ഒറ്റപ്പെട്ട കുറെ ഗ്രാമങ്ങളും വരണ്ട വയലുകളും പൊടി പറത്തുന്ന കാളവണ്ടികളും പിന്നിട്ടാണ് നമ്മുടെ യാത്ര. കൃത്യമായി പറഞ്ഞാല്‍ അഹമ്മദ് നഗറില്‍(മഹാരാഷ്ട്ര) നിന്നും 125 കിലോമീറ്റര്‍ ദൂരം. വഴിതെറ്റിയില്ലെങ്കില് കൃത്യമായി നാം എത്തിച്ചേരുക അകോല ബ്ലോക്കിലെ ‘കോംബ്നി’ ഗ്രാമത്തില്‍. അപരിചിതര്‍ ഗ്രാമത്തില്‍ വണ്ടിയിറങ്ങിയാലുടന്‍ നാട്ടുകാര്‍ക്കറിയാം, റാഹിബായിയെ കാണാന്‍ വന്നതാണെന്ന്. നിരനിരയായി കെട്ടിയുയര്‍ത്തിയ മണ്‍കുടിലുകള്‍ക്കും പച്ചപ്പുനിറഞ്ഞ പാടങ്ങള്‍ക്കുമിടയില്‍ നമുക്ക് തീര്‍ച്ചയായും റാഹിബായിയെ കണ്ടുമുട്ടാം. മുഖം നിറഞ്ഞ ചിരിയും മൂക്ക് മൂടുന്ന മൂക്കുത്തിയും നെറ്റിയില്‍ ജ്വലിക്കുന്ന കുങ്കുമപ്പൊട്ടും കണ്ടാല്‍ നാം ഉറപ്പിക്കുക-ഇതുതന്നെയാണ് റാഹിബായി. കൈനിറയെ പച്ച കുപ്പിവളകളുമായി വിയര്‍പ്പില്‍ മുങ്ങിയ ചുവന്ന ചേല വാരിച്ചുറ്റി കൂട്ടുകാര്‍ക്കൊപ്പം പണിയെടുക്കുകയാവും അപ്പോളവര്‍.
നാട്ടുകാരുടെ ദാരിദ്ര്യം അകറ്റിയ മഹാലക്ഷ്മിയാണ് റാഹിബായി. പുറംനാട്ടുകാര്‍ക്ക് അവര്‍ ‘വിത്തമ്മ’യാണ്. വംശനാശം വന്ന പോഷക സമൃദ്ധമായ നാടന്‍ വിത്തുകളെ കണ്ടെത്തി, വംശവര്‍ദ്ധന നടത്തി നാട്ടുകാര്‍ക്ക് തിരികെ നല്കുന്ന വരലക്ഷ്മി. റാഹിബായി സോമ പോപ്പിരി എന്ന ഈ 52 കാരി ഗിരിവര്ഗക്കാരിയാണ്. സ്കൂളില്‍ പോയിട്ടില്ല. കുടുംബം പോറ്റാന്‍ പത്തുവയസ്സു മുതല്‍ പാടത്ത് പണിയെടുക്കാന്‍ തുടങ്ങി. പശുവിനെ മേയ്ച്ചു. പല രാത്രികളിലും പട്ടിണി കിടന്നു. കൗമാരകാലത്തു തന്നെ നിരക്ഷരനായ സോമ പോപ്പിരിയെ കല്യാണം കഴിച്ചു. പക്ഷേ റാഹിബായി അതൊന്നുമായിരുന്നില്ല. നാടന്‍ വിത്തുകളോടുള്ള അടക്കാനാവാത്ത അടുപ്പമായിരുന്നു അവരുടെ പ്രത്യേകത. ആ അടുപ്പം അവര്‍ക്ക് ‘വിത്തുകളുടെ അമ്മ’ എന്ന ഇരട്ടപ്പേര് നേടിക്കൊടുത്തു. അതാവട്ടെ, രാജ്യത്തിന്റെ ഉന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പദ്മശ്രീ’ അവരെ തേടിയെത്താന്‍ കാരണമാവുകയും ചെയ്തു.
കാല്നൂറ്റാണ്ടിനപ്പുറത്താണ് റാഹിബായിക്ക് ജ്ഞാനോദയം സംഭവിച്ചത്. തന്റെ കൊച്ചുമകനെ മാറാരോഗങ്ങള്‍ നിരന്തരമായി കടന്നാക്രമിച്ചുകൊണ്ടിരുന്ന ഒരു ദുരിതകാലത്ത് വിഷം കലര്‍ന്ന സസ്യങ്ങളും ഭക്ഷ്യധാന്യങ്ങളുമായിരുന്നു കൊച്ചുമകന്റെ രോഗത്തിന് കാരണം. രാസവളങ്ങളും രാസകീടനാശിനികളും പാലൂട്ടി വളര്‍ത്തിയ സങ്കര വിത്തുകളാണ് അവനെ ദുരിതത്തിലാക്കിയത്…” അതിനാല്‍ ആയമ്മ ഒരു ഉറച്ച തീരുമാനമെടുത്തു. ഇനി ഈ വീട്ടില്‍ രാസകൃഷിയില്ല. സങ്കരവിത്തുകളുമില്ല. അന്നുമുതല്‍ തുടങ്ങിയതാണ് തനി നാടന്‍ വിത്തുകള്‍ തേടിയുള്ള അവരുടെ യാത്ര.
വിത്തുകള്‍ കണ്ടെത്തണം. കഴിയുന്നത്ര ശേഖരിക്കണം. അവയെ വളര്‍ത്തി പെരുപ്പിച്ച് നാട്ടുകാര്‍ക്കിടയില്‍ വിതരണം ചെയ്യണം. കാല്‍നടയായും കാളവണ്ടിയിലും അവര്‍ ഗ്രാമങ്ങളില്‍ അലഞ്ഞു. കിട്ടിയ നാടന്‍ വിത്തുകളെ കൃഷി ചെയ്ത് പൊലിപ്പിച്ചു. വിളവെടുക്കുമ്പോള്‍ ഇരട്ടിയായി തരണമെന്ന വ്യവസ്ഥയില്‍ സൗജന്യമായി വിത്തുകള്‍ നല്കി. രാസവളങ്ങളും രാസവിഷങ്ങളും ഒരു കാരണവശാലും ഉപയോഗിക്കരുതെന്നായിരുന്നു അവരുടെ ഏക നിര്‍ബന്ധം.
പള്ളിക്കൂടത്തിന്റെ പടിപ്പുരപോലും കാണാത്ത റാഹിബായിക്ക് ഈ കൃഷി യാത്ര നല്‍കിയത് നിരവധി പാഠങ്ങളാണ്. കൃഷിയിലെ ജൈവൈവിധ്യം,കാട്ടുധാന്യങ്ങളുടെ പോഷക വൈവിധ്യം, കൂട്ടുകൃഷി, മണ്ണിര കൃഷി, ജൈവ കൃഷി തുടങ്ങി നിരവധി പാഠങ്ങള്‍. സ്വയം സഹായ സംഘങ്ങളിലൂടെ ജൈവവൈവിധ്യം പ്രചരിപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടി. പോഷക സുരക്ഷിതത്വം നാടന്‍ വിത്തിനങ്ങളുടെ ഉപയോഗത്തിലൂടെ ഉറപ്പാക്കാമെന്ന് അവര്‍ മനസ്സിലാക്കി.
നാട്ടിന്‍പുറത്തുനിന്ന് കണ്ടെത്തിയ വിത്തുകള്‍ പെരുപ്പിക്കുന്നതിനായി റാഹിബായ് ഒരു നഴ്സറിയും തുടങ്ങി. പയറുവര്‍ഗത്തില്‍ തുടങ്ങി നെല്ലും പച്ചക്കറിയും എണ്ണവിത്തുകളും വരെ അവിടെ നിന്ന് പുറത്തേക്കൊഴുകി. അത്തരം വിത്തുകള്‍ അടുക്കള തോട്ടമുണ്ടാക്കി നട്ടു വളര്‍ത്താന്‍ അവര്‍ വീട്ടമ്മമാരെ നിരന്തരം പ്രേരിപ്പിച്ചു. കാല്‍ലക്ഷം അടുക്കളത്തോട്ടങ്ങള്‍ എന്നതായിരുന്നു റാഹിയുടെ ലക്ഷ്യം. അത് പ്രചരിപ്പിക്കാനായിരുന്നു സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചു തുടങ്ങിയത്. അത്തരം അഞ്ച് സംഘങ്ങളുടെ അമരക്കാരിയാണ് റാഹിബായി ഇപ്പോള്‍. കൃഷിക്കു പുറമെ ഗ്രാമ ശുചിത്വവും, വൃത്തിയുള്ള അടുക്കളയും അവര്‍ ഗ്രാമീണര്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു. കാട്ടു ധാന്യങ്ങളുടെയും വിളകളുടെയും പോഷകഗുണങ്ങള്‍ അവരെ പേര്‍ത്തും പേര്‍ത്തും പഠിപ്പിക്കുന്നു. അഹമ്മദ് നഗര്‍ ജില്ലയിലെ 3500 കര്‍ഷകര്‍ക്ക് ഇതിനോടകം സുസ്ഥിര കൃഷിയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. റാഹിബായ്.
നഴ്സറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകള്‍ അങ്കുരണശേഷി നഷ്ടപ്പെടാതെ സൂക്ഷിച്ചു വയ്ക്കേണ്ടതിന്റെ ആവശ്യകത റാഹിബായ് അല്പം വൈകിയാണ് ഓര്‍മിച്ചത്. അതിന് വിത്ത് ബാങ്ക് തുടങ്ങാനായിരുന്നു തീരുമാനം. മനോഹരമായി കെട്ടി ഉയര്‍ത്തിയ മണ്കുടിലില് തദ്ദേശീയമായി നിര്‍മിച്ച മണ്കലങ്ങളില് മാഹിയുടെ വിത്തുകള്‍ ഉറങ്ങി. വിത്ത് കലങ്ങള്‍ അടച്ച് കളിമണ്ണ് തേച്ച് ഭദ്രമായി സൂക്ഷിക്കണം. അവര്‍ മറന്നില്ല.
ഗ്രാമങ്ങളില്‍ ലഭ്യമായ പരിമിതമായ ജലംകൊണ്ട് പരമാവധി ഉല്‍പ്പാദനം ഉണ്ടാക്കുകയെന്നതായിരുന്നു റാഹിബായിയുടെ മറ്റൊരു ലക്ഷ്യം. അതിനവര്‍ കൂട്ടുപിടിച്ചത് തലമുറകള്‍ പഴകിയ കൃഷി തന്ത്രങ്ങളെ. ആ സാങ്കേതിക വിദ്യയില്‍ റാഹിബായ് സ്വന്തം അറിവുകൂടെ കലര്‍ത്തിയപ്പോള്‍ നാട്ടിന്‍പുറത്തെ നെല്ലുത്പാദനം 30 ശതമാനം വര്‍ധിച്ചു. നാടന്‍ വിത്തിന്റെ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്ന് അവര്‍ വിദഗ്ദ്ധന്മാരെ പഠിപ്പിച്ചു. അത് ഗിരിവര്‍ഗ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് തെളിയിച്ചു. നാടന്‍ കൃഷിക്കൊപ്പം കോഴികൃഷി കൂടി നടത്തിയാല്‍ വരുമാനം ഇരട്ടിക്കുമെന്ന് കാണിച്ചുകൊടുത്തു.
ഇന്ന് ഇരുന്നൂറിലേറെ നാടന്‍ വിത്തുകള്‍ റാഹിബായിയുടെ വിത്ത് ബാങ്കിലുണ്ട്. അവ നാട്ടുകാരുടെ കൃഷിയിടങ്ങളിലെല്ലാം തഴച്ചുവളരുന്നുണ്ട്. അത് കഴിച്ച് ജീവിക്കുന്ന ഗ്രാമീണരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം കാണാനുമുണ്ട്. റാഹിയുടെ കൃഷിയിടം സന്ദര്‍ശിച്ച കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. മഷേല്‍ക്കര്‍ ആണ് അവരെ ‘വിത്തുകളുടെ അമ്മ’ എന്ന് ആദ്യം വിളിച്ച് ആദരിച്ചത്. ലോകത്തെ മാറ്റിമറിച്ച 100 സ്ത്രീകളെ ബി.ബി.സി. 2018ല്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ റാഹിബായി ആയിരുന്നു. 2020 ല്‍ പത്മശ്രീ നല്കി രാജ്യം അവരെ ആദരിച്ചു.
സങ്കരവിത്തുമായി കച്ചവടത്തിനെത്തുന്ന വിത്ത് കുത്തകകളുടെ തള്ളിക്കയറ്റത്തില്‍ നിന്ന് മുക്തരായാലേ കൃഷിയും കൃഷിക്കാരും അവരുടെ ആരോഗ്യവും രക്ഷപ്പെടുകയുള്ളൂവെന്നാണ് റാഹി ഹായി പറയുന്നത്. സങ്കരവിത്തുകളുടെ മാസ്മരിക വലയത്തില്‍പ്പെട്ടാല്‍ ഫലം സര്‍വനാശം. നാം നാടന്വിത്തുകളിലേക്ക് മടങ്ങണം. അവയ്ക്ക് രാസവളവും രാസവിഷവും ആവശ്യമില്ല. അവ വരള്‍ച്ചയെ ചെറുക്കും. രോഗങ്ങളെ അകറ്റും. കീടങ്ങളെ തുരത്തും. പോഷകങ്ങളെ സമ്മാനിക്കും. സര്‍വ്വോപരി മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുകയും ചെയ്യും.
ഇതത്രേ റാഹിബായ് നല്കുന്ന സന്ദേശം. ഈ സന്ദേശം തന്നെയാണ് അവരുടെ ജീവിതവും. നെഞ്ചുറപ്പോടെ ജീവിച്ചു കാണിക്കുകയാണ് റാഹിബായ്-ഒരിക്കല്‍ തന്നെ നോക്കി പരിഹസിച്ച് ചിരിച്ച നാട്ടുകാരുടെ മുന്നിലൂടെ തല ഉയര്‍ത്തി. നെഞ്ച് വിരിച്ച്, വിജയത്തിന്റെ പുഞ്ചിരിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: