നാലുവര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദയനീയമായ പരാജയമുണ്ടാക്കിയത് മദ്യവ്യാപാരത്തിന്റെ സംശയങ്ങളാണ്. ബാര്‍ അനുവദിക്കുന്നതിലും ബാര്‍ ഉടമകളെ പിഴിയുന്നതിലും യുഡിഎഫ് ഭരണം വിദഗ്ധമായ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു ആരോപണം. ബാര്‍ ഉടമകള്‍ നല്കുന്ന കോഴപ്പണം എണ്ണാന്‍ ഒരു മന്ത്രിയുടെ വസതിയില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചെന്നുപോലും ആക്ഷേപിക്കപ്പെട്ടിരുന്നു. എക്സൈസ് മന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നത് ബാര്‍ വിവാദത്തെ തുടര്‍ന്നാണ്. അന്നത്തെ ധനകാര്യമന്ത്രിക്ക് കോഴയില്‍ മുഖ്യപങ്കെന്നാരോപിച്ച് ബജറ്റവതരിപ്പിക്കുന്നത് പോലും തടഞ്ഞു. ബജറ്റവതരണ ദിവസത്തില്‍ നിയമസഭയില്‍ മുമ്പൊരുകാലത്തും ഒരു നിയമസഭയിലും ഉണ്ടാകാത്ത സംഭവങ്ങളുണ്ടായി. സ്പീക്കറുടെ കസേരകളും കംപ്യൂട്ടറുകളും മാത്രമല്ല, പലരേഖകളും നശിപ്പിച്ചു. ആണ്-പെണ് നിയമസഭാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിവരെ നടന്നു. ഇത് ജനമനസ്സിലുണ്ടാക്കിയ അങ്കലാപ്പും നാണക്കേടും ചെറുതൊന്നുമല്ല. ഇതെല്ലാം കണ്ടും കേട്ടും കഴിഞ്ഞ ജനങ്ങളാണ് എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയത്.
എല്‍ഡിഎഫിന്റെ അന്നത്തെ പ്രകടനപത്രിക ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്ക്കുകയാണ്. പ്രകടനപത്രികയിലെ 552-ാം ഇനമായാണ് മദ്യനയത്തെക്കുറിച്ച് പറയുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി കുറിച്ചുവച്ചത് ഇപ്രകാരമാണ്: ‘മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ അഡിക്്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തും.’
ഇടതുമുന്നണി അധികാരത്തിലെത്തുമ്പോള്‍ ബാറുകളില്‍ വിദേശമദ്യവില്‍പ്പന ഉണ്ടായിരുന്നില്ല. ബാറുകളില്‍ ബിയറും വീഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികാരത്തിലെത്തി വര്‍ഷമൊന്ന് കഴിയുമ്പോഴേക്കും വിദേശമദ്യം ബാറുകളിലെത്തി. അധികം വൈകാതെ പുതിയ ബാറുകള്‍ക്കും അനുമതി നല്കി മദ്യവ്യവസായം വിപുലപ്പെടുത്തി. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം തൊണ്ടതൊടാതെ വിഴുങ്ങി. മദ്യത്തിനെതിരായ ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനവും പാലിച്ചില്ല. 23 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ലെന്ന ഉറപ്പും മറച്ചുവച്ചു. ഇതൊക്കെയാണ് മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആത്മഹത്യയിലേക്ക് വരെ എത്തിച്ചത്. മദ്യപന്മാര്ക്ക് ലഭിക്കുന്ന അനുമതി പ്രകാരം അവരുടെ വീടുകളിലേക്ക് മദ്യം എത്തിക്കുമത്രേ. കൂലിയായി നൂറുരൂപ നല്കിയാല് മതി.
ലോക്ഡൗണ്‍ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശവും നടപടിയും യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണെന്ന് പറയേണ്ടിയിരിക്കുന്നു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് ഹാജരാക്കിയാല്‍ ബെവ്കോവഴി മദ്യം ലഭ്യമാക്കാനാണ് തീരുമാനം. അബ്കാരി ചട്ട പ്രകാരം മൂന്നുലിറ്റര്‍ മദ്യം ഒരേസമയം കൈവശം വയ്ക്കാം. അത് നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. സംഘടനകള്‍ വിസമ്മതിച്ചാലും കുറിപ്പടി നല്കാന് ഡോക്ടര്‍മാരില്‍ ചിലരെങ്കിലും തയ്യാറാകുമെന്ന് ഉറപ്പാണ്. അത് വലിയതോതില്‍ അഴിമതിക്കും കള്ളകച്ചവടത്തിനുമൊക്കെ വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. മദ്യാസക്തിക്ക് മരുന്നും ഡി അഡിക്്ഷന്‍ സെന്ററും മറ്റും പ്രയോജനപ്പെടുത്താതെ മദ്യം നല്കി സന്തോഷിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഡോക്ടര്‍മാരെ മദ്യപന്മാരുടെ ഏജന്റാക്കി തരംതാഴ്ത്തുന്ന സമീപനം പരിഷ്കൃത സമീപനത്തിന് ഒട്ടും ചേരുന്നതേ അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: