ദേവതാപൂജയുമായി ബന്ധപ്പെട്ട് ചിലര്‍ പരമ്പരയാ നടത്തിവരുന്ന മൃഗബലിയും ആരണ്യകതലത്തിന്റെ ശേഷിപ്പാണ്. വൈദികയാഗങ്ങളില് മൃഗവലി അനിവാര്യമാണ് എന്ന പക്ഷത്തെ ഏര്‍ക്കര രാമന്‍നമ്പൂതിരി തന്റെ ആമ്നായമഥനത്തില്‍ ശരിവെക്കുന്നുണ്ട്. ശിവാനന്ദലഹരിയില്‍ ഭക്തനായ വനവേടന് ശിവനു നിവേദ്യമായി കാഴ്ചവെച്ചത് താന്‍ കഴിച്ചതിന്റെ ബാക്കി വന്ന മാംസഖണ്ഡം ആയിരുന്നു എന്നു ശങ്കരാചാര്യര്‍ പറയുന്നു. മാംസഭക്ഷണം ശീലമാക്കിയവരെ സംബന്ധിച്ചിടത്തോളം ഏറ്റവും മുന്തിയ മാംസം നേദിക്കലാണല്ലോ ശരി. മറ്റൊന്നു ദേവതയില്‍ നാം ആരോപിക്കുന്ന സ്വഭാവവിശേഷങ്ങളാണ്. ക്രൗര്യസ്വഭാവമുള്ള ദേവതകള്‍ക്ക് മദ്യമാംസാദികള്‍ സമര്പ്പിക്കുന്നതിലാണല്ലോ യുക്തി.
താന്ത്രികപഞ്ചമകാരപൂജയില് മദ്യം, മാംസം, മത്സ്യം, മുദ്രാ എന്നിവയ്ക്ക് അഭൗമശക്തിവിശേഷങ്ങളെ കല്പ്പിക്കുന്നതായും കാണാം. വൈദികരും താന്ത്രികരും ഒരുപോലെ അവകാശപ്പെടുന്നത് ബലിമൃഗങ്ങള്‍ സ്വര്‍ഗം പൂകും (വൈദികത്തില്‍) അല്ലെങ്കില്‍ ശിവനായി (താന്ത്രികത്തില്‍) മാറും എന്നാണ്. പരശുരാമകല്പസൂത്രത്തില് നീ ശിവനായി മാറും എന്നു ബലിമൃഗത്തോടു പറയാനുള്ള മന്ത്രം കാണാം.
ന്യായശാസ്ത്രത്തില്‍ നൈയ്യായികരും മീമാംസകരും തമ്മില്‍ ശ്രദ്ധേയമായ ഒരു വാദമുണ്ട്. വേദത്തില്‍ പറയുന്ന യാഗങ്ങളില്‍ മൃഗബലി ഒഴിച്ചുകൂടാനാവാത്തതാണ് എന്നതാണ് മീമാംസകന്റെ ആദ്യനിലപാട്. രണ്ടു തരം യാഗങ്ങളുണ്ട്- ലൗകികമായ കാര്യസാധ്യത്തിനും (കാമ്യകര്‍മ്മം- ശത്രുനിഗ്രഹം മുതലായവ) അലൗകികമായ സ്വര്‍ഗലബ്ധിക്കും. ജീവികളെ കൊല്ലുന്നത് ദുഷ്കര്മ്മമായതിനാല് യാഗം വഴി ദുഷ്ഫലം അനുഭവിക്കേണ്ടി വരുമെന്നു നൈയായികന്‍ വാദിക്കുന്നു. കാമ്യയാഗമാണെങ്കില് ജീവിഹിംസ കാര്യസാധ്യത്തോടൊപ്പം പാപഫലവും തരുമെങ്കിലും, സ്വര്‍ഗലബ്ധിക്കുള്ള യാഗം ചെയ്യണമെന്നു വേദം അനുശാസിക്കുന്നതാകയാല്, അതു ചെയ്താല്‍ പാപഫലമുണ്ടാകുകയില്ല എന്നാണ് മീമാംസകന് സമാധാനിക്കുന്നത്. ഈ സംവാദത്തില്‍ ജന്തുഹിംസ ദുരിതം തരുമെന്നു മീമാംസകന് തത്വത്തില്‍ അംഗീകരിക്കുന്നതായി കാണാം. മീമാംസകനെ സംബന്ധിച്ചിടത്തോളം വേദവിധി മറി കടക്കാന്‍ പാടില്ലാത്തതാണ്. ആ ഉല്ലംഘനം വേദത്തിലുള്ള വിശ്വാസത്തിന്റെ അടിവേരറുക്കുമല്ലോ (്വിശ്വനാഥപഞ്ചാനനഭട്ടാചാര്യന് എഴുതിയ ന്യായസിദ്ധാന്തമുക്താവലീ, The Ethics of the Hindus, Sushil Kumar MaitraMA, 1925. ഈ സംവാദത്തില്‍ നിന്നും, ചുരുക്കത്തില്‍, മൃഗബലി ശത്രുനിവാരണം, സമ്പത്ത്, വിവാഹം, സന്താനം മുതലായ ഉദ്ദേശിച്ച ഫലം തന്നാലും ഇല്ലെങ്കിലും പ്രാണിഹിംസയുടെ ദുഷ്ഫലം തരുമെന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: