കോട്ടയം: പായിപ്പാടുണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് വെളിപ്പെടുത്തുന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗം എം.ആര്. ഫസലിന്റേതായി ശബ്ദരേഖ പ്രചരിക്കുന്നു. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കിയതിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ട്. മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അവിടെ രാവിലെ എത്തിയിരുന്നു. പ്രതിഷേധത്തിന് എന്താ ഇറങ്ങാത്തതെന്ന് ഒരോ ക്യാമ്പിലും കയറിയിറങ്ങി ചോദിച്ച് ഇയാള്‍ ആളെക്കൂട്ടുന്നുണ്ടായിരുന്നു. ആള്ക്കാര് കൂട്ടും കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോള്‍ ആളെക്കൂട്ടിയതിനും ആസൂത്രിമായി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുക്കണം, സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെടുന്നു.
ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് കവലയില്‍ നാലായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. തികച്ചും ആസൂത്രിതമായ സമരം ചില സംഘടനകളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആരോപണം.
നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഒരാവശ്യം. പാകം ചെയ്ത ഭക്ഷണം വേണ്ടെന്നും ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും വെള്ളവും വേണമെന്നുമാണ് മറ്റൊരാവശ്യം. പിരിഞ്ഞ് പോകാതെയിരുന്ന തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ലംഘനമാണ് പായിപ്പാടുണ്ടായത്. ഒരു വാട്സ്ആപ് സന്ദേശം ലഭിച്ചതിനു ശേഷമാണ് തൊഴിലാളികള്‍ സംഘടിച്ച് നിരത്തിലിറങ്ങിയതെന്നാണ് സൂചന. ഗൂഢാലോചന അന്വേഷിക്കാന്‍ കോട്ടയം എസ്പിയെ ചുമതലപ്പെടുത്തി.
ഇന്നലെ രാവിലെ 11ന് ചെറുകൂട്ടമായിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരങ്ങളെത്തി. തുടര്‍ന്ന് മന്ത്രി പി. തിലോത്തമന്, കളക്ടര്‍ പി.കെ. സുധീര്‍ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് എന്നിവര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോയത്. നാട്ടിലേക്ക് തൊഴിലാളികളെ മടക്കി അയയ്ക്കാന്‍ നിര്‍വാഹമില്ലെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പായിപ്പാട് പഞ്ചായത്തില്‍ 12,000ത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. 250 ക്യാമ്പുകളിലായിട്ടാണ് ഇവര്‍ കഴിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് ഈ തൊഴിലാളികളില്‍ എണ്ണായിരത്തോളം പേര് നാട്ടിലേക്ക് മടങ്ങി. അവശേഷിക്കുന്നവരാണ് ക്യാമ്പുകളിലുള്ളത്. ലോക്ഡൗണിന് ശേഷം ജോലിയില്ലാതെയായി ഭക്ഷണവും മറ്റും കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ കളക്ടര്‍ കഴിഞ്ഞ ദിവസം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് പരാതികള്‍ പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശവും നല്കി. ഇതനുസരിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരും ലേബര്‍ ഓഫീസറും ക്യാമ്പ് ഉടമകളുടെ യോഗം വിളിച്ച് ഇവര്‍ക്കാവശ്യമായ ഭക്ഷണത്തിന് ക്രമീകരണം ഉണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായതായിട്ടാണ് ആരോപണം. പായിപ്പാട് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: