അസാമാന്യ പ്രതിഭാശാലിയായ ഗാനരചയിതാവ് ആയിരുന്നു മേലാറ്റൂര്‍ വെങ്കടരാമശാസ്ത്രി. 1770 ല്‍ അന്നത്തെ തഞ്ചാവൂര്‍ മറാത്ത രാജ്യത്തിലെ മേലത്തൂരിലാണ് ശാസ്ത്രി ജനിച്ചത്. തെലുങ്ക് ആയിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷ. 1550 കളില്‍ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം കുടിയേറിയവരാണ്വെങ്കടരാമശാസ്ത്രിയുടെ പൂര്‍വികര്‍.
ലക്ഷ്മണര്യയില് നിന്ന് സംഗീതവും നൃത്തവും അഭ്യസിച്ച വെങ്കടരാമ ശാസ്ത്രി സംസ്കൃത പണ്ഡിതനായ നരസിംഹന്റെ ശിഷ്യന്മാരില് പ്രമുഖനായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച വ്യക്തിത്വം. നൃത്ത നാടക രംഗത്തും അദ്ദേഹം സജീവമായിരുന്നു. പ്രഹ്ലാദ ചരിത്രം, മാര്‍ക്കണ്ഡേയ ചരിത്രം, കംസചരിത്രം, ഉഷാകല്യാണം, രുക്മിണീ കല്യാണം, സീതാകല്യാണം, ഹരിഹര വിലാസം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നൃത്തനാടകങ്ങളാണ്. ഇവയിലെ ഗാനങ്ങള്‍ സംഗീതപരമായി വളരെയധികം മൂല്യങ്ങള്‍ ഉള്ളതാണ്. നൃത്ത നാടകങ്ങളില്‍ പലവിധ വൃത്തങ്ങളില്‍ ഉള്ള അദ്യഭാഗങ്ങളും വര്‍ണനകളും കഥാകഥനങ്ങളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗാനങ്ങളും സംഭാഷണ ഗാനങ്ങളും ഉണ്ട്.
പാത്ര പ്രവേശന ഗാനങ്ങളും സംഭാഷണ ഗാനങ്ങളും രാഗതാളങ്ങള്‍ സഹിതം പാടുകയും ആടുകയും അഭിനയിക്കുകയും ചെയ്യുന്നു. നൃത്ത നാടകങ്ങളിലെ സംഗീതം വായ്പ്പാട്ടും ഓടക്കുഴലും മൃദംഗവും കൂടിയതാണ്. ശ്രുതിക്കു വേണ്ടി അക്കാലത്ത് ‘തുട്ടി’ എന്ന സംഗീത ഉപകരണം ആണ് ഉപയോഗിച്ചിരുന്നത്. പാട്ടുകാരനെ കൂടാതെ പാരായണക്കാരന് കൂടി ഇവയില്‍ ഉണ്ടായിരിക്കും. നൃത്ത രംഗങ്ങള്‍ കൂട്ടിയിണക്കുന്ന കഥാഭാഗവും മറ്റു പദ്യങ്ങളും രാഗത്തില്‍ പാടുകയാണ് പാരായണക്കാരന് ചെയ്യുന്നത്.
പ്രഹ്ലാദ ചരിത്രത്തില്‍ ത്രിലോക ഭയങ്കരനായ ഹിരണ്യന് നൃത്തം ചെയ്ത് തിമിര്‍ത്ത് പ്രവേശിക്കുന്ന ദേവഗാന്ധാരി ഗാനവും ലീലാവതിയുടെ രംഗപ്രവേശ സമയത്തുള്ള അഠാണ ഗാനവും പ്രഹ്ലാദന്റെ പ്രവേശ സമയത്തുള്ള ഭൈരവി ഗാനവും വളരെ ശ്രദ്ധേയമാണ്. ലോകം മുഴുവനും ഹരി മയം ആയി കാണുകയും ഹരിനാമ സ്മരണ, മോക്ഷ സാധനയായി കരുതുകയും ചെയ്യുന്ന പ്രഹ്ലാദനെയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
വെങ്കിട്ടരാമ ശാസ്ത്രിയുടെ ഉപാസനമൂര്‍ത്തി നരസിംഹം ആയിരുന്നു. അദ്ദേഹത്തിന്റെ നൃത്തനാടകങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം പ്രഹ്ലാദ ചരിത്രമാണ്. അദ്ദേഹം നാടകങ്ങളില്‍ ഉപയോഗിച്ചിരുന്ന രാഗങ്ങള്‍ എല്ലാം രക്തിരാഗങ്ങളും അപൂര്‍വ രാഗങ്ങളും ആയിരുന്നു. ഗൗളി പന്ത്, മാഞ്ചി, ആഹിരി, ദര്‍ബാര്‍ തുടങ്ങിയ രാഗങ്ങളും ഉപയോഗിച്ചിരുന്നു
നാളെ: നടമാടി തിരിന്ത ഉമക്ക് ഇടതുകാല്
പ്രതികരിക്കാൻ ഇവിടെ എഴുതുക: