പദങ്ങളുടെ പിതാവ് എന്ന് അറിയപ്പെടുന്ന രചയിതാവാണ് ക്ഷേത്രജ്ഞന്. ദക്ഷിണേന്ത്യയിലെ ആന്ധ്രാപ്രദേശിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സംഗീതാത്മകമായും രാഗ-ഭാവ പ്രധാനമായും പദങ്ങള്‍ രചിച്ച ആദ്യത്തെ തെലുങ്ക് ഗാനകര്ത്താവുമാണ് ക്ഷേത്രജ്ഞന്.
വരദയ്യ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.മുവ്വപുരിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ‘മുവ്വഗോപാലനാണ്’ അദ്ദേഹത്തിന്റെ എല്ലാ പദങ്ങളിലെയും നായകന്. മുവ്വ ഗോപാലന് അദ്ദേഹത്തിന്റെ ഇഷ്ടദേവത ആയിരുന്നു. മുവ്വ പുരിയിലെ ഗോപാല ക്ഷേത്രത്തിലെ ഭക്തയും സുന്ദരിയും നര്‍ത്തകിയുമായ ഒരു ദേവദാസിയില്‍ ക്ഷേത്രജ്ഞന് അനുരക്തനായി.
ശൃംഗാര കവിതകളും ഗാനങ്ങളും മാത്രം രചിച്ചിരുന്ന ക്ഷേത്രജ്ഞനെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ച ദേവദാസി അദ്ദേഹത്തോട് മുവ്വ ഗോപാലനെ കുറിച്ച് പദങ്ങള്‍ രചിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം നന്നേ വിഷമിക്കുകയും ഇടതടവില്ലാതെ മനസ്സും ഹൃദയവും ഭഗവല്‍ രൂപത്തിലും ചരിത്രത്തിലും വ്യാപരിക്കാന്‍ നിര്‍ബന്ധിതനായി തീരുകയും ചെയ്തു. അങ്ങനെ അദ്ദേഹം വളരെ കഷ്ടപ്പെട്ട് ‘ശ്രീപതിസുതുബാരികി’ എന്നു തുടങ്ങുന്ന ആനന്ദഭൈരവി രാഗത്തിലുള്ള പദം രചിച്ചു. ദേവദാസി ക്ഷേത്രജ്ഞന് സ്വയം സമര്‍പ്പിച്ചുവെങ്കിലും അദ്ദേഹം അപ്പോഴേക്കും അതില്‍നിന്നെല്ലാം മുക്തനായി മുവ്വഗോപാല ദാസനായി തീര്‍ന്നിരുന്നു.
ക്ഷേത്രജ്ഞരുടെ പദങ്ങള്‍ നൃത്തത്തിന് അനുയോജ്യമായിരുന്നു. നൃത്തവും സംഗീതവും വാദ്യവും കൂടിയ ‘തൗര്യത്രിക’ത്തെ ആണ് പ്രാചീന ആചാര്യന്മാര് സംഗീതമെന്ന് നിര്‍വചിച്ചത്. ക്ഷേത്രജ്ഞന് നൃത്തകലാ വിദഗ്ധനും, സര്‍വ്വോപരി ഒരു സംഗീതജ്ഞനും, ഒരു കവിയുമായിരുന്നു. വിവിധ കലകളെ സമ്മേളിപ്പിച്ച് അദ്ദേഹം പദങ്ങള്‍ രചിച്ചു. ശൃംഗാരരസ പ്രധാനമായ പദങ്ങളായിരുന്നു അവ.
പദങ്ങള്‍, പതിഞ്ഞ കാലത്തില്‍ ആയതിനാല്‍ സംഗീത ആവിഷ്കാരത്തിന് അത് ഏറെ സഹായിക്കും. രാഗങ്ങളുടെ സവിശേഷ സ്വഭാവങ്ങളെ പദങ്ങളിലൂടെ വെളിപ്പെടുത്തുവാന്‍ അദ്ദേഹം വളരെയധികം ശ്രമിച്ചിരുന്നു. ക്ഷേത്രജ്ഞ പദങ്ങള്‍ മധുരഭക്തിയും പ്രകടമാക്കി. 9 വിധത്തിലുള്ള ഭക്തിയെ പറ്റി മുന്‍പ് പ്രതിപാദിച്ചു. അതായത് ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നീ ഒമ്പത് വിധത്തിലാണ് ഭക്തന്മാര് ഭഗവാനെ സമീ
പിക്കാറുള്ളതെന്ന് ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്. ഉത്തമ ഭക്തിയില്‍ ഈ ഭാവങ്ങളെല്ലാം ചേര്‍ന്നിരിക്കും. സന്ദര്‍ഭത്തിനനുസരിച്ച് ഓരോ ഭക്തിയും അതാത് സമയങ്ങളില്‍ ഭക്തന്മാര് ഉപയോഗിക്കുന്നു. സ്വാതിതിരുനാളിന്റെ ഭക്തിമഞ്ജരിയില് ഉള്ള ഒരു ശ്ലോകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. മധുര ഭക്തി എന്ന ആശയം കേവലം സങ്കല്പം മാത്രമാണ്. വാത്സല്യ ഭക്തിയും മധുര ഭക്തിയും പുരാണങ്ങളില്‍ കാണുകയില്ല. ഉണ്ണിക്കണ്ണനോട് വാത്സല്യം കലര്‍ന്ന ഭക്തി പ്രദര്‍ശിപ്പിച്ചതായി നമുക്ക് അറിവില്ല. യശോദയുടെ കണ്ണനോടുള്ള മാതൃവാത്സല്യം ഭക്തി കലര്‍ന്നതായി പറയാന്‍ സാധിക്കില്ല.
ക്ഷേത്രജ്ഞ പദങ്ങളില്‍ പലയിടത്തും കൂടി വന്നിട്ടുള്ള ശൃംഗാര ഭക്തി ഭാവത്തെ മാറ്റി കളയുന്നത് ആയി കാണാന്‍ സാധിക്കും. ക്ഷേത്രജ്ഞ പദങ്ങളില്‍ ഭക്തിഭാവം കാണുവാന്‍ സാധിക്കുകയില്ല അദ്ദേഹം മധുര ഭക്തിയാണ് കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. അക്കാലത്തെ മറ്റു കവികള്‍ ചെയ്തതുപോലെ ഭക്തിയും ശൃംഗാരവും കൂട്ടിക്കലര്ത്തിയവയാണ് അദ്ദേഹത്തിന്റെ രചനകള്‍. അദ്ദേഹം ഏകദേശം 4200 പദങ്ങള്‍ രചിച്ചിട്ടുണ്ട്. പക്ഷേ 332 പദങ്ങളെ ഇന്ന് ലഭ്യമായിട്ടുള്ളൂ. നൃത്ത ആചാര്യന്മാരാണ് ക്ഷേത്രജ്ഞ പദങ്ങളുടെ സൂക്ഷിപ്പുകാര്‍. പരമ്പരാഗതമായി കൈമാറി വന്നവയാണ് ക്ഷേത്രജ്ഞ പദങ്ങളില്‍ പലതും.
ക്ഷേത്രജ്ഞന് പദങ്ങളില്‍ ഏകദേശം അന്‍പതോളം രാഗങ്ങള്‍ ഉപയോഗിച്ചതായി കാണുന്നുണ്ട്. അവയില്‍ മിക്കതും സാധാരണ ഉപയോഗിക്കാറുള്ള രാഗങ്ങള്‍ തന്നെയായിരുന്നു. ചില അപൂര്‍വ്വ രാഗങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സാമന്തം, സൈന്ധവി, ഗൗരി, സിന്ദൂരതിലകം തുടങ്ങിയ അപൂര്‍വ രാഗങ്ങളും അദ്ദേഹത്തിന്റെ പദങ്ങളില്‍ കാണാം. അദ്ദേഹത്തിന്റെ പദങ്ങള്‍ സ്വരസഞ്ചാരങ്ങള്‍ നിറഞ്ഞതാണ്. താളങ്ങളുടെ മന്ദഗതി യും ഗമകങ്ങളുടെ പ്രയോഗങ്ങളും ക്ഷേത്രജ്ഞ പദങ്ങളെ വ്യത്യസ്തമാക്കി തീര്‍ക്കുന്നു. സംഗീതക്കച്ചേരികളില്‍ മറ്റും ക്ഷേത്രജ്ഞ പദങ്ങള്‍ കേള്‍ക്കുവാന്‍ സാധിക്കും. കേദാരഗൗള രാഗത്തില്‍ മിശ്രചാപ്പ് താളത്തിലുള്ള ‘ബാമരോ മുവ്വ ഗോപാലുടെ…..’ എന്ന കൃതി ഏറെ പ്രശസ്തമാണ്.
(നാളെ: ഹിരണ്യനെ നൃത്തം
ചെയ്യിച്ച സംഗീതകാരന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: