കറാച്ചി: കോവിഡ് 19 വന്‍തോതില്‍ വ്യാപിക്കുമ്പോഴും കൃത്യമായ മുന്‍കരുതലോ പ്രതിരോധമോ ഇല്ലാതെ ദുരിതത്തിലാണ് പാക്കിസ്ഥാന്. ഇതിനിടെയാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നല്കുന്ന ഭക്ഷണകാര്യത്തില്‍ മതം നോക്കി വിവേചനം കാട്ടുന്നത്. റേഷന്റെ കാര്യത്തിലും ഇതേവിവേചനം നടക്കുന്നുണ്ടെന്ന് സിന്ധ് പ്രവിശ്യയിലുള്ള ഹിന്ദുക്കള്‍ വ്യക്തമാക്കുന്നു. നിരവധി പേരാണ് ഭക്ഷണത്തില്‍ പാക്കിസ്ഥാന് കാട്ടുന്ന ഈ മതവിവേചനം ഉയര്‍ത്തി സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ ഇട്ടത്.
കറാച്ചി ആസ്ഥാനമായ സായ്ലാനി എന്‍ജിഒ ആണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണവിതരണം സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്നത്. ഭക്ഷണത്തിനായി നല്കുന്ന റേഷന്‍ കാര്‍ഡ് മുസ്ലിം ഇതര മതക്കാര്‍ക്ക് നിഷേധിക്കുകയായിരുന്നു. കാരണം അന്വേഷിച്ചവരോട് സര്‍ക്കാര്‍ നിര്‍ദേശം ഇത്തരത്തിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വീടുകള്‍ ഒഴിവാക്കിയാണ് ഇപ്പോള്‍ ഭക്ഷണവിതരണം നടക്കുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാണെങ്കിലും അതൊന്നും പാക് സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.
ഇതിനിടെ, 1500ല്‍ അധികം പേര്‍ക്കാണ് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പരിഭ്രാന്തിയിലായ ജനങ്ങള്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇമ്രാന്‍ഖാനോട്് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഇറ്റലിയിലെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് പാക് സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിരിക്കുന്നത്. അതേസമയം കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്നതില്‍ പാക് സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ രാജ്യാന്തര വിമാനസര്‍വ്വീസുകളും പാകിസ്ഥാന് റദ്ദ് ചെയ്തിരുന്നു. ആരോഗ്യമേഖലയില്‍ കാര്യമായ പുരോഗതി ഇല്ലാത്ത പാക്കിസ്ഥാനില്‍ കൊറോണ പടര്‍ന്നാല്‍ അതു വലിയ വിപത്താകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: