ഇനിയുള്ള 57 ശ്ലോകങ്ങളിലായി പഞ്ചകോശത്തെ വിവരിച്ച് അവയൊന്നും ആത്മാവല്ല എന്ന് നിഷേധിക്കുന്നു.
അന്നമയകോശം
അടുത്ത 11 ശ്ലോകങ്ങള്‍ അന്നമയകോശത്തെപ്പറ്റിയുള്ളതാണ്.
ശ്ലോകം 154
ദേഹോളയമന്നഭവനോളന്നമയസ്തുകോശോ-
ഹ്യന്നേന ജീവതി വിനശ്യതി തദ്വിഹീനഃ
ത്വക്ചര്മ്മമാംസരുധിരാസ്ഥി പുരീഷരാശിഃ
നായം സ്വയം ഭവിതുമര്‍ഹതി നിത്യ ശുദ്ധഃ
അന്നത്തിന്നുണ്ടായ ഈ ദേഹമാണ് അന്നമയകോശം.ഇത് അന്നത്താല്‍ നിലനില്ക്കുന്നു. അന്നമില്ലെങ്കില്‍ നശിക്കുകയും ചെയ്യും.തൊലി, ചര്‍മ്മം, മാംസം, ചോര, അസ്ഥി, മല്ല എന്നിവ ചേര്‍ന്നതായ ഈ ശരീരം നിത്യ ശുദ്ധമായ ആത്മാവല്ല.
ഈ ദേഹമാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയെ പിഴുതെറിയാന്‍ തുടങ്ങുകയാണ് ഇവിടെ. അന്നത്തില്‍ നിന്നാണ് ദേഹമുണ്ടാകുന്നത്. പുരുഷന് കഴിച്ച അന്നത്തിന്റെ സൂക്ഷ്മാംശം ബീജമായി മാറുന്നു. അത് സംയോഗം വഴി സ്ത്രീയിലെത്തി അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമാകുന്നു. പിന്നീട് മാതൃഗര്‍ഭത്തില്‍ നിശ്ചിത കാലം കിടന്ന് വളര്‍ച്ചയെത്തി പ്രസവത്താല്‍ പുറത്തെത്തുന്നു. ജനിച്ച ശേഷം പിന്നെ ശൈശവം, ബാല്യം, കൗമാരം, യൗവനകാലങ്ങളിലൂടെ ഭക്ഷണം കഴിച്ച് ക്രമത്തില്‍ വളരുന്നു. മരണം വരെ വേണം അന്നത്തെ ആശ്രയിക്കല്‍. മരണ ശേഷം ഈ ശരീരം കൃമി കീടങ്ങള്‍ക്കും മറ്റും ആഹാരമാകുന്നു.
കുഴിച്ചിട്ടാലും ദഹിപ്പിച്ചാലും സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ വളമായി, അവയുടെ ആഹാരമായിത്തീരും.
അന്നത്തില്‍ നിന്ന് ഉണ്ടായി അന്നത്താല്‍ വളര്‍ന്ന്, നിലനിന്ന് പിന്നെ മറ്റുള്ളവയ്ക്ക് അന്നമായിത്തീരുകയും ചെയ്യുന്നതിനാലാണ് ദേഹത്തെ അന്നമയകോശം എന്ന് പറയുന്നത്.
ഇനി ദേഹത്തിനകത്തുള്ളതോ..!
ഓരോന്നും ഒറ്റയ്ക്കെടുത്താല്‍ അറയ്ക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്.എല്ലാ വൃത്തികേടും തൊലി കൊണ്ട് നന്നായി പൊതിഞ്ഞ് വച്ചിരിക്കുകയാണ്. തൊലിയില്‍ മുറിവോ ചൊറിയോ മറ്റോ ഉണ്ടായാല്‍ അതിന്റെ വൃത്തികേടും ബോദ്ധ്യമാകും. ചോരയും ചലവും മലമൂത്രങ്ങളും നിറച്ചു വെച്ച ഒരു ഭാണ്ഡകെട്ടാണ് ഈ ശരീരം.അശുദ്ധ വസ്തുക്കള്‍ നിറഞ്ഞ ഈ ദേഹം ഒരിക്കലും ആത്മാവല്ല.
നിരന്തരം നശിക്കുന്നതായ ജഡ വസ്തുക്കള്‍ ചേര്‍ന്നുണ്ടായ ശീരരത്തിന് നിത്യ ശുദ്ധമായ ആത്മാവാകാന്‍ കഴിയില്ല.
ശ്ലോകം 155
പൂര്‍വം ജനേപിമൃതേരഥ നായമസ്തി
ജാതക്ഷണഃ ക്ഷണ ഗുണോളനിയത സ്വഭാവഃ
നൈകോ ജഡശ്ച ഘടവത് പരിദൃശ്യമാനഃ
സ്വാത്മാ കഥം ഭവതി ഭാവ വികാരവേത്താ
ജനനത്തിന് മുമ്പും മരണത്തിന് പിമ്പും ദേഹം ഉള്ളതായി കാണുന്നില്ല. കുറച്ച് കാലം മാത്രമേ ഇതിന് നിലനില്‍പ്പുള്ളൂ. ഇതിന്റെ ഗുണങ്ങള്‍ സ്ഥിരമല്ല. ഓരോ ക്ഷണവും മാറുന്നതാണ് ഇതിന്റെ സ്വഭാവം. പല ദശകളോട് കൂടിയ ഇത് കുടം പോലെ കാണാവുന്ന ഒരു ജഡ വസ്തുവാണ്. ഇതെങ്ങനെ എല്ലാ വസ്തുക്കളുടേയും മാറ്റങ്ങളേയും മറ്റുമറിയുന്ന ആത്മാവാകും?
ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. ഈ ദേഹം ആത്മാവല്ല എന്ന് തന്നെയാണത്.
മുമ്പ് ഇല്ലാത്ത ഒന്ന് ഭാവിയില്‍ ഇല്ലാത്തതുമായത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്. ഈ ശരീരത്തിന്റെ മുന്‍ പിന് അവസ്ഥകള്‍ നമുക്കറിയില്ല. ശരീരം നില
നില്ക്കുന്ന കാലം വളരെ കുറച്ച് മാത്രം. കൂടിയാല്‍ 100 കൊല്ലം. ചില മരങ്ങളും കെട്ടിടങ്ങളും പോലും അതിലധികം കാലം നിലനില്ക്കുന്നു. അനന്തമായ കാലത്തിന് മുന്നില്‍ മനുഷ്യ ജീവിതം ക്ഷണികമാണ്.
സ്വപ്നത്തിന് ചെറിയ സമയമാണ് കാലയളവ് എങ്കിലും നാം എത്രയോ സമയം അതില്‍ പെട്ട് അനുഭവിക്കുന്നതായി തോന്നും. അതുപോലെയാണ് ജീവിതവും.
ശരീരത്തിന്റെ ഗുണവും മാറി മറിഞ്ഞു കൊണ്ടിരിക്കും. ചിലപ്പോള്‍ നല്ല ആരോഗം മറ്റു ചിലപ്പോള്‍ രോഗം.ആധിയും വ്യാധിയും സുഖവും ദുഃഖവുമൊക്കെ. സത്വരജസ്തമോഗുണങ്ങള്ക്കനുസരിച്ച് ഓരോ പ്രകൃതം കാട്ടും. ചിലപ്പോള്‍ നല്ലയാള് മറ്റു ചിലപ്പോള്‍ ചീത്തയാള്‍ എന്നിങ്ങനെ.
കുടം നമുക്ക് കാണാവുന്ന ഒരു ജഡവസ്തുവാണ്. അതു
പോലെ തന്നെ അറിയാവുന്ന ഒന്നു തന്നെ ഈ ശരീരവും. ഒരു ദൃശ്യവസ്തു മാത്രം. അത് ദൃക്കല്ല – കാണുന്നയാളല്ല എന്ന് ചുരുക്കം. ദ്രഷ്ടാവായ ആത്മാവിന്റെ ഒരു ഉപകരണം മാത്രമാണ് ശരീരം. അതൊരിക്കലും ആത്മാവാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: