പത്തനംതിട്ട: ലോകംമുഴുവൻ വ്യാപിച്ച മഹാവ്യാധിക്കെതിരെ പൊരുതി നേടിയവിജയത്തിന്റെ ആഹ്ലാദത്തിലായിരുന്നു ഇന്നലെ പത്തനംതിട്ട ജില്ലാജനറൽ ആശുപത്രി. ജില്ലയിലെ ആദ്യകൊറോണാവൈറസ്ബാധിതർ രോഗംഭേദമായി വീട്ടിലേക്ക് മടങ്ങുന്നതിന്റെ ആഹ്ലാദം.
സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ കൊറോണവൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട റാന്നിയിലെ അഞ്ചംഗ കുടുംബമാണ് രോഗം ഭേദമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ മടങ്ങിയത്.റാന്നി ഐത്തലയിലെ മോൻസി ഏബ്രഹാം (57), ഭാര്യ രമണി മോൻസി (55), മകൻ റിജോ മോൻസി (25) എന്നിവരെയും ഇവരിൽ നിന്ന് രോഗം പകർന്ന മോൻസിയുടെ സഹോദരൻ പി.എ.ജോസഫിനെയും (62), ഭാര്യ ഓമനയെ (59) യുമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 25 ദിവസത്തെ ചികിത്സയ്‌ക്കു ശേഷം ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്തത്.
ഇവർക്ക്ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്ര അയപ്പാണ് നൽകിയത്.ഇന്നത്തേക്കുളള ഭക്ഷ്യസാധനങ്ങൾ കൈമാറിയും മധുരം പങ്കിട്ടും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഞ്ചുപേരെയും യാത്രയാക്കി.ഇനി 14 ദിവസം വീടുകളിൽഇവർ ഐസൊലേഷനിൽ കഴിയണം.
14 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസും ആർ.എം.ഒ ഡോ, ആശിഷ് മോഹൻ കുമാറുംഇവരെ ബോധ്യപ്പെടുത്തി.14ാം ദിവസം വീണ്ടും സ്രവ പരിശോധന നടത്തിയ ശേഷമെ പുറത്തിറങ്ങാവൂ എന്നും നിർദേശിച്ചു.
കഴിഞ്ഞ എട്ടാംതീയ്യതിയാണ് ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ രണ്ട് കുടുംബാംഗങ്ങൾക്കും കൊറോണവൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.മാർച്ച് ആറിനായിരുന്നു ഇവർ അഞ്ചു പേരെ രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുമ്പോൾ ഇവർ നിറകണ്ണുകളോടെ ദൈവത്തിനും ചികിത്സിച്ച ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞു.
ഇവരിൽ നിന്നും രോഗം പകർന്ന കോട്ടയം ചെങ്ങളത്തുള്ള ഇവരുടെ മകളും മരുമകനും രണ്ട് ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ആയിരുന്നു. ഇവരുടെ വൃദ്ധരായ മാതാപിതാക്കൾ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: