തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണിനാണ്. ജനങ്ങള്‍ വീടുകളിലിരുന്നു വിനോദാപാധികള്‍ തേടുന്ന സമയത്താണ് പ്രേക്ഷകരുടെ ആവശ്യപ്രകാരം ജനപ്രിയ സീരിയലുകളായ രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാന്‍ ദൂരദര്ശന് തീരുമാനിച്ചത്. ദൂരദര്‍ശന്റെ തീരുമാനത്തെ കൈയടിച്ചാണ് സോഷ്യല്‍ മീഡിയ അടക്കം സ്വീകരിച്ചത്. എന്നാല്‍, ചില ഭാഗങ്ങളില്‍ നിന്ന് ഇതിനെതിരേ എതിര്‍സ്വരവും ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ മലയാളത്തിലെ സാഹിത്യകാരന് സക്കറിയ ആണ് രാമായണം സീരിയല്‍ സംപ്രേഷണം ചെയ്യുന്നതിനു പുതിയ തലങ്ങള്‍ കണ്ടെത്തി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിക്ക് രാജ്യത്ത് വേരൊരുക്കിയത് രാമായണം സീരിയല്‍ ആണെന്നാണ് സക്കറിയ പറയുന്നത്. ഇതിനായി ബാബറി മസ്ജിദും രാം ലല്ലയും ഷബാനു നിയമനിര്‍മാണവും ഒക്കെ എടുത്തിടുന്നുണ്ട് സക്കറിയ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്നത്തെ ഇന്ത്യയില്‍ എനിക്ക് ബിജെപിയോടും ആര്‍എസ്എസ്സിനോടും ഒരു വിധത്തില്‍ പറഞ്ഞാല്‍ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങള്‍ മെനയാനുള്ള അവരുടെ ശേഷി. ഇത് ഈ തോതില്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിലോ പാര്‍ട്ടിയിലോ ഞാന്‍ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടനമാണ് കൊറോണ അടച്ചു പൂട്ടല്‍ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനം. ബിജെപി എന്ന പാര്‍ട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടിക്കയറാന്‍ കോണ്‍ഗ്രസ് പണിതു കൊടുത്ത അനവധി നടക്കെട്ടുകളില്‍ ഒന്നായിരുന്നു രാമായണ പരമ്പര.
വാസ്തവത്തില്‍ ഈ വഴിയൊരുക്കല് തുടങ്ങുന്നത് ബിജെപി ജനിച്ചിട്ടില്ലാത്ത കാലത്ത് നെഹ്റു ഭരണത്തിന് കീഴില്‍ 1949 ല്‍ ബാബ്റി മസ്ജിദില്‍ രാംലല്ലയുടെ വിഗ്രഹം ഒരു മലയാളിയുടെ മേല്‍നോട്ടത്തില്‍ കടത്തിയ മുഹൂര്‍ത്തത്തില്‍ ആണ്.1984ല്‍ രാജീവ് ഗാന്ധിയും കോണ്‍ഗ്രസ്സും ഷാബാനു നിയമ നിര്‍മാണത്തിലൂടെ ആ വഴി വീണ്ടും വെട്ടിത്തുറന്നു. 1986ല്‍ കോണ്‍ഗ്രസ് രാജീവ് ഗാന്ധി സംവിധാനം ഹിന്ദുത്വ പാതയിലെ അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു: ബാബ്റി മസ്ജിദിന്റെ പൂട്ട് തുറന്നു കൊടൂത്തു. 1987ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേഷണം ആരംഭിച്ച രാമായണ പരമ്പര ബിജെപിയുടെ വളര്‍ച്ചയുടെ നിര്‍ണായക മുഹൂര്‍ത്തം ആയിരുന്നു. ആര്‍എസ്എസ് സ്വപ്നങ്ങള്‍ക്ക് അനുസൃതമായ ഒരു ‘ഹിന്ദുത്വ’ വികാരം ജനസാമാന്യത്തില്‍ സൃഷ്ടിക്കാന്‍ ഒരു ഒറ്റമൂലി പോലെ അത് സഹായിച്ചു. രാജീവ് ഗാന്ധി തന്നെ ബിജെപിക്ക് അതിന്റെ അടുത്ത കുതിച്ചു ചാട്ടം സൃഷ്ടിച്ചു കൊടുത്തു : 1989 ലെ ശിലാന്യാസ നാടകവുമായുള്ള ഒത്ത്തീര്‍പ്പ്. 1992ല്‍ നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി ബാബ്റി മസ്ജിദ് തക ര്ക്കലിന് മൗന സമ്മതം നല്‍കിയതോടെ ബിജെപിയുടെ കോണ്‍ഗ്രസ്സിന്റെ കൈപിടി ച്ചുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെക്കുള്ള സമാഗമനം ഏതാണ്ട് പൂര്‍ത്തിയായി. രഥയാത്രയെ ബാക്കിയുണ്ടായിരുന്നുള്ളു.
അദ്വാനി ഒരിക്കല്‍ പറഞ്ഞത് ഓര്മ വരുന്നു (കൃത്യമായ വാക്കുകളല്ല): ‘പുരുഷോത്തം ദാസ് ടന്‍ഡന്‍ജി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരിക്കും വരെ കോണ്‍ഗ്രസും ഹിന്ദുത്വവും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായിരു ന്നു.’ ടാന്ഡന് മൃദുല ഹിന്ദുത്വ വാദിയായ കോണ്‍ഗ്രസ് കാരനായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തെ കടത്തി വെട്ടുകയാണ് കോണ്‍ഗ്രസ് പിന്നീട് ചെയ്തത് എന്ന് സംശയിക്കണം.
ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കുലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ്. പഴയ കുപ്പിയിലെ പഴയ വീഞ്ഞ് ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ ഈ സമയാനുസൃതമായ ബുദ്ധി വൈഭവത്തെ ഇന്ത്യന്‍ പ്രതിപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കണ്ട് മനസ്സിലാ ക്കുന്നതു നന്നായിരിക്കും. ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതായതു കൊണ്ട് ഇത് കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: