പുനലൂര്‍: ദല്‍ഹിയിലെ നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരില്‍ പുനലൂര്‍ സ്വദേശികളായ ദമ്പതിമാരും. ഇതില്‍ തൊണ്ടവേദനയും പനിയും അനുഭവപ്പെട്ട ഭാര്യയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. വീട്ടിലെ മറ്റ് അംഗങ്ങളെ ഇവിടെ നിന്നും മാറ്റുകയും ചെയ്തു.
കഴിഞ്ഞ 24നാണ് ഇവര്‍ മടങ്ങിയെത്തിയത്. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ ബാധിച്ചതായ റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്നാണ് ഇവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തില്‍ ആക്കിയത്. തൊണ്ടവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഇതേസമയം ഫെബ്രുവരിയിലാണ് ഇവര്‍ ദല്‍ഹിക്ക് പോയതെന്നും രണ്ടുദിവസം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും അധികൃതര്‍ പറയുന്നു. പിന്നീട് ഇവര്‍ മുംബൈയിലേക്ക് പോയെന്നും അവിടെ നിന്നാണ് അവര്‍ മടങ്ങിയെത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: