ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള അവശ്യ സാധനങ്ങളുടെ സര്‍വീസിന് തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ.
കര്‍ണാടകത്തില്‍ നിന്ന് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവ കേരളത്തില്‍ എത്തിക്കും. ഇതിനായി മൂന്നു റോഡുകള്‍ തുറന്നിട്ടുണ്ട്. ഒരു റോഡ് മംഗളൂരു വഴിയും രണ്ടെണ്ണം വയനാട് ജില്ലയിലും എത്തിച്ചേരുന്നതാണ്. കര്‍ണാടകത്തില്‍ നിന്നുള്ള വാഹനത്തിലാകും അവശ്യ സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അതിര്‍ത്തി ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ പറഞ്ഞു. കര്ണാകയുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളില്‍ കൊറോണ രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
കേരളത്തില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കാന്‍ 21 വഴികളുണ്ട്. ഇതെല്ലാം അടച്ചതായി ദക്ഷിണ കന്നഡ നോഡല്‍ ഓഫീസര്‍ പൊന്നുരാജ് പറഞ്ഞു.
കര്‍ണാടക-കേരള അതിര്‍ത്തിയായ തലപ്പാടിയിലൂടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് എംഎല്‍എ വേദവ്യാസ കമ്മത്ത് പറഞ്ഞു. മംഗളൂരുവിലുള്ളവരുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ വിരാജ്പേട്ടയിലൂടെയുള്ള ഗതാഗതം അനുവദിക്കില്ലെന്ന നിലപാട് പ്രാദേശിക ജനപ്രതിനിധികള്‍ ഇന്നലെ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: