ന്യൂദല്‍ഹി: ലോകത്ത് കാല്‍ലക്ഷത്തിലേറെ മനുഷ്യരുടെ ജീവനെടുത്ത കോവിഡ് 19 വൈറസിന്റെ മൈക്രോസ്‌കോപ്പിക് ചിത്രം ലോകത്ത് ആദ്യമായി പുറത്തുവിട്ട് ഇന്ത്യ. ഹൈറസല്യൂഷനുള്ള ചിത്രം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പൂനെയിലുള്ള നാഷണല്‍ വൈറോളജി ലാബിലെ വിദഗ്ധരാണ് പുറത്തുവിട്ടത്. ട്രാന്‍സ്മിഷന്‍ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ കൊറോണ ബാധിതനില്‍ നിന്ന് ശേഖരിച്ച സ്രവസാമ്പിളില്‍ നിന്നാണ് വൈറസിനെ വേര്‍തിരിച്ച് അതിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ വൈറസിന് ചൈനയിലെ വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യമുണ്ടെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.
ജനുവരി 30ന് ആദ്യമായി കൊറോണ സ്ഥിരീകരിച്ച വൂഹാനില്‍ മെഡിസിന് പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ തൊണ്ടയിലെ സ്രവസാമ്പിളാണ് എടുത്തിരുന്നത്. ഇതേ വൈറസാണ് ഇന്ത്യയില്‍ പലരിലും എത്തിയത്. സാഴ്‌സ് കോവ് 2 വൈറസാണ് കോവിഡ് 19 രോഗമുണ്ടാക്കുന്നത്. ഒരു വട്ടത്തിന് ചുറ്റും നീളമുള്ള തണ്ടുകളില്‍ പൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്നതുപോലെയാണ് വൈറസിന്റെ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: