സംഗീതലോകത്തിന് തമിഴകം നല്കിയ പ്രതിഭകളിലൊരാളാണ് പാപനാശം മുതലിയാര്‍. ഭഗവാന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് ‘നിന്ദാസ്തുതി’ രൂപത്തിലെഴുതിയ കീര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അമൂല്യങ്ങളായ അനേകം കൃതികള്‍ മുതലിയാരുടേതായി ഉണ്ടെങ്കിലും അവയ്ക്കൊന്നും അര്‍ഹിക്കുന്ന പ്രചാരം ലഭിച്ചില്ല.
നാഗപട്ടണം താലൂക്കിലെ പാപനാശം ഗ്രാമത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജനിച്ച മുതലിയാര്‍ പദങ്ങള്‍ക്കും കീര്‍ത്തനങ്ങള്‍ക്കും പുറമേ ‘കുംഭേശ്വര്‍ കുറവഞ്ചി’ എന്ന നൃത്തം നാടകവും രചിച്ചിട്ടുണ്ട്. കാംബോജി രാഗത്തില്‍ രചിച്ച ‘നടമാടി തിരിന്ത ഉമയ്ക്ക് ഇടതുകാല്’ എന്ന കീര്‍ത്തനം വളരെ പ്രസിദ്ധമാണ്. ഭൈരവി രാഗത്തില്‍ ‘മുകത്തൈകാട്ടി’,പൂര്‍വി കല്യാണി രാഗത്തില്‍ ‘പെരും നല്ല ത്യാഗര്‍’ ഇവയെല്ലാം അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന കീര്‍ത്തനങ്ങളാണ്.
തമിഴകത്തെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തിയിരുന്ന മുതലിയാര്‍ ക്ഷേത്ര ദേവതകളെ വാഴ്ത്തി കീര്‍ത്തനങ്ങളെഴുതി. നാഗപട്ടണത്തെ കായാരോഹണ സ്വാമിയെ പ്രകീര്‍ത്തിച്ചെഴുതിയ ബേഗഡ രാഗത്തിലെ ‘ഏതു വഹൈയിനാല്’ എന്ന കൃതി, തിരുവിഴിമിഴലൈ ക്ഷേത്രത്തിലെ ദേവതയെ സ്തുതിച്ച് സുരുട്ടി രാഗത്തില്‍ ‘ഏതു മില്ലാമല്’, തിരുനാഗേശ്വര ക്ഷേത്രം ദര്ശിച്ചപ്പോള് ആനന്ദഭൈരവി രാഗത്തില്‍ ‘അരശനിടത്തില്’എന്ന കീര്‍ത്തനവും, കാഞ്ചനൂര്‍ ക്ഷേത്രം ദര്ശിച്ചപ്പോള് ‘പരതത്വ ‘എന്ന തോടി രാഗത്തിലുള്ള കീര്‍ത്തനവും, തിരുചെങ്കട്ടങ്കുടിയിലെ ദേവതയെ സ്തുതിച്ച് പുന്നാഗവരാളി രാഗത്തില്‍ ‘ഉന്നും’എന്ന കീര്‍ത്തനവും ശ്രീവാഞ്ചിയം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍ ‘എങ്കെ തേടി എടുത്തതായി മകളേ’എന്ന് ശഹാന രാഗത്തിലുള്ള കീര്‍ത്തനവും ‘വരും വരും’എന്ന ശങ്കരാഭരണ രാഗത്തില്‍ ഉള്ള കീര്‍ത്തനവും ഇതിന് ഉദാഹരണങ്ങളാണ്. സ്തുതിക്കുന്നതിനൊപ്പം ഭഗവാന്റെ കുറ്റങ്ങളും കുറവുകളും അവയില്‍ നിഴലിച്ചിരുന്നു.
അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് എങ്കിലും അവയില്‍ മൂന്നെണ്ണം മാത്രമേ പ്രചാരത്തില്‍ വന്നുള്ളൂ. മുതലിയാരുടെ കൃതികളില്‍ സംഗീത മൂല്യം ഏറെ കൂടുതലാണ്. തമിഴ് സംഗീതത്തില്‍ ചാപ്പ് താളത്തിലുള്ള കൃതികള്‍ വളരെ കുറവായിരുന്ന കാലഘട്ടത്തിലാണ് പാപനാശം മുതലിയാര്‍ ചാപ്പ് താളത്തില്‍ തന്റെ കീര്‍ത്തനങ്ങള്‍ സംഭാവന ചെയ്തത്.
സംഗീതത്തിലും നാട്യശാസ്ത്രത്തിലും മുതലിയാര്‍ക്ക് അഗാധജ്ഞാനമുണ്ടായിരുന്നു. കീര്‍ത്തനങ്ങളും പദങ്ങളും കുറവഞ്ചി ഗാനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ കൃതികളും കീര്‍ത്തനങ്ങളും പദങ്ങളും എല്ലാം നാട്യവേദിയില്‍ അവതരിപ്പിക്കുവാന്‍ ഉതകുന്നതാണ്. ‘നടമാടി തിരിന്ത ‘എന്ന കീര്‍ത്തനം ഇക്കൂട്ടത്തില്‍ എടുത്തു പറയാം. പദരചയിതാവ് എന്ന നിലയില്‍ മുതലിയാരെ അനശ്വരനാക്കിയത് കല്യാണി രാഗത്തില്‍ രചിച്ചിട്ടുള്ള ശൃംഗാര പദങ്ങളാണ്.
ഉദാഹരണം ‘അഴൈത്തു വാടി മാനേ’ ,’ശൊല്ലടി മാതേ.’ കുംഭേശ്വര്‍ കുറവഞ്ചിയിലെ പല ഗാനങ്ങളും നൃത്ത സംഗീതം എന്ന നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കുംഭേശ്വര്‍ കുറവഞ്ചിയില്‍ അദ്ദേഹം രാഗതാളങ്ങള്‍ വളരെ ലളിതമായാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവയെല്ലാം നൃത്തഗീതങ്ങളാണെന്ന് കാണാം. വെമ്പ, വിരുത്തം തുടങ്ങിയ പദ്യ രൂപങ്ങളും കുംഭേശ്വര്‍ കുറവഞ്ചിയില്‍ ദൃശ്യമാണ്. രചനകളെല്ലാം ലളിതമായ ശൈലിയില്‍ ആണെങ്കിലും കലാപരമായ മേന്മയില് അവ മുന്നിട്ടു നില്ക്കുന്നു.
(നാളെ: പാപനാശം
ശിവന്റെ ഗീതങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: