(തുടര്‍ച്ച)
ചില സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ ഒന്നര മാസം മുതല്‍ നാലുമാസം വരെ ഛര്‍ദിയുണ്ടാകും. ഈ സമയങ്ങളില്‍ പാല്‍, നെയ്യ്, ചോറ് ഇവയൊക്കെ കാണുമ്പോള്‍ തന്നെ ഓക്കാനവും ഛര്‍ദിയും വരും. ഇവര്‍ക്ക് ശരീരക്ഷീണം കൂടുതലായിരിക്കും. ചിലര്‍ക്ക് ഇത് പത്തുമാസം വരെ നീളാം. ഈ ഛര്‍ദിക്ക് പൂര്‍ണമായൊരു ശമനൗഷധമില്ല. എന്നാല്‍ താഴെ പറയുന്ന ചൂര്‍ണം 60 ശതമാനം സ്ത്രീകകളിലും ഫലപ്രദമാണ്.
ചൂര്‍ണത്തിന്:
മലര്‍, കൊത്തമ്പാലരി, ഞാവല്‍ക്കുരു ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ (അഞ്ച് ഗ്രാം) പൊടി പഞ്ചസാര അല്ലെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിക്കുക. ഈ ചൂര്‍ണത്തിന് പോഷകഗുണങ്ങളുമുണ്ട്.
ഗര്‍ഭിണികള്‍ക്ക് തലവേദനയുണ്ടായാല്‍ ചുക്ക് അരച്ച് നെറ്റിയിലും നെറുകയിലും തേച്ചാല്‍ മതി. ഇതുകൊണ്ട് ഭേദമായില്ലെങ്കില്‍ മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, രാമച്ചം, കൊട്ടം, ചെങ്ങന്നൂര്‍ കിഴങ്ങ്(ചെങ്ങഴുനീര്‍ കിഴങ്ങ്), കുറുന്തോട്ടിവേര്, കച്ചോലക്കിഴങ്ങ്, ഇവ പച്ച പശുവിന്‍ പാലില്‍ അരച്ച് നെറ്റിയിലും നെറുകയിലും ഇടുക.
ഗര്‍ഭത്തിന്റെ നാലാം മാസം മുതല്‍ അല്ലെങ്കില്‍ എട്ട്, ഒമ്പത്, പത്ത് മാസങ്ങളില്‍ മിക്കവാറും എല്ലാ സ്ത്രീകളിലും അടിവയറ്റിലും കാല്‍വണ്ണയിലും നീരുണ്ടാവുന്നത് സാധാരണയാണ്. ഇതിന് ഇനി പറയുന്ന മരുന്ന് വളരെ ശ്രേഷ്ഠമാണ്. കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരിവേര്, പലകപയ്യാനി വേര്, മൂഞ്ഞവേര്, ഓരില വേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, തഴുതാമവേര്, വയല്‍ച്ചുള്ളി വേര് ഇവ ഓരോന്നും അഞ്ച് ഗ്രാം വീതമെടുത്ത്, ആറ് ലിറ്റര്‍ വെള്ളത്തിലിട്ട് 300ഗ്രാം അരിയും ചേര്‍ത്ത് കഞ്ഞിയുണ്ടാക്കി, അത് കഞ്ഞിവെള്ളത്തോടു കൂടി സേവിക്കുക. ദിവസം രണ്ടു നേരമായി സേവിക്കണം. ഇങ്ങനെ എട്ടു ദിവസം സേവിച്ചാല്‍ നീര് പൂര്‍ണമായും ശമിക്കും.
ഗര്‍ഭിണികള്‍ക്ക് രക്തസ്രാവം വന്നാല്‍ സേവിക്കാന്‍ ഉത്തമമായ ഒരു ഔഷധമുണ്ട്. മുന്തിരിങ്ങാപ്പഴം, പാച്ചോറ്റിത്തൊലി, ചെങ്ങന്നൂര്‍ക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം ഇവ, ഓരോന്നും പത്തു ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് വീണ്ടും കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി അര സ്പൂണ്‍ ജീരകപ്പൊടിയും അരസ്പൂണ്‍ പഞ്ചസാരയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.സാധാരണ രീതിയില്‍ ഈ രക്തസ്രാവം എട്ടോ പത്തോ ദിവസം കഷായം കുടിക്കുമ്പോള്‍ ശമിക്കും. എന്നാല്‍ ശക്തമായ കുത്തിനോവോടു കൂടി രക്തസ്രാവമുണ്ടായാല്‍ അതിന് ആധുനികരീതിയിലുള്ള ചികിത്സ തേടണം.
മാംസം ഭക്ഷിക്കുന്നവരാണെങ്കില്‍ മുട്ടയിടുന്ന കോഴി, താറാവ് എന്നിവയുടെ മാംസവും മുട്ടയിടുന്ന മീനും ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ഗര്‍ഭം പുഷ്ടിപ്പെടുന്നതിനും ഗര്‍ഭസ്രാവം തടയുന്നതിനും ഗുണകരമാകും. ഗര്‍ഭിണികള്‍ നിത്യവും പാലും നെയ്യും സേവിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: