സദ്സംഗവേദിയായ ‘അനുഭവ മണ്ഡപത്തില്‍’ നിന്ന് ശാന്തിദമായ നാദത്തില്‍ സുഭാഷിതം പ്രവഹിക്കുകയാണ്. അനുഭൂതിജന്യമായ മഹാശയങ്ങള്‍ അവിടെ അലൗകികാന്തരീക്ഷം വിരിയിച്ചു. നാടിന്റെ നാനാ ഭാഗത്തുനിന്നുമെത്തിയ സാധാരണജനങ്ങളും പ്രഭുക്കളും പണ്ഡിതരും കൃഷീവലന്മാരും അവിടെ സദസ്യരായുണ്ടായിരുന്നു. അവരുടെ ശ്രദ്ധ ആ ശബ്ദസൗഭാഗ്യത്തിലും ഭക്തിയുടെ ലഹരിയിലും വിശുദ്ധമായിക്കൊണ്ടിരുന്നു. അക്കമഹാദേവിയുടെ മഹിത വചനമാണ് അവിടെ മുഴങ്ങുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകത്തില്‍ ഒഴുകിപ്പരന്ന വീരശൈവ ഭക്തി പ്രസ്ഥാനത്തിന്റെ ശംഖനാദമാണ് അക്കമഹാദേവിയെന്ന് പ്രശസ്തയായ മഹാദേവി. ‘അക്ക’ അക്ഷരാര്‍ഥത്തില്‍ എല്ലാവര്ക്കും ‘ജ്യേഷ്ഠത്തി’ തന്നെ. കന്നട ഭക്തി സാഹിത്യത്തില്‍ സംഭാവനയര്‍പ്പിച്ച ആദ്യ വനിതയായ അക്കയുടെ നാനൂറ്റിമുപ്പത് വചനങ്ങള്‍ അന്നും ഇന്നും ധര്മഭക്തിയുടെ സ്നേഹധന്യത വിളംബരം ചെയ്യുന്നു.
ശിവമോഗ(ഷിമോഗ) യിലെ ഉഡുഗനി ഗ്രാമത്തിലാണ് മഹാദേവിയുടെ ജനനം. നിര്‍മല്‍ ഷെട്ടിയുടെയും സുമതിയുടെയും മകള്‍ ശിവഭക്തയായി വളര്‍ന്നു. ചന്നമല്ലികാര്ജുനനായ ശ്രീപരമേശ്വരനായിരുന്നു അവളുടെ ഇഷ്ടദേവനും തോഴനും. ശിവോപാസനയുടെ വിവിധമായ സാധനാഘട്ടങ്ങളാണ് മഹാദേവി അനുധ്യാനത്തിലൂടെ പിന്നിടുക. ഹൃദയത്തില്‍ കാവ്യ സഞ്ജീവനി മന്ദമായി ഉറവയെടുക്കുകയായിരുന്നു. ആത്മീയദര്‍ശനങ്ങളുടെ മഹാപ്രകാശമായിരുന്നു അക്കയുടെ അക്ഷരങ്ങള്‍. ലിംഗാരാധനയുടെ ആദ്യഘട്ടമായ ‘ഗുരു /ലിംഗ/ ജംഗമ’ത്തില്‍ വിരിഞ്ഞ സുരഭിലാശയങ്ങള് അക്കയുടെ വ്യാഖ്യാനത്തിന്റെ അപൂര്‍വതയില്‍ സര്‍വസ്വീകാര്യമായി. ലിംഗാരാധനയ്ക്കുള്ള സ്വാതന്ത്ര്യം അന്ന് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല. വിലക്കിനെ മറികടന്ന് ശിവലിംഗധ്യാനവും പൂജയുമായി അക്ക ആത്മസമര്പ്പണത്തിലായിരുന്നു. ശിവനെ സ്വന്തം പതിസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് അക്ക മുന്നേറിയത്. അതിസുന്ദരിയായ മഹാദേവിയെ കൗശികരാജാവ് വിവാഹം ചെയ്തെങ്കിലും ദാമ്പത്യമുണ്ടായില്ല. ദൈവിക സായൂജ്യത്തിന്റെ മഹിതതലങ്ങളില് ദേവി അന്വേഷണ യാത്രയാരംഭിച്ചു. ഭിക്ഷുകിയായി ദേശാടനം ചെയ്യുന്നതിനിടയില്‍ ലിംഗായത്ത് ആചാര്യന്മാരായ ബസവേശ്വരയ്ക്കും പ്രഭുദേവയ്ക്കും മഹാദേവിയുടെ അതീതജ്ഞാനം വെളിപ്പെടുകയായിരുന്നു.
യഥാര്‍ഥ ശിവയോഗിനിയായി മാറിയ അക്കാദേവി അചഞ്ചലമായ ഭക്തി വിശ്വാസശക്തിയില്‍ ആത്മസൗരഭം വിടര്‍ത്തി. സദ്സംഗവേദി പിന്നിട്ട് അനുയായികളോടൊപ്പം ശ്രീശൈലത്തിലെത്തി. അവിടെ കദളീവനത്തിന്റെ വിഭൂതിയിലലിഞ്ഞ് ആത്മാവിന്റെ പൂങ്കാവനത്തില്‍ ദേവി തപസ്സിരുന്നു. പിന്നീട് നിര്‍ഗുണോപാസനയുടെ ആന്തരിക പ്രഭയില്‍ പ്രവേശിച്ച അക്കാദേവി സമദര്‍ശനത്തിലൂടെ ശിവസായൂജ്യം നേടി. അദൈ്വതത്തിന്റെ നിത്യചൈതന്യം ആ മഹാവചനങ്ങളില് അമൃതം നിറച്ചു. കാലം അത് നിധികുംഭമായി ഇന്നും സൂക്ഷിക്കുന്നു.
ഡോ. കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: