തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ബീവറേജസ് ഗോഡൗണുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബെവ്കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബെവ്കോ എംഡി പോലീസിനും എക്സൈസിനും കത്ത് നല്‍കിയിട്ടുണ്ട്. സ്ഥിരം മദ്യപാനികള്‍ പലരും കടുത്ത അസ്വസ്ഥത നേരിടുന്ന സാഹചര്യത്തില്‍ മദ്യം മോഷണം പോയേക്കാം എന്ന സാഹചര്യത്തിലാണ് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ അടിയന്തിര സാഹചര്യത്തിലാണ് രാജ്യത്ത് 21 ദിവസം സംപൂര്‍ണ്ണ അടച്ചുപൂട്ടലിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിന് ഒരു ദിവസം മുമ്പ് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബീവറേജസിനെ ഒഴിവാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശ്ശന താക്കീതിനെ തുടര്‍ന്നാണ് ബീവറേജസും അടയ്ക്കാന്‍ സംസ്ഥാനം ഉത്തരവിറക്കിയത്.
അതുകൊണ്ടുതന്നെ പല ബീവറേജസ് ഗോഡൗണുകള്‍ക്ക് പുറത്തായി മദ്യവുമായി വന്ന വാഹനങ്ങള്‍ കാത്തു കിടപ്പുണ്ട്. ഗോഡൗണുകളില്‍ വേണ്ടത്ര സ്ഥലമില്ലാത്തതിനാലാണ് മദ്യം ഇറക്കി വെയ്ക്കാത്തത്. ലോക്ഡൗണ്‍ ദിവസങ്ങളില്‍ മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികളില്‍ പലരും കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗോഡൗണുകളും മദ്യവുമായി വന്ന വണ്ടികളും മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പോലീസിനും എക്സൈസിനും ബെവ്കോ എംഡി നല്കിയ കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ബീവറേജസുകളില്‍ പ്രത്യേകം പോലീസ് നിരീക്ഷണവും പെട്രോളിങ്ങും ഏര്‍പ്പെടുത്തണമെന്നും സ്പര്‍ജന്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ബീവറേജസ് ഗോഡൗണുകളിലേക്ക് കൊണ്ടു വന്നിട്ടും ഇറക്കാന്‍ സാധിക്കാത്ത മദ്യം എത്രയും പെട്ടെന്ന് തിരികെ കൊണ്ടു പോകണമെന്ന് മദ്യ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണക്കാര്‍ തന്നെ ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം ലോക്ഡൗണ്‍ തീരും വരെ കമ്പനികള്‍ സ്വന്തം ഗോഡൗണുകളില്‍ മദ്യം സൂക്ഷിക്കണണെന്നും ബെവ്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: