പായിപ്പാട്ടും പെരുമ്പാവൂരും മറ്റ് ചിലയിടങ്ങളിലും ആയിരക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ കൊറോണ പ്രതിരോധത്തിന്റെ ലോക്ഡൗണ്‍ ലംഘിച്ചത് അവരെക്കുറിച്ചുള്ള ചര്‍ച്ച ഒരിക്കല്‍ കൂടി സജീവമാക്കിയിരിക്കുകയാണ്. പെരുമ്പാവൂരിനടുത്ത് നിയമ വിദ്യാര്‍ത്ഥിനി ലിഷ മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോഴായിരുന്നു ഇതിന് മുന്‍പ് മറുനാടന്‍ തൊഴിലാളികള്‍ ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലായിരുന്നു അത്. മറുനാടന്‍ തൊഴിലാളികളുടെ കണക്കെടുക്കുമെന്നും ഡാറ്റാ ബേസ് തയ്യാറാക്കുമെന്നുമൊക്കെ അന്ന് അധികൃതരുടെ ഭാഗത്തുനിന്ന് പ്രസ്താവനകളുണ്ടായെങ്കിലും നാല് വര്‍ഷത്തിനിടെ ഒന്നും സംഭവിച്ചില്ല.
ലോകത്തില്‍ വച്ചുതന്നെ ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ ജനസംഖ്യയിലെ ഗണ്യമായ ഒരു വിഭാഗം മറുനാടന്‍ തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുമ്പോഴും എന്തുകൊണ്ടാണ് ഈ കുടിയേറ്റം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇടതുപക്ഷ കേരളം വിമുഖത കാണിക്കുന്നത്? ഇതിന് പിന്നില്‍ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയപരവും മതപരവുമായ കാരണങ്ങളുണ്ട്. ആരെങ്കിലും ഇതുസംബന്ധിച്ച അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ അവരെ മനുഷ്യവിരുദ്ധരായി മുദ്രകുത്തി ഒറ്റപ്പെടുത്തും. കവി സുഗതകുമാരിക്കുപോലും ഈ ദുര്‍ഗതി നേരിടേണ്ടി വന്നിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ‘അതിഥി തൊഴിലാളികള്‍’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മറുനാടന്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും പശ്ചിമബംഗാളില്‍നിന്നുള്ളവരാണ്. ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകാപരമായ രീതിയില്‍ ഭൂപരിഷ്കരണവും മറ്റും നടപ്പാക്കിയെന്ന് അവകാശപ്പെട്ട ബംഗാള്‍ 34 വര്‍ഷം ഭരിച്ചത് ഇടതുപക്ഷമായിരുന്നു. ഇത്തരമൊരു സമത്വസുന്ദര സ്വര്‍ഗത്തില്‍ നിന്ന് എന്തുകൊണ്ട് ആയിരക്കണക്കിനാളുകള്‍ ഉപജീവനത്തിനായി ഓടിപ്പോരുന്നു? കേരളത്തെ ബംഗാളാക്കുമെന്ന് ആവേശംകൊണ്ടിരുന്ന സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും വളരെ അസുഖകരമായ ചോദ്യമാണിത്. മൂന്നര പതിറ്റാണ്ടുകാലത്തെ ഇടതുഭരണം ബംഗാളിനെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും അധഃപതിപ്പിക്കുകയായിരുന്നു. ബംഗാളില്‍നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ ഈ സത്യം അംഗീകരിക്കേണ്ടിവരും. ഇത് ഇടതുപാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് ഇഷ്ടമല്ല.
ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞത് മറുനാടന്‍ തൊഴിലാളികളുടെ ഡാറ്റാ ബേസ് തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. കഴിയാഞ്ഞിട്ടല്ല, വേണ്ടെന്നു വച്ചിട്ടാണ്. ഇതിനും വ്യക്തമായ കാരണമുണ്ട്. ബംഗാളികളെന്ന് പറഞ്ഞ് ഇവിടേക്കു വന്നിട്ടുള്ള പലരും യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ല. അവര്‍ ബംഗ്ലാദേശികളാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബംഗാളിലെ ഒന്‍പത് ജില്ലകള്‍ അനധികൃത കുടിയേറ്റക്കാരുടെയും നുഴഞ്ഞുകയറ്റക്കാരുടെയും സ്വയംഭരണ പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇവരില്‍ പലരും കൊടും കുറ്റവാളികളുമാണ്. ഇക്കാര്യം ഭാരത സര്‍ക്കാരും ബംഗ്ലാദേശ് സര്‍ക്കാരും ഔദ്യോഗികമായി സമ്മതിച്ചിട്ടുമുണ്ട്. ആധാര്‍ കാര്‍ഡ് സമ്പാദിക്കുകയും വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുള്ള ഇക്കൂട്ടര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ഈ അനധികൃത പൗരന്മാരുടെ രക്ഷകര്‍ത്താക്കള്‍ ചമയാന്‍ പരസ്പരം മത്സരിക്കുകയാണ്. രാജ്യത്തെ നുഴഞ്ഞുകയറ്റക്കാര്‍ 20 ദശലക്ഷം വരുമെന്നാണ് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്നായപ്പോള് 5000 പേരാണ് ബംഗാളില്‍നിന്ന് അപ്രത്യക്ഷരായത്!
പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ പലയിടങ്ങളിലും നടന്ന സമരങ്ങളില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയില്‍ മറുനാടന്‍ തൊഴിലാളികള്‍ പങ്കെടുക്കുകയുണ്ടായി. ഇവരെ ഇതിനു പ്രേരിപ്പിച്ചത് ചില മതതീവ്രവാദ സംഘടനകളായിരുന്നു. താമസവും കൂലിയുമടക്കം തങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളിലൊന്നും പ്രതികരിക്കാത്ത ഈ ഭായിമാര്‍ എന്തുകൊണ്ടാണ് പൗരത്വ നിയമത്തിനെതിരെ മാത്രം രംഗത്തിറങ്ങിയത്? അല്ലെങ്കില്‍ രംഗത്തിറക്കിയത്. മതം ഇതിനു പിന്നിലെ പ്രേരണയാണ്. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് ഒന്നിലധികം തവണ മുഖ്യമന്ത്രി പിണറായി പരസ്യ പ്രസ്താവന നടത്തുകയുണ്ടായി. പക്ഷേ ഇക്കാര്യത്തില്‍ ആര്‍ക്കെതിരെ എന്തു നടപടിയാണ് ഉണ്ടായതെന്ന് അറിയില്ല. ഇനി ഉണ്ടാവാനും സാധ്യതയില്ല. കാരണം ഇതൊക്കെ പ്രസ്താവനകള്ക്കുവേണ്ടിയുള്ള പ്രസ്താവനകളാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പുലര്‍ത്തിയ നിശ്ശബ്ദതയും ശ്രദ്ധേയമാണ്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ ിന് അവശേഷിക്കുന്ന ജനപിന്തുണയുടെ ഒരു പങ്ക് ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെതാണ്.
മറുനാടന്‍ തൊഴിലാളികള്‍ മനുഷ്യരാണ്. അവര്‍ക്ക് എല്ലാ കാര്യത്തിലും മാനുഷികമായ പരിഗണന ലഭിക്കണം. പക്ഷേ അനിയന്ത്രിതമായ കുടിയേറ്റം കേരളത്തില്‍ സൃഷ്ടിക്കുന്ന ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങള്‍ കാണാതിരിക്കുന്നത് ആത്മഹത്യാപരമാണ്. കുറ്റകൃത്യങ്ങള്‍ക്ക് മതമില്ല. പക്ഷേ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് അവരുടെ മതം ഒരു വിധത്തിലും തടസ്സമായിക്കൂടാ.
പശ്ചിമബംഗാളിലും മറ്റും അനധികൃത കുടിയേറ്റക്കാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും എതിരെ നടപടിയെടുക്കാത്തത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. ചില നേതാക്കള്‍ ചില മണ്ഡലങ്ങളില്‍നിന്ന് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത് ഈ ആനുകൂല്യത്തിലാണ്. കേരളത്തിലും അനതിവിദൂര ഭാവിയില്‍ ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കാമെന്നാണ് പല മതതീവ്രവാദ സംഘടനകളും കണക്കുകൂട്ടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് കൂട്ടുനില്ക്കുമെന്നും അവര്‍ക്ക് അറിയാം. തങ്ങളുടെ മസില്പവറായി ഈ സംഘടനകള്‍ ഇപ്പോള്‍ത്തന്നെ മറുനാടന്‍ തൊഴിലാളികളെ ഉപയോഗിക്കുന്നു. പായിപ്പാട്ടെയും പെരുമ്പാവൂരിലെയും അപകടകരമായ നിയമലംഘനങ്ങള്‍ ഒരു മുന്നറിയിപ്പാണ്. കൊറോണയുടെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും തികഞ്ഞ ജാഗ്രത ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: