വാഗമണ്‍: കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ ഭീതിയില്‍ മറ്റൊന്നും ചെയ്യാനില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരെ തേടി വാഗമണ്‍ പോലീസെത്തി. കാര്യങ്ങള്‍ തിരക്കി ആരോഗ്യനിലയെ പറ്റി അന്വേഷിച്ചറിഞ്ഞ വേണ്ട ഉപദേശങ്ങള്‍ നല്കി.
ശേഷം വേള്‍ഡ് ക്ലാസിക് ഇനത്തില്‍പെട്ട പുസ്തകങ്ങളുടെ മലയാളപരിഭാഷയും സൗജന്യമായി വിതരണം ചെയ്തു. പ്രശസ്ത ലോക ക്ലാസ്സിക് പുസ്തകങ്ങളായ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍, മാക്സിന് ഹോര്ക്കിയുടെ അമ്മ, ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ദസ്തയേവിസ്കിയുടെ കുറ്റവും ശിക്ഷയും, ഷേക്സ്പിയറിന്റെ മാക്ബത്ത്, ജൊനാതര് സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകള്‍, ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക്ഹോംസ് സ്കാര്‍ലറ്റ്, ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോ, വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോ, റുഡ്യാര്‍ഡ് ക്ലിപ്പിങ്ങിന്റെ ജംഗിള്‍ബുക്ക് തുടങ്ങിയവരുടെ പുസ്കങ്ങളാണ് വിതരണം ചെയ്തത്.
എഴുത്തുകാരനും കവിയുമായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സ്വന്തം പുസ്തക ശേഖരത്തില്‍ നിന്നാണ് ഇവ നല്‍കിയത്. നിരീക്ഷണ കാലയളവില്‍ നല്കിയ പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കുവാനും തുടര്‍ന്ന് ക്വാറന്റൈന് പൂര്‍ത്തിയാകുമ്പോള്‍ കഴിയുന്ന മുറയ്ക്ക് നല്കിയ പുസ്തകത്തിന്റെ ഒരു ആസ്വാദനകുറിപ്പ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് എഴുതി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കുക, നിരീക്ഷണ കാലത്തെ സമയം ക്രിയാത്മകമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഗമണ്‍ പോലീസ് ഇപ്രകാരം ചെയ്തത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ജയസനില്‍, സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ, ഉദ്യോഗസ്ഥരായ സുനില്‍ കുമാര്‍, ലെനിന്, ജയന്, നൈനാന് കെ. സ്കറിയ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് വീടുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: