വിളപ്പില്‍: ഓര്‍മ്മയില്ലേ, ശ്രീരഞ്ജിനിയെ..?. അവയവദാനം പുണ്യമായി കണ്ട് സ്വന്തം കരളിലല്പം ഒരു പിഞ്ചു കുഞ്ഞിന് പകുത്തുനല്‍കിയ ആ പെണ്‍കരുത്തിനെ ആരും അത്രപെട്ടന്ന് മറക്കാനിടയില്ല. ഈ കൊറോണ കാലത്ത് പ്രതിരോധശേഷി കുറഞ്ഞ ശരീരവുമായി രോഗീപരിചരണത്തില്‍ മുഴുകുകയാണ് ശ്രീരഞ്ജിനി.
പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി(40) സ്വന്തമായി വീടും കുടുംബവുമില്ലാത്ത അനാഥയാണ്. ആശാവര്‍ക്കറായും കൂലിപ്പണി ചെയ്തുമായിരുന്നു ഉപജീവനം. വാടക വീടുകളില്‍ മാറിമാറി താമസം. ദാരിദ്യം ഇഴതീര്‍ത്ത ജീവിതമായിട്ടും ആറുമാസം മാത്രം പ്രായമുള്ള അലിയ ഫാത്തിമ എന്ന കുരുന്നിന് സ്വന്തം കരള്‍ ദാനമായി പകുത്തു നല്കിയവള്. 2016ല്‍ ശ്രീരഞ്ജിനി കരള്‍ദാനം നല്കിയപ്പോള് ‘ജന്മഭൂമി’ അത് പുറംലോകത്തെ അറിയിച്ചു. അവയവദാനത്തിന് ശേഷമുള്ള അവളുടെ പട്ടിണി ജീവിതത്തെ കുറിച്ചും.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യ വകുപ്പ് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ശ്രീരഞ്ജിനിക്ക് ക്ലാസ് ഫോര്‍ ജീവനക്കാരിയായി താല്‍ക്കാലിക ജോലി നല്കി. പ്രതിമാസം 7000 രൂപ ശമ്പളത്തില്‍. വേതനം കുറവെങ്കിലും രോഗികളെ പരിചരിക്കുന്നത് പുണ്യമെന്ന് അവള് കരുതി. ആശുപത്രിക്ക് സമീപത്തുതന്നെ ഒരു വാടക വീട്ടിലാണ് താമസം. കൊറോണ ഭീതിയില്‍ രാജ്യം പകച്ചു നില്ക്കുമ്പോള് ശ്രീരഞ്ജിനി ഒരു തീരുമാനമെടുത്തു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ഒരു ദിവസം പോലും അവധി എടുക്കാന്‍ പാടില്ലെന്ന്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരുദിവസവും അവധി എടുക്കാതെ ആശുപത്രിയില്‍ എത്തി ജോലി ചെയ്യുകയാണ് ശ്രീരഞ്ജിനി.
നിരവധി ആളുകളാണ് വട്ടിയൂര്‍ക്കാവില്‍ കൊറോണ നിരീക്ഷണത്തിലുള്ളത്. പ്രദേശത്ത് വീടുകളില്‍ ഐസ്വലേഷനില്‍ കഴിയുന്നവരും ധാരാളം. ഈ സാഹചര്യത്തില്‍ ആശുപത്രി ശുചീകരണം, ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കല്‍ തുടങ്ങി ഭാരിച്ച ജോലികള്‍ സ്വമേധയ ഏറ്റെടുത്ത് ചെയ്യുകയാണ് ശ്രീരഞ്ജിനി. ജോലി എന്നതിലുപരി, അത് തന്റെ കടമയെന്ന് പറയാനാണ് ഇവള്‍ക്കിഷ്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: