കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനാധിപത്യപരമല്ലാത്ത നടപടികളില്‍ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്ത് സാലറി ചാലഞ്ചുമായി നിസ്സഹകരിക്കാന്‍ തീരുമാനിച്ചതായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ അറിയിച്ചു. ഇന്നലെ ചര്‍ച്ചയില്‍ എന്‍ജിഒ സംഘിനെയോ ഫെറ്റൊയെയോ വിളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സാലറി ചാലഞ്ചിനെതിരെ കേസ് കൊടുത്തതിന്റെ പ്രതികാര ബുദ്ധികൊണ്ടായിരിക്കാം ഇത്തവണ യോഗത്തില്‍ വിളിക്കാതിരുന്നത്.
ഒരു മാസത്തെ ശമ്പളം മൂന്നു മാസമായി നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ജനാധിപത്യ വിരുദ്ധ സമീപനമാണ് കൈക്കൊണ്ടത്. നിര്‍ബന്ധ പിരിവ് നല്‍കാത്തവരോട് കഴിഞ്ഞ തവണ കൈക്കൊണ്ട പ്രതികാര നടപടികളോ ഭീഷണികളോ തുടരാമെന്നത് വ്യാമോഹം മാത്രമായിരിക്കും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുമായി എന്‍ടിയു സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ശമ്പളം ബലമായി പിടിച്ചെടുക്കരുത്: എന്‍ജിഒ സംഘ്
തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ബലമായി പിടിച്ചെടുത്ത് ദുരിതാശ്വാസനിധി സ്വരൂപിക്കാനുളള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ്. കേരളത്തിലെ വിവിധ വകുപ്പുകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ സ്വന്തം ജീവന് പണയം വെച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ജീവനക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണ് പുതിയ സാലറി ചലഞ്ച്. ഇന്ത്യയിലെ മറ്റ് ഒരു സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ ജീവനക്കാരന്റെ സാമ്പത്തികശേഷി അനുസരിച്ചുളള ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനുളള പൂര്‍ണ്ണ അവകാശം ജീവനക്കാര്‍ക്ക് തന്നെ നല്‍കണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും അറിയിച്ചു.
അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫെറ്റോ
തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം എന്നത് അംഗീകരിക്കാനാകില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും ജനറല്‍ സെക്രട്ടറി എസ്. കെ. ജയകുമാറും അറിയിച്ചു.
അവശ്യ സര്‍വീസിന്റെ ഭാഗമായി സംസ്ഥാനത്തെ പകുതിയിലധികം ജീവനക്കാര്‍ അവരുടെ ജീവന് പണയം വച്ചാണ് ജോലി നോക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ വലിയ ആശങ്കയിലാണ്. അവരോടും ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്നത് നീതി കേടാണ്. കഴിഞ്ഞ തവണ പണം നല്കിയവര് കബളിക്കപ്പെട്ടു എന്ന് പിന്നീട് മനസ്സിലാക്കി. ശരിയായ രീതിയില്‍ അല്ല ഫണ്ട് വിനിയോഗിച്ചത്. പ്രധാനമന്ത്രി പോലും ദുരിത്വാശ്വാസ നിധി നല്കണമെന്നേ അഭ്യര്‍ത്ഥിച്ചിട്ടുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷമായി ഡിഎ പോലും നല്‍കാത്ത സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: