കൊല്ലം: മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം ചെയ്ത മൂന്നുപേര്‍ പിടിയില്‍. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇവരെ പിടികൂടിയത്.
കായംകുളം ചൂനാട് സ്വദേശിയും മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ ഹാരിഷ്‌ജോണ്‍ (51), കൊല്ലം കല്ലുംതാഴം സ്വദേശി രാഹുല്‍(27), കിഴക്കേകല്ലട സ്വദേശി സഞ്ജയന്‍ (42) എന്നിവരാണ് പിടിയിലായത്. കൊല്ലം അയത്തില്‍ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റര്‍ വിദേശമദ്യം 1500 രൂപയ്‌ക്ക് വില്ക്കുന്നതായി കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജെ. താജുദ്ദീന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം അയത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 28 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമായി രാഹുലിനെയും സഞ്ജയനെയും പിടി കൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കായംകുളം കരീലകുളങ്ങര കേന്ദ്രീകരിച്ച് ഹാരിഷ് ജോണിന്റെ നേതൃത്വത്തില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഹാരിഷ് ജോണ്‍ വാടകയ്‌ക്ക് എടുത്ത ബഹു നില കെട്ടിടം പരിശോധിച്ചപ്പോള്‍ സ്പിരിറ്റില്‍ വിവിധ ഫ്‌ളേവറുകള്‍ കലര്‍ത്തിയ 480 ലിറ്റര്‍ വ്യാജ മദ്യവും മദ്യം നിറയ്‌ക്കാനായി സൂക്ഷിച്ചിരുന്ന 5320 കാലിമദ്യ കുപ്പികളും കുപ്പികള്‍ സീല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹൈടെക് സീലിങ് മെഷീന്‍, സ്പിരിറ്റ് നിറച്ചിരുന്ന 50 കാലി കന്നാസുകള്‍, സ്പിരിറ്റ് ബ്ലെണ്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഒപിആര്‍ മദ്യത്തിന്റെ 5800 വ്യാജ ലേബലുകള്‍, ജവാന്‍ മദ്യത്തിന്റെ 690 വ്യാജ ലേബലുകള്‍, ഡാഡ്ഢി വില്‍സണ്‍ മദ്യത്തിന്റെ 837 വ്യാജ ലേബലുകള്‍, കെഎസ്ബിസിയുടെ 7210 വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ എന്നിവയും പിടികൂടി.
പാലക്കാട് ആലത്തൂരുള്ള മുന്‍ സ്പിരിറ്റ് കേസ് പ്രതിയില്‍ നിന്നാണ് സ്പിരിറ്റ് ലഭിക്കുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. ഗോവയില്‍ നിന്നാണ് മദ്യ നിര്‍മാണത്തിനാവശ്യമായ ഫ്‌ളേവറുകള്‍, വ്യാജ സ്റ്റിക്കറുകള്‍ ഒക്കെ ലഭിക്കുന്നത്. സ്പിരിറ്റ് കടത്തുകാരുമായുള്ള ബന്ധത്തെ തുടര്‍ന്ന് എക്‌സൈസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഹാരിഷ്‌ജോണ്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കരീലകുളങ്ങര കേന്ദ്രീകരിച്ച് വ്യാജ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതായും പ്രതികള്‍ സമ്മതിച്ചു. ഡിസ്റ്റില്‍ഡ് വാട്ടര്‍ വില്പനയുടെ മറവില്‍ ആണ് ഈ വ്യാജ മദ്യകേന്ദ്രം പ്രവര്‍ത്തിച്ച് വന്നത്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ്, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്ത്, മനു കെ. മണി, ശ്രീനാഥ്, രാജഗോപാല്‍ ചെട്ടിയാര്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: