കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ലോകം. എങ്ങുമെത്താതെ പോകുന്ന പ്രതിരോധ തന്ത്രങ്ങള്‍. ആധുനിക ശാസ്ത്രത്തിലെ ശമന ഔഷധങ്ങള്‍ ഓരോന്നായി പരീക്ഷിക്കപ്പെടുമ്പോള് ഭാരതത്തിന്റെ തനത് ചികിത്സാസമ്പ്രദായമായ ആയുര്‍വേദത്തിനും അതിനൊപ്പം അര്‍ഹമായൊരു സ്ഥാനം നല്‍കാവുന്നതാണ്. അന്വേഷിച്ചിറങ്ങിയാലറിയാം ഔഷധങ്ങളുടെ അമൂല്യശേഖരമാണ് ആയുര്‍വേദം മനുഷ്യകുലത്തിനായി കാരുതിവച്ചിരിക്കുന്നതെന്ന്.
ആയുര്‍വേദ ആചാര്യന്മാരായ ചരക, സുശ്രുത, വാഗ്ഭട, ചക്രപാണി, ശാര്ങധരന്മാരുടെ അഭിപ്രായത്തില്‍ ജ്വരം (പനി) എട്ടുവിധമാണ്. ഇവയില്‍ എട്ടാമത്തെ വകഭേദം ആഗന്തുക ജ്വരം എന്നറിയപ്പെടുന്നു. അടി, ഇടി, തീപ്പൊള്ളല്‍, കാമം, ആഭിചാരം ഇവയാണ് ഈ ജ്വരത്തിന് കാരണമായി പറയുന്നത്. ശത്രുമാരണത്തിനായി ഹോമമന്ത്രപ്രയോഗങ്ങള് നടത്തുക എന്നതാണ് ആഭിചാരത്തിന് ശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്ന അര്‍ഥം. ആഭിചാരത്തെ സൂക്ഷ്മ രൂപത്തിലല്ലാതെ സ്ഥൂലരൂപത്തില്‍ വീക്ഷിച്ചാല്‍ ശത്രുനിര്മാര്ജനത്തിന് പ്രയോഗിക്കുന്ന ആറ്റംബോംബു മുതല്‍ വിഷക്കായ് പ്രയോഗം വരെ ഇതില്‍ പെടുന്നുവെന്ന് മനസ്സിലാക്കാം.
ഇത്തരത്തിലുള്ള ആഗന്തുകജ്വരത്തെ പരിപൂര്‍ണമായും ഭേദമാക്കാന്‍ പ്രാചീനഗ്രന്ഥങ്ങളില്‍ ഗുളിക, കഷായ യോഗങ്ങള്‍ എന്നിവയുണ്ട്. രാവണവിരചിതമായ ‘അര്ക്കപ്രകാശ’ ത്തില്‍ ഈ ജ്വരത്തിന് ചികിത്സാവിധികളുണ്ട്. ‘രസരാജതരംഗിണി’ എന്ന മറ്റൊരു ഗ്രന്ഥത്തില്‍ ‘ശ്രീമഹാമൃത്യുഞ്ജയ രസം’ എന്നൊരു ഗുളികായോഗം കാണാം. അത് രണ്ടെണ്ണം ഇഞ്ചിനീരില് ദിവസം രണ്ടു നേരം എന്ന കണക്കില്‍ രണ്ട് ദിവസം സേവിച്ചാല്‍ ആഗന്തുകജ്വരം പൂര്‍ണമായും മാറും. ഗ്രന്ഥകാരന് അതിന് പരീക്ഷണമായി പറയുന്നത് നാലുനേരം ഈ ഗുളിക കഴിച്ചശേഷം ശരീരത്തെ ഒന്നാകെ തണുപ്പിക്കുന്ന ചന്ദനക്കാതല്‍ അരച്ച് ദേഹമാസകലം ലേപനം ചെയ്യണമെന്നാണ്. പനി പൂര്‍ണമായും ശമിക്കും എന്നതിന് തെളിവായാണ് ഈ പരീക്ഷണം ആവശ്യപ്പെടുന്നത്. മൃത്യുപാകജ്വരം മാറുന്നതിന് ഏറെ പുരാതനമായ ഒരു ഓലക്കെട്ടില്‍ കഷായയോഗം വിവരിക്കുന്നു. (ഈ യോഗങ്ങള്‍ കേരളത്തിലെ പല പ്രാചീന വൈദ്യകുടുംബങ്ങളിലും ഉണ്ടാകാം).
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ഇത്തരം യോഗങ്ങള്‍ കണ്ടെത്തി നൂതന ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പരീക്ഷണങ്ങള്‍ നടത്തി ഇവയെ ആധുനിക ചികിത്സാ സമ്പ്രദായത്തിലേക്ക് രൂപാന്തരപ്പെടുത്തണം. അവയെല്ലാം ഇന്ന് കാണുന്ന പനി തുടങ്ങിയ ജ്വരലക്ഷണങ്ങളുള്ള മഹാമാരികള്‍ക്ക് പ്രതിവിധിയായേക്കും. ലോകനന്മയ്ക്കായി ഗവേഷകര്‍ ഇത് അനുവര്ത്തിക്കേണ്ടിയിരിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തില്‍ പത്മപുരസ്ക്കാരം നേടിയ ലോകപ്രസിദ്ധ ഹൃദ്രോഗവിദഗ്ധനായ ഡോ. എം. എസ്. വല്യത്താന് ഇക്കാര്യത്തില്‍ അനുകരണീയ മാതൃകയാണ്. ഡോ. വല്യത്താന്, ആയുര്‍വേദ ആചാര്യനായിരുന്ന ചാലക്കുടിയിലെ രാഘവന് തിരുമുല്‍പ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തില്‍ നിന്ന് ചരകസംഹിതയും സുശ്രുതസംഹിതയും ഹൃദിസ്ഥമാക്കി അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. Legacy of Charaka (ചരകസംഹിത), Legacy of sushrutha (സുശ്രുതസംഹിത) എന്നീ പേരുകളിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ സംഹിതകളില്‍ വിവരിച്ചിട്ടുള്ള രോഗങ്ങളെക്കുറിച്ചും രോഗനിര്‍ണയ മാര്‍ഗങ്ങളെക്കുറിച്ചും രോഗനിവാരണത്തിനായി നിര്‍ദേശിച്ചിട്ടുള്ള ഔഷധക്കൂട്ടുകളെക്കുറിച്ചും അവയില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷണങ്ങള്‍ നടത്തിയതിനെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ആധുനിക വൈദ്യശാസ്ത്രവിദഗ്ധര്‍ സ്വദേശത്തും വിദേശത്തും ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ കേരളത്തില്‍ പല അവസരങ്ങളിലും ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് അയിത്തം കല്‍പ്പിച്ച് ആധുനിക വൈദ്യശാസ്ത്രജ്ഞരും ഗവേഷകരും ചെയ്യുന്ന പ്രവൃത്തികള്‍ ലോകക്ഷേമത്തിന് നല്ലതല്ല. ഈ കാലഘട്ടത്തില്‍ ആയുര്‍വേദ ഔഷധങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വേണ്ടത്ര ഗവേഷണം നടത്തി മനുഷ്യവംശത്തെ ഉന്മൂലനം ചെയ്യുന്ന മഹാമാരികള്‍ക്ക് പ്രതിവിധി കണ്ടെത്തി മനുഷ്യരാശിയെ രക്ഷിക്കേണ്ടിയിരിക്കുന്നു.
വി.കെ. ഫ്രാന്‍സിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: