കണ്ണൂര്‍: കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം. ബാങ്ക് ജീവനക്കാര്‍ ആശങ്കയില്‍. രോഗ വ്യാപന ഭീഷണി കാരണം നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള വീടുകള്‍ ഏതെന്ന് അറിയാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം വീടുകളില്‍ പോകേണ്ടി വരുമെന്നതാണ് ജീവനക്കാരെ ആശങ്കയിലാക്കുന്നത് .
ഇത്തരം വീടുകളില്‍ എത്തിച്ചേര്‍ന്നാല്‍ അവിടത്തെ വീട്ടുകാരോ ബന്ധുക്കളോ അത്തരം വിവരങ്ങള്‍ ജീവനക്കാരുമായി പങ്കുവെച്ചില്ലെങ്കില്‍ അത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന ഭയത്തിലാണ് ജീവനക്കാര്‍. മാത്രമല്ല ഗള്‍ഫില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലുള്ള മിക്കവരും അയല്പക്കക്കാരുമായി സമ്പര്‍ക്കമുണ്ട്. ഇതില്‍ പലരും രോഗവാഹകരുമാണ്.
കഴിഞ്ഞ ദിവസം ആരംഭിച്ച ക്ഷേമ പെന്ഷന് വിതരണം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുന്നത് സഹകരണ ബാങ്ക് ജീവനക്കാരാണ്. പെന്ഷന് അര്‍ഹരായവരുടെ വീട്ടില്‍ ബാങ്ക് ജീവനക്കാര്‍ നേരിട്ടെത്തി തുക നല്കി പുസ്തകത്തില്‍ ഒപ്പ് വാങ്ങിയാണ് മടങ്ങുന്നത് . കൈയുറകളും മാസ്കുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും പണം കൈമാറ്റവും ഒപ്പുശേഖരണവും ഇവരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് .
പ്രായമായവരില്‍ നിന്നും ചുണ്ടൊപ്പ് വാങ്ങുന്നതും ജീവനക്കാരില്‍ ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. നിലവിലുളള പ്രത്യേക സാഹചര്യത്തില്‍ പെന്ഷന് വിതരണത്തിന് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ പോലുള്ള സുരക്ഷിതമായ മാര്‍ഗ്ഗം കണ്ടെത്തേണ്ടതാണെന്ന അഭിപ്രായത്തിലാണ് ജീവനക്കാര്‍. എന്തായാലും വീടുകളില്‍ ചെന്നുള്ള പെന്ഷന് വിതരണം മൂലം ഭീതിയിലായിരിക്കുകയാണ് ഒരു പറ്റം ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: