ലണ്ടന് : കൊറോണ ഭീതിയില് രാജ്യത്ത് ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില് കടമെടുത്ത മുഴുവന് തുകയും തിരിച്ചു നല്കാമെന്ന പ്രഖ്യാപനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ. വിവിധ ബാങ്കുകളില് നിന്നായി താന് വായ്പയെടുത്ത 9000 കോടി തിരിച്ചു നല്കാമെന്ന് ട്വിറ്ററിലൂടെയാണ് വിജയ് മല്യ അറിയിച്ചത്. ബാങ്കുകള് ഈ പണം സ്വീകരിക്കാന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കിങ്ഫിഷര് എയര്ലൈന്സിന് വേണ്ടി താന് വായ്പയെടുത്ത പണം തിരികെ സ്വീകരിക്കാന് തയ്യാറാകണം. പകരം എന്ഫോഴ്സ്മെന്റ് കണ്ടുകെട്ടിയ തന്റെ വസ്തുവകകള് തിരികെ നല്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമനോട് അഭ്യര്ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണയില് രാജ്യം സാമ്പത്തിക പ്രതിസന്ധിയില് കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് തന്റെ ഈ അഭ്യര്ത്ഥന ധനമന്ത്രി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മല്യ പറഞ്ഞു.
അതേസമയം രാജ്യം മുഴുവന് ലോക്ഡൗണ് ചെയ്തുകൊണ്ട് ചിന്തിക്കാന് സാധിക്കാത്ത കാര്യമാണ് കേന്ദ്രസര്ക്കാര് ചെയ്തത്. പുല്വാമയിലോ കാര്ഗിലിലോ അപരിചിതനായ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യം. കേന്ദ്ര സര്ക്കാരിന്റെ നടപടികളെ അഭിനന്ദിക്കുന്നു.
ആഗോള തലത്തില് ഭൂരിഭാഗം കമ്പനികളും അടച്ചിട്ടിരിക്കുകയാണ്. എല്ലാവരും വീടുകളില് തന്നെ കഴിയണം. സമൂഹിക അകലം പാലിക്കാന് എല്ലാവരും ശ്രദ്ധിക്കണം. ഈ സമയം കുടംബത്തോടൊപ്പവും വളര്ത്തുമൃഗങ്ങളോടൊപ്പവും ചിലവഴിക്കാം. താനും അതു തന്നെയാണ് ഇപ്പോള് ചെയ്യുന്നതെന്നും മല്യ കൂട്ടിച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: