പത്തനംതിട്ട: ലോകം മുഴുവന്‍ വ്യാപിച്ച മഹാവ്യാധിക്കെതിരെ പൊരുതി നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലായിരുന്നു ഇന്നലെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രി. ജില്ലയിലെ ആദ്യ കൊറോണ വൈറസ് ബാധിതര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നതിന്റെ ആഹ്ലാദം.
സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ അഞ്ചംഗ കുടുംബമാണ് രോഗം ഭേദമായി മടങ്ങിയത്. റാന്നി ഐത്തലയിലെ മോന്‍സി ഏബ്രഹാം (57), ഭാര്യ രമണി മോന്‍സി (55), മകന് റിജോ മോന്‍സി (25), ഇവരില്‍ നിന്ന് രോഗം പകര്‍ന്ന മോന്‍സിയുടെ സഹോദരന് പി.എ. ജോസഫ് (62), ഭാര്യ ഓമന (59) എന്നിവരാണ് 25 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഇന്നലെ വൈകിട്ട് ഡിസ്ചാര്‍ജ്ജായത്.
ഇവര്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്കി. ഇന്നത്തേക്കുള്ള ഭക്ഷ്യധാനങ്ങള്‍ കൈമാറിയും മധുരം പങ്കിട്ടുമാണ് ഇവരെ യാത്രയാക്കിയത്. ഇനി 14 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം. അതിന് പാലിക്കേണ്ട കാര്യങ്ങള്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സാജന് മാത്യൂസും ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാറും ഇവരെ ബോധ്യപ്പെടുത്തി. 14-ാം ദിവസം വീണ്ടും സ്രവ പരിശോധന നടത്തിയ ശേഷമെ പുറത്തിറങ്ങാവൂയെന്നും ഇവരോട് നിര്‍ദേശിച്ചു.
കഴിഞ്ഞ ആറിനാണ് ഇവരെ രോഗലക്ഷണങ്ങളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടിന് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ നിറകണ്ണുകളോടെ ദൈവത്തിനും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. ഇവരില്‍ നിന്ന് രോഗം പകര്‍ന്ന കോട്ടയം ചെങ്ങളത്തുള്ള ഇവരുടെ മകളും മരുമകനും രണ്ട് ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജ്ജായിരുന്നു. ഇവരുടെ വൃദ്ധരായ മാതാപിതാക്കള്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: