കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവേ ശനിയാഴ്ച വൈകിട്ട് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇയാളുടെ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ അബ്ദുല്‍ ഖാദര്‍ അന്നു മുതല്‍ തനിച്ച് ഹോം ക്വാറന്റീനില്‍ ആയിരുന്നു. വീട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. അതേസമയം ഇദ്ദേഹം കൊറോണ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. വിദേശത്തു നിന്നും എത്തിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ് രോഗവും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത അറിഞ്ഞ് അബ്ദുള്‍ ഖാദര്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങ് അടക്കം ഇദ്ദേഹത്തിന് നല്‍കിയിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. എന്നാല്‍ മരണ കാരണം കോവിഡ് ആണോയെന്ന വ്യക്തതയ്ക്കായി സ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ശനിയാഴ്ചയാണ് കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് മാര്‍ച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത വര്‍ദ്ധിപ്പിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: