കാസര്‍കോട്: സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 28 സമ്പര്‍ക്ക കേസുകളില്‍ ഏതാണ്ട് 20ഓളവും കളനാട്ട് ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി ബന്ധപ്പെട്ടവര്ക്കാണെന്നത് ഞെട്ടലിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നു. നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എരിയാല്‍, തളങ്കര സ്വദേശികളുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കാത്തത് വലിയ ആശ്വാസമാവുന്നുമുണ്ട്. പക്ഷെ പേരുടെ പരിശോധന ഫലങ്ങള്‍ വരാനുള്ളത് ആശങ്കയുയര്‍ത്തുന്നു.
ഗള്‍ഫില്‍ നിന്ന് യാത്രയിലുടനീളം മാസ്ക് ധരിച്ച് എത്തിയ കളനാട് സ്വദേശിയുടെ ആ പക്വത പിന്നെ എവിടെ ചോര്‍ന്നുപോയിയെന്നാണ് ആരോഗ്യവകുപ്പിന് ഇനിയും മനസിലാവാത്തത്.
സുഹൃത്തിനൊപ്പം ദുബായില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ പോലും പോവാതെ നേരെ ചെന്നത് ആശുപത്രിയിലേക്കാണ്. അവിടെ രക്ത പരിശോധനക്ക് തയ്യാറായിയെങ്കിലും പിന്നീട് എവിടെയോ കാര്യം കൈവിട്ടുപോയി എന്നതാണ് സത്യം. യുവാവിന്റെ ഉമ്മക്കും ഭാര്യക്കും രണ്ട് വയസുള്ള കുഞ്ഞിനുമാണ് ആദ്യം കോവിഡ്ബാധ സ്ഥിരീകരിച്ചത്. നാട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് ബേവിഞ്ചയിലെ മരണ വീട് സന്ദര്‍ശിച്ചിരുന്നു. രക്തം പരിശോധനക്ക് നല്കി ഫലത്തിനായി കാത്തിരിക്കുന്ന ഒരാളാണ് താന്‍ എന്ന കാര്യം യുവാവ് കാര്യമാക്കിയില്ല.
യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആകുലതയിലായി. അവര്‍ സാമ്പിള്‍ നല്കാന് ആശുപത്രിയിലേക്ക് ഓടിയെത്തി. പുളിക്കൂറിലെ ഭാര്യാപിതാവിനും ഭാര്യയുടെ സഹോദരന്റെ ഭാര്യക്കും കുഞ്ഞിനും അവിടത്തെ തന്നെ മറ്റൊരു ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരുടെയും ചങ്കിടിപ്പ് ഏറി. ബേവിഞ്ചയില്‍ വല്യപ്പയുടെ മരണവീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയില്‍ വാപ്പയുടെ സഹോദരി ഭര്‍ത്താവായ ബേവിഞ്ച സ്വദേശിയെ യുവാവ് കാറില്‍ കയറ്റിയിരുന്നു. മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണത്രെ ഇദ്ദേഹം കാറില്‍ കയറിയത്. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ സാമ്പിള്‍ പരിശോധനക്ക് കൊടുക്കാന്‍ ബേവിഞ്ച സ്വദേശി നിര്‍ബന്ധിതനായി. ഇദ്ദേഹത്തിന് പിന്നാലെ ഭാര്യയും സാമ്പിള്‍ നല്കി. ഇതിനിടയില്‍ ഏതോ ഒരു യുവാവ് വലിയ ആളാവാന്‍ വേണ്ടി ഒരു മെസേജ് അങ്ങ് തട്ടിവിട്ടു. ബേവിഞ്ച സ്വദേശിയുടെ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന്. കൃത്യമായ വിവരം അറിയാതെയായിരുന്നു ഇത്. എന്നാല്‍ മെസേജ് വിശ്വസിച്ച ബേവിഞ്ച സ്വദേശിയുടെ ഭാര്യ ആ സന്തോഷത്താല്‍ വീട്ടുകാരുമായി സമ്പര്‍ക്കത്തിലായി. എന്നാല്‍ വാട്സ് ആപ്പ് മെസേജ് വ്യാജമായിരുന്നുവെന്ന് തെളിയാന്‍ അധിക നേരം വേണ്ടിവന്നില്ല. റിസള്‍ട്ട് വന്നപ്പോള്‍ ബേവിഞ്ച സ്വദേശിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ്.
തീര്‍ന്നില്ല, തനിക്ക് കോവിഡില്ല എന്ന സന്തോഷത്തില്‍ സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയ മകള്‍ക്കും മകന്റെ ഭാര്യക്കും കോവിഡ്. ഇവിടെയും തീരുന്നില്ല. കളനാട് സ്വദേശി സന്ദര്‍ശിച്ച മരണ വീട്ടിലും നാല് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഉമ്മയുടെ സഹോദരനും ഉമ്മയുടെ അനിയത്തിക്കും അനിയത്തിമാരുടെ രണ്ട് മക്കള്‍ക്കുമാണ് ഇവിടെ അണുബാധ സ്ഥിരീകരിച്ചത്. നിരവധി പേര് ഇപ്പോഴും സ്രവം നല്കി ഫലത്തിനായി കാത്തിരിക്കുകയാണ്. നെഞ്ചിടിപ്പുമായാണ് അവര്‍ ഓരോ നിമിഷവും കടന്നു പോവുന്നത്. വൈകിട്ട് പുതിയ കോവിഡ് ബാധിതരുടെ എണ്ണം കേള്‍ക്കുമ്പോള്‍ ഇവരുടെ നെഞ്ചിടിപ്പ് പിന്നെയും ഏറുന്നു. കൊല്ലമ്പാടിയിലും സമ്പര്‍ക്ക കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വന്ന യുവാവിനാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവിടെ മൂന്നോളം പേര്‍ക്ക് കോവിഡ് രോഗ ബാധ കണ്ടെത്തി. കാഞ്ഞങ്ങാട്ട് ഒരു വീട്ടിലെ ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വന്ന ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ മാതാവിനും ഭാര്യക്കും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് മക്കള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: