പഞ്ചകോശ പായല്‍ നീങ്ങിയാല്‍ തുടര്‍ന്ന് എന്ത് എന്ന് പറയുന്നു.
ശ്ലോകം 150
തച്ഛൈവാലാപനയേ സമ്യക്
സലിലം പ്രതീയതേ ശുദ്ധം
തൃഷ്ണാസന്താപഹരം സദ്യഃ
സൗഖ്യപ്രദം പരം പുംസഃ
ആ പായല്‍ നീക്കിയാല്‍ നല്ല തെളിഞ്ഞ വെള്ളം കാണാം. ആ ശുദ്ധ ജലം ദാഹത്തെയും ചൂടിനേയും തീര്‍ത്ത് അയാള്‍ക്ക് സൗഖ്യത്തെ ഉടന്‍ നല്‍കുന്നു.
പായല്‍ നീക്കി ശുദ്ധജലത്തെ തയ്യാറാക്കാനും അതിനെ അനുഭവിക്കാനും അക്കാര്യത്തില്‍ പ്രയത്‌നം ചെയ്യുന്നവര്‍ക്കേ സാധിക്കൂ. വെള്ളം വേറെ എങ്ങു നിന്നും കൊണ്ടുവരേണ്ട അവിടെത്തന്നെയുണ്ട്. പായല്‍ മറയ്‌ക്കടിയില്‍ ശുദ്ധജലമുണ്ടെന്ന് ആദ്യം അറിയണം. പിന്നെ പായലിനെ നീക്കണം. ദാഹിച്ചുവലയുന്നവന്നെങ്കില്‍ ആ തെളിവെള്ളം കോരിക്കുടിക്കണം.
ചൂടാണെങ്കില്‍ കുളിച്ച് സ്വയം തണുപ്പിക്കാം.
വിഷയാസക്തിയെയാണ് ഇവിടെ തൃഷ്ണ എന്ന് പറഞ്ഞിരിക്കുന്നത്. വിഷയങ്ങള്‍ എത്ര അനുഭവിച്ചാലും പോരാ എന്ന തോന്നലാണിത്. ഈ തൃഷ്ണയെ ശമിപ്പിക്കണമെങ്കില്‍ ആത്മാനുഭൂതി ഉണ്ടാകണം. ദാഹിച്ചുവലഞ്ഞവന് നല്ല കുടിവെള്ളം കിട്ടും പോലെയാണ് ഈ അനുഭവം. ദാഹം തീരാന്‍ വെള്ളം കുടിക്കുക തന്നെ വേണം. സത്യദര്‍ശനമുണ്ടായാല്‍ തൃഷ്ണ നശിക്കും.
പഞ്ചകോശങ്ങളാകുന്ന പായല്‍ നീക്കി അവിടെത്തന്നെയുള്ള ആത്മാനുഭവമാകുന്ന തെളിനീരിനെ പാനം ചെയ്യാനാകണം. പഞ്ചകോശങ്ങളിലുള്ള തന്മയീഭാവം നിത്യ സുഖത്തെ നല്‍കില്ല. ആത്മസാക്ഷാത്കാരത്തിന് മാത്രമേ പരമാനന്ദത്തെ നല്‍കാന്‍ കഴിയൂ. ദാഹിക്കുന്നവന്റെ ജീവജലമാണത്. വെള്ളത്തിലാണ് വളരുന്നതെങ്കിലും പായല്‍ വെള്ളമല്ല. അത് തിന്നാല്‍ ദാഹം തീരുകയുമില്ല. അതുപോലെ ആത്മാവില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കിലും പഞ്ചകോശങ്ങള്‍ ആത്മാവല്ല.
ശ്ലോകം 151
പഞ്ചാനാമപികോശാനാം
അപവാദേവിഭാത്യയം ശുദ്ധഃ
നിത്യാനന്ദൈകരസഃ
പ്രത്യഗ് രൂപഃ പരഃ സ്വയംജ്യോതി
പഞ്ചകോശങ്ങളേയും നീക്കിയാല്‍ ശുദ്ധനും നിത്യാനന്ദവും ഏകരസ സ്വരൂപനും എല്ലാറ്റിലും അന്തര്യാമിയും സ്വയം ജ്യോതിസ്സുമായ പരമാത്മാവ് നന്നായ് വിളങ്ങുന്നതായി കാണാം.
പഞ്ചകോശ നിഷേധം ആത്മദര്‍ശനത്തിന് വഴിവെക്കും.ആത്മാവില്‍ നിന്നുണ്ടായ പഞ്ചകോശങ്ങള്‍ ആത്മാവിനെ മറയ്‌ക്കുന്നതു പോലെ തോന്നുന്നുവെങ്കിലും ആത്മാവിനെ കളങ്കപ്പെടുത്താന്‍ അവയ്‌ക്കാവില്ല. പഞ്ചകോശങ്ങള്‍ ഓരോന്നിനും അവയുടേതായ ഗുണങ്ങളും ധര്‍മ്മങ്ങളും അനുഭവങ്ങളുമുണ്ട്. എന്നാല്‍ ആ അനുഭവങ്ങളൊന്നും ആത്മാവിനെ സ്പര്‍ശിക്കുന്നില്ല.
പഞ്ചകോശങ്ങള്‍ ജഡങ്ങളാണ്. ഇവ പ്രവര്‍ത്തിക്കുന്നത് അവയ്‌ക്ക് ആധാരമായ ചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലാണ്. ജഡത്തെ നീക്കിയാലേ ചൈതന്യത്തിന്റെ തിളക്കം നേരേകാണാന്‍ കഴിയൂ.
അതിനെ ഒന്നിനും മലിനമാക്കാനാകാത്തതിനാല്‍ ശുദ്ധനാണ്. എന്നുമുള്ളതിനാല്‍ നിത്യനാണ്. ത്രികാല അബാധിത വസ്തുവാണ്. മൂന്ന് കാലത്തിലും ഒരുപോലെ മാറ്റമില്ലാതെ നില്‍ക്കുന്നതാണ്.
എന്നും എപ്പോഴും ഒരേപോലെ ആനന്ദത്തെ നല്‍കുന്നതിനാല്‍ നിത്യാനന്ദനുമാണ്. കാലത്താല്‍ ബാധിക്കാത്തതാണ് ആ ആനന്ദം. ഇപ്പോള്‍ നാം അനുഭവിക്കുന്ന ആനന്ദങ്ങള്‍ പലതും കാലത്തിന്റെയും ദേശത്തിന്റേയും പരിമിതിയില്‍ പെട്ടതാണ്. നിശ്ചിതകാലം നിശ്ചിത സ്ഥലത്ത് മാത്രം. നിത്യാനന്ദം മനസ്സിന് അതീതമായ അനുഭൂതിയാണ്. ഏകരസമാണ് അതിന്റെ സ്വരൂപം. അങ്ങനെ അതു മാത്രമേയുള്ള മാറ്റമില്ലാത്തതും ഉപാധികളില്ലാത്ത എന്നുമുള്ളതുമായ ഒരേ ഒരു സത്ത എന്ന് വിശേഷിപ്പിക്കാം.
പ്രത്യഗ് രൂപനെന്നാല്‍ എല്ലാറ്റിന്റേയും ഉള്ളില്‍ ഇരിക്കുന്നവന്‍ എന്നാണ്. സര്‍വ അന്തര്യാമി എന്നത് ആത്മാവിന് മാത്രം അവകാശപ്പെട്ടതാണ്. മറ്റുള്ളവയൊക്കെ പ്രകാശിപ്പിക്കുന്നത്ത് സ്വയം പ്രകാശകനാണ്. സ്വയം ജ്യോതിസ്സായിരിക്കുന്ന ആ ആത്മതത്വമാണ് പഞ്ചകോശങ്ങളുള്‍പ്പെടെ എല്ലാ ജഡവസ്തുക്കളേയും ചൈതന്യവത്താക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: