ന്യൂദല്‍ഹി : രാജ്യത്തെ ലോക്ഡൗണ്‍ കര്‍ശ്ശനമായും പാലിക്കപ്പെടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കര്‍ശ്ശന താക്കീത് നല്കി കേന്ദ്രസര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പൊതുജനങ്ങള്‍ വീടിന് പുറത്തേയ്ക്കിറങ്ങുന്നതായി നിരന്തര റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി.
ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. സംസ്ഥാനങ്ങള്‍ അവരുടെ അതിര്‍ത്തി അടച്ചിടണം. അവശ്യസാധങ്ങള്‍ മാത്രമേ കടത്തി വിടാന്‍ അനുവദിക്കാവൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും, പോലീസ് മേധാവികളുമായും ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ലോക്ഡൗണില്‍ ആണെങ്കിലും സ്ഥാപന ഉടമകള്‍ എല്ലാ തൊഴിലാളികളും ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ആരും മുടക്കം വരുത്തരുത്. തൊഴിലാളികളുടെ ഭക്ഷണ- താമസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കൂടാതെ തൊഴിലാളികളില്‍ നിന്നും ഉടമസ്ഥര്‍ വീട്ടു വാടക വാങ്ങരുതെന്നും വിദ്യാര്‍ത്ഥികളോടും മറ്റും താമസ സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടരുത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ- ഭക്ഷണ സൗകര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതും സംസ്ഥാനത്തിന്റെ ചുമതലയാണ്. ഇതിനായി എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗപ്പെടുത്താവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: