഇരുപത്തിഅഞ്ചിലധികം അയനാംശങ്ങള്‍ ഇന്നു നടപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: