വിളപ്പില്‍: കൊറോണ ഭീതിയില്‍ നാട് പകച്ചു നില്ക്കുമ്പോള് നന്മയുടെ കൈകള്‍ നീട്ടി പത്മശ്രീ ഡോ. ജെ. ഹരീന്ദ്രന്‍ നായരും. കാട്ടാക്കട കിള്ളിയിലുള്ള തന്റെ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് അഭയ കേന്ദ്രമായി വിട്ടുനല്‍കാന്‍ സ്വമേധയാ തയാറായിരിക്കുകയാണ് ഡോക്ടര്‍.
പങ്കജകസ്തൂരിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു. നൂറ്റമ്പതോളം കിടക്കകളുള്ള ആശുപത്രി എപ്പോള്‍ വേണമെങ്കിലും നിരീക്ഷണ കേന്ദ്രമായി ഏറ്റെടുത്തു കൊള്ളാന്‍ അദ്ദേഹം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഫ്ളോറിലെ 20 മുറികള്‍ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി തദ്ദേശസ്ഥാപന അധികൃതര്‍ ഹരീന്ദ്രന്‍ നായരെ സമീപിച്ചിരുന്നു. ഒരു ഫ്ളോറല്ല, തന്റെ ആശുപത്രി കെട്ടിടങ്ങളില്‍ മുഴുവന്‍ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ അനുവാദം നല്കി ഡോക്ടര്‍ മാതൃകയാവുകയായിരുന്നു.
ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ പങ്കജകസ്തൂരിയില്‍ നാനാദിക്കുകളില്‍ നിന്ന് നൂറുക്കണക്കിന് രോഗികളാണ് ദിവസേന ചികിത്സ തേടി എത്തിയിരുന്നത്. തടവലിനും കിഴിയ്ക്കുമൊക്കെയായി കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നവരും നിരവധി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ചികിത്സ ലഭിക്കില്ലെന്ന അറിയിപ്പു നല്കി നാടിനൊപ്പം നില്ക്കാന് അമാന്തിച്ചില്ല ഡോക്ടറുടെ ഹൃദയവിശാലത.
മഹാദുരന്തങ്ങള്‍ ഇടിത്തീപോലെ വന്നുവീണപ്പോഴൊക്കെ ഉറവ വറ്റാത്ത കാരുണ്യമായി രാജ്യത്തിനൊപ്പം നിന്നയാളാണ് ഹരീന്ദ്രന്‍ നായര്‍. ഈ മഹാവ്യാധിയെയും ചെറുത്തു തോല്‍പ്പിക്കാന്‍ നാടൊരുങ്ങുമ്പോള്‍ ഒപ്പം നില്‍ക്കുകയാണ് ഡോക്ടറുടെ നന്മമനസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: