ന്യൂദല്‍ഹി: കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദ്ദനില്‍ പ്രഖ്യാപിച്ച കര്‍ഫ്യുവില്‍ വലഞ്ഞ് ‘ആടുജീവിതം’. ജോര്‍ദ്ദനിലെ വാദി റം മരുഭൂയിലായിരുന്നു സിനിമയുടെ ചിത്രീകരണം. കര്‍ഫ്യു കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണ അനുമതി റദ്ദാക്കിയതിനാല്‍ നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം ജോര്‍ദ്ദനില്‍ കുടുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച കാര്യം അറിയിച്ച് സംവിധായകന് ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചു. പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.
ഫിലിം ചേംബറിന് ബ്ലെസി ജോര്‍ദ്ദനിലെ സാഹചര്യം അറിയിച്ച് കത്തയച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടതായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് പ്രതികരിച്ചു.
ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും സംഘവും കൊവിഡ് 19 ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ നേരത്തെ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. ജോര്‍ദ്ദനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായി.
സംവിധായകന് ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ചിത്രീകരണത്തിനായി തങ്ങിയിരുന്നത്. കൊവിഡ് ബാധയ്ക്ക് പിന്നാലെ ജോര്‍ദ്ദനില്‍ കര്‍ഫ്യൂ നിലവില്‍ വന്നതോടെ പ്രതിസന്ധിയായ മലയാളി സിനിമാ സംഘത്തിനായി വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ചിത്രീകരണം തുടരുകയായിരുന്നു. ഏപ്രില്‍ 10 വരെയായിരുന്നു ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കിയതിന് പിന്നാലെ അനുമതി റദ്ദാക്കി.
നേരത്തെ വാദി റം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍ ക്യാമ്പില്‍ ഏതാനും ദിവസത്തെ ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുങ്ങിയ സിനിമാ സംഘത്തിനായി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചിരുന്നു. ജോര്‍ദ്ദനില്‍ നിന്നുള്ള ഡോക്ടര്‍മാരും ക്യാമ്പിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: